ന്യൂദല്‍ഹി: ഹനമുരെ-സന്‍ഗ്ല ഗ്രാമവാസികള്‍ക്ക് ആശയവിനിമയത്തിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സാറ്റ്ലൈറ്റ് ഫോണ്‍ കൈമാറി കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ അധികൃതര്‍. സന്‍സ്കറിന്റെ ഉള്‍പ്രദേശമാണ് ഇവിടം. അഞ്ചുമണിക്കൂര്‍ യാത്ര ചെയ്താണ് സന്സ്കര് സബ് ഡിവിഷണല്‍ മജിസ്ട്രേട്ട് സോനം ഡോര്‍ജെയ് ഞായറാഴ്ച വിദൂരപ്രദേശമായ ഇവിടെയെത്തിയത്.
ഗ്രാമവാസിയായ സെവാംഗ് റംഗ്ഡോളിനാണ് സാറ്റ്ലൈറ്റ് ഫോണ്‍ നല്‍കിയത്. അടിയന്തരഘട്ടം പോലുള്ള സാഹചര്യങ്ങളില്‍ ടെലികമ്മ്യൂണിക്കേഷന്‍ വഴി ഗ്രാമത്തെ പുറംലോകവുമായി ബന്ധപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ഫോണ്‍ ഉപയോഗിക്കുന്നതും റീച്ചാര്‍ജ് ചെയ്യുന്നതും എങ്ങനെയെന്ന് റംഗ്ഡോളിന് പറഞ്ഞുകൊടുത്തിട്ടുണ്ട്.
ഫോണ്‍ ലഭിച്ചതിന്റെ സന്തോഷം ഹനമുരെ പ്രദേശവാസികള്‍ പങ്കുവച്ചു. സാറ്റ്ലൈറ്റ് ഫോണ്‍ അനുവദിച്ച നടപടിയില്‍ സര്‍ക്കാരിനോടുള്ള ഹൃദയം നിറഞ്ഞ നന്ദിയും ഇവര്‍ പ്രകടിപ്പിച്ചതായി വക്താവ് കൂട്ടിച്ചേര്‍ത്തു. സ്ഥലത്തുവച്ചുതന്നെ സന്സ്കര് എസ്ഡിഎമ്മിനെ അഭിനന്ദിക്കാനും ഇവര്‍ മറന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: