മുന്നണികള്‍ മൂന്നിന്റെയും സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയായി. സ്ഥാനാര്‍ഥി പട്ടിക വന്നതോടെ ഇടതു വലതു മുന്നണികളില്‍ ഉയര്‍ന്നത് കലാപക്കൊടി. മുഷ്ടി ചുരുട്ടാതെയും മൊട്ടയടിക്കാതെയും എന്‍ഡിഎയ്ക്ക് 17 വനിതാ സ്ഥാനാര്‍ഥികള്‍. ബിജെപി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് പുറമേ ബത്തേരിയില്‍ മത്സരിക്കുന്ന സി.കെ.ജാനുവും ചേരുമ്പോള്‍ എന്‍ഡിഎയക്ക് 17 മഹിളകള്‍ മത്സരരംഗത്ത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷയും ബിജെപി സംസ്ഥാന സെക്രട്ടറിമാരും രണ്ട് കൗണ്‍സിലര്‍മാരും സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത ഗുരുവായൂരില്‍ നിന്നാണ് മത്സരിക്കുക. ബിജെപി സംസ്ഥാന സെക്രട്ടറി രാജി പ്രസാദ് കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ മണ്ഡലത്തില്‍ നിന്നും രേണു സുരേഷ് എറണാകുളം ജില്ലയിലെ കുന്നത്തുനാടുനിന്നും അഡ്വ. ടി.പി. സിന്ധുമോള്‍ പെരുമ്പാവൂര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പത്മജ എസ്. മേനോന് എറണാകുളം മണ്ഡലത്തില്‍ മത്സരിക്കും. ബിജെപി സംസ്ഥാന സമിതി അംഗം ആനിയമ്മ രാജേന്ദ്രന് കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ നിന്നും ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. അര്‍ച്ചന വണ്ടിച്ചാല്‍ കണ്ണൂരില്‍ നിന്നും മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് സ്മിതാ ജയമോഹന് പേരാവൂര്‍ നിന്നും മത്സരിക്കും. മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടിയില്‍ നിന്നും ബിജെപി ജില്ലാ സെക്രട്ടറിയായ ഷീബാ ഉണ്ണിക്കൃഷ്ണനും പെരുന്തല്‍മണ്ണയില്‍ സുചിത്ര മട്ടട മത്സരിക്കും.
പൂഞ്ഞാര്‍ തെക്കേക്കര മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ മിനര്‍വ മോഹന്‍ കോട്ടയത്തുനിന്ന് മത്സരിക്കും. സിപിഎമ്മില്‍ നിന്നും ബിജെപിയിലെത്തിയ വനിതയാണ് മിനര്‍വ മോഹന്‍. ജനപ്രതിനിധികളായിരിക്കെ നിയമസഭയിലേക്ക് ജനവിധി തേടുന്ന രണ്ടുവനിതകളും ബിജെപി പട്ടികയിലുണ്ട്. തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് മത്സരിക്കുന്ന യുവമോര്‍ച്ച ജില്ലാ സെക്രട്ടറികൂടിയായ ആശാനാഥ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ പാപ്പനംകോട് വാര്‍ഡിലെ കൗണ്‍സിലറാണ്. കോഴിക്കോട് സൗത്തില്‍ നിന്നും മത്സരിക്കുന്ന നവ്യ ഹരിദാസ് കാരപ്പറമ്പ് ഡിവിഷനിലെ ബിജെപി മെമ്പറാണ്. മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറി കൂടിയാണ് നവ്യ ഹരിദാസ്.
നിയമസഭാതെരഞ്ഞെടുപ്പിലെ 112 പേരുടെ സ്ഥാനാര്‍ത്ഥിപട്ടിക ബിജെപി പ്രഖ്യാപിച്ചപ്പോള്‍ അത് മികവിന്റെ പട്ടികയായി. സമൂഹത്തിലെ പ്രഗത്ഭരും ബിജെപിയിലെ മികച്ച സംഘാടകരും പുതുമുഖങ്ങളും പുതുതലമുറയും ഉള്‍പ്പെടുന്നതായി സ്ഥാനാര്‍ത്ഥി പട്ടിക. മെട്രോമാന് ഇ.ശ്രീധരന് മുതല്‍ 28 വയസുകാരായ വിഷ്ണു പട്ടത്താനവും അരുണ്‍ കൈതപ്രവും വരെയുള്ള പട്ടിക. ബിജെപി സംസ്ഥാന പ്രസിഡന്റു മുതല്‍ സാധാരണ അംഗം വരെ, മുന്‍ കേന്ദ്രമന്ത്രിയും എംപിയും മുന്‍ ഗവര്‍ണറും കൗണ്‍സിലറും വരെ പട്ടികയിലുണ്ട്.
രാജ്യം കണ്ട ഏറ്റവും മികച്ച എഞ്ചിനീയറിംഗ് വിദഗ്ധനായ ഇ. ശ്രീധരന് പാലക്കാടു നിന്നും സൂപ്പര്‍ താരവും എംപിയുമായ സുരേഷ് ഗോപി തൃശൂര്‍ നിന്നും മുന്‍ ഡിജിപി ജേക്കബ് തോമസ് ഇരിങ്ങാലക്കുടയില്‍ നിന്നും മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയില്‍ നിന്നും മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് നേമത്ത് നിന്നും മത്സരിക്കുന്നു. മുന്‍ പിഎസ് സി ചെയര്‍മാനും കാലടി സര്‍വ്വകലാശാല മുന്‍ വിസിയുമായ ഡോ.കെ.എസ്. രാധാകൃഷ്ണന് തൃപ്പൂണിത്തുറ നിന്നും മുന്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ജി.രാമന്നായര് ചങ്ങനാശ്ശേരിയില്‍ നിന്നും മുന്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍ സലാം തിരൂര്‍ നിന്നും നടന് കൃഷ്ണകുമാര്‍ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും നടന് വിവേക് ഗോപന് ചവറയില്‍ നിന്നും പ്രമുഖ വ്യവസായി രാജശേഖരന് നായര്‍ നെയ്യാറ്റിന്‍കരയില്‍ നിന്നും ബിജെപിക്ക് വേണ്ടി ജനവിധി തേടുന്നു എന്നെല്ലാം പ്രത്യേകത ഉള്ളതാണ്.
ബിജെപിയുടെ ജനപ്രിയ നേതാക്കളും മുന്‍നിര നേതാക്കളും മത്സരത്തിനുണ്ട്. ബിജെപി സംസ്ഥാനപ്രസിഡന്റു കെ.സുരേന്ദ്രന് കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ച് പോരാട്ടത്തിന് നേതൃത്വം നല്കുന്നു. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും സംസ്ഥാന നേതാക്കളുമായ പി.കെ. കൃഷ്ണദാസ് (കാട്ടാക്കട), എം.ടി.രമേശ് (കോഴിക്കോട് നോര്‍ത്ത്), സി.കെ. പദ്മനാഭന് (ധര്‍മ്മടം), സി.സദാനന്ദന് മാസ്റ്റര്‍ (കൂത്തുപറമ്പ്), എ.എന്‍. രാധാകൃഷ്ണന് (മണലൂര്‍), പി. സുധീര്‍ (ആറ്റിങ്ങല്‍), ഡോ.ജെ. പ്രമീളാദേവി (പാല), സി. കൃഷ്ണകുമാര്‍ (മലമ്പുഴ), അഡ്വ. ബി. ഗോപാലകൃഷ്ണന് (ഒല്ലൂര്‍), ജെ.ആര്. പത്മകുമാര്‍ (നെടുമങ്ങാട്), സന്ദീപ് വാര്യര്‍ (ഷൊര്‍ണൂര്‍), ഷാജുമോന്‍ വട്ടേക്കാട് (ചേലക്കര), അഡ്വ. നിവേദിത (ഗുരുവായൂര്‍) തുടങ്ങിയവര്‍ പോരാട്ടത്തിനിറങ്ങുന്നുണ്ട്.
നിരവധി യുവജനങ്ങള്‍ ബിജെപി പട്ടികയിലിടം നേടി. പുതുമുഖങ്ങളാണ് ഏറെയും. യുവനിരയില്‍ പ്രായം കുറഞ്ഞവരില്‍ അരുണ്‍ കൈതപ്രം (കല്യാശ്ശേരി), വിഷ്ണു പട്ടത്താനം (ചടയമംഗലം) എന്നിവര്‍ ഉള്‍പ്പെടുന്നു. ഇരുവര്‍ക്കും 28 വയസാണ് പ്രായം. പി. സുധീര്‍ (ആറ്റിങ്ങല്‍), സന്ദീപ് വാര്യര്‍ (ഷൊര്‍ണൂര്‍), പ്രകാശ് ബാബു (ബേപ്പൂര്‍), ശ്യാംരാജ് പി. (തൊടുപുഴ), അനൂപ് ആന്റണി ജോസഫ് (അമ്പലപ്പുഴ), സന്ദീപ് വചസ്പതി (ആലപ്പുഴ), വിവേക് ഗോപന് (ചവറ), ശങ്കു ടി. ദാസ് (തൃത്താല), ഷിബിന്‍ ടി.വി.(തൃക്കരിപ്പൂര്‍), ലിബിന് ഭാസ്കര്‍ (ബാലുശ്ശേരി), ജിതിന് ദേവ് (പത്തനാപുരം), ലിജിന്‍ ലാല്‍ ജി., ടി.പി. സിന്ധുമോള്‍ (പെരുമ്പാവൂര്‍), ആശാനാഥ് (ചിറയിന്‍കീഴ്), നവ്യ ഹരിദാസ് (കോഴിക്കോട് സൗത്ത്), തുടങ്ങി യുവജനതയുടെ നീണ്ട നിരയുണ്ട് സ്ഥാനാര്‍ഥി പട്ടികയില്‍. ചുണയും ചുറുചുറുക്കുമുള്ള സ്ഥാനാര്‍ഥികള്‍ രംഗം കൊഴുപ്പിക്കുമ്പോള്‍ കേരളത്തിന്റെ ശോഭനമായ ഭാവിയാണ് പ്രകടമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: