ബെംഗളൂരു: ചായക്കടയുടെ മറവില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയ കോഴിക്കോട് സ്വദേശി പിടിയില്‍. രാജ്യാന്തര ഫോണ്‍ കോളുകള്‍ ലോക്കല്‍ കോളുകളാക്കി നിശ്ചിത തുകയ്ക്ക് കാള്‍സെന്ററുകള്‍ക്ക് കൈമാറിയ കോഴിക്കോട് സ്വദേശി അഷ്റഫിനെയാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പിടികൂടിയത്. ബെംഗളൂരു ചിക്കബാനവാരയിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.
കോളുകള്‍ മാറ്റുന്നതിന് സ്ഥാപിച്ച ഉപകരണവും പോലീസ് പിടിച്ചെടുത്തു. വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രൊട്ടോക്കോള്‍ (വിഒഐപി) ഉപയോഗിച്ച് അനധികൃതമായി രാജ്യാന്തര കോളുകള്‍ ലോക്കല്‍ കോളുകളായി മാറ്റുന്നത് പഠിച്ച ശേഷമാണ് അഷ്റഫ് സ്വന്തമായി ഇത് ആരംഭിച്ചത്. രാജ്യത്തെ ടെലികോം സേവനദാതാക്കള്‍ വന്‍ തുക ഈടാക്കിയിരുന്ന സേവനമാണ് അഷ്റഫ് അനധികൃതമായി ചെയ്തുവന്നിരുന്നത്. ഇതിലൂടെ ടെലികോം സേവനദാതാക്കള്‍ക്ക് വന്‍ നഷ്ടമാണുണ്ടായിരുന്നത്.
വിദേശ കമ്പനികള്‍ക്കുവേണ്ടി ബെംഗളൂരുവില്‍ നിരവധി കോള്‍ സെന്ററുകള്‍ പ്രവർത്തിക്കുന്നുണ്ട്. ഇവര്‍ക്ക് വരുന്ന ഭൂരിഭാഗം കസ്റ്റമര്‍ കെയര്‍ കോളുകളും വിദേശത്തുനിന്നായിരിക്കും. ഇത്തരം കോളുകള്‍ക്ക് ഒന്നുകില്‍ വിളിക്കുന്നയാളോ അല്ലെങ്കില്‍ കോള്‍ സെന്ററോ തുക അടയ്ക്കണം. ടെലികോം സേവനദാതാക്കള്‍ക്ക് തുക നല്‍കുന്നതിന് പകരം കുറഞ്ഞ നിരക്കില്‍ അഷ്റഫിന്റെ അനധികൃത ടെലിഫോണ്‍ എക്സ്ഞ്ചിലൂടെ വിളിക്കാം. 100ലധികം ഇന്ത്യന്‍ സിം കാര്‍ഡുകളാണ് ഇതിനായി ഉപയോഗിച്ചിരുന്നത്.
കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മാത്രം വിഒഐപി ഉപകരണത്തില്‍ 560ലധികം കോളുകള്‍ രേഖപ്പെടുത്തി. ഒരു മിനിറ്റിന് ആറു രൂപ വെച്ചാണ് അഷ്റഫ് ഈടാക്കിയിരുന്നത്. കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമാണ് ഇതിനായി സിംകാര്‍ഡുകളെടുത്തത്. സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അഷ്റഫ് നല്കിയ മൊഴി.
പകല്‍ ചായക്കട നടത്തിയിരുന്ന അഷ്റഫ് രാത്രിയിലാണ് ഫോണ്‍ കോളുകള്‍ മാറ്റം വരുത്തുന്ന പ്രവൃത്തിയിലേര്‍പ്പെട്ടിരുന്നതെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: