ഔറംഗസേബിന്റെ ആസ്ഥാന കവികളില്‍ ഹിന്ദിഭാഷാ കവിയായിരുന്നു ഭൂഷണന്. ശിവാജിയുടെ ധവളകീര്‍ത്തിയില്‍ പ്രഭാവിതനായി ഭൂഷണ കവി ഡക്കാനില്‍ വന്നു. ശിവരാജ ഭൂഷണം എന്ന പേരില്‍ ഒരു കാവ്യഗംഗ ഒഴുക്കി. ശിവാജിയുടെ ഗുണഗണങ്ങള്‍ വര്‍ണിച്ചുകൊണ്ടുള്ള ആ കാവ്യത്തില്‍ അനേകം വര്‍ണനകളുണ്ട്. അതിലൊരിടത്ത് ഇപ്രകാരം വര്ണിച്ചിരിക്കയാണ്. ഇന്ദ്രന്റെ ഐരാവതത്തിന് മദദോഷമുണ്ട്, ശേഷനാഗത്തില്‍ വിഷമുണ്ട്, ശുഭ്രനിറമുള്ള ഭഗവാന് ശങ്കരന്റെ കണ്ഠം നീലനിറമാണ്, താമര ചെളിയിലാണ് നില്‍ക്കുന്നത്. ക്ഷീരസാഗരത്തിലും മാലിന്യമുണ്ട്, പൗര്‍ണമി രാവിലും കളങ്കമുണ്ട്. എന്നാല്‍ ഹേ രാജന് താങ്കളുടെ നിഷ്കളങ്കമായ യശസ്സിനു സമമായി നിര്‍ദ്ദേശിക്കാന്‍ എന്തുണ്ട്? എന്നിങ്ങനെ… അതുപോലെ തഞ്ചാവൂരില്‍നിന്നും കേവലം പന്ത്രണ്ട് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ബഹുഭാഷാ വിശാരദനായ ജയരാമകവി ശിവാജിയുടെ കീര്‍ത്തിയില്‍ ആകൃഷ്ടനായി അദ്ദേഹത്തിന്റെ ആസ്ഥാനത്തിലെത്തി. വിവിധ ഭാഷകളില്‍ ശിവചരിത്രം സംബന്ധിച്ച് കാവ്യങ്ങളെഴുതി. മഹാരാജാവിന്റെ യശോഗീതവും പാടി. ആ യുഗപുരുഷന്റെ ശ്രേഷ്ഠതയെക്കുറിച്ച് ഋഷിമുനികളും സാധുസജ്ജനങ്ങളും പാടുന്നുണ്ടായിരുന്നു. ശിവാജിയുടെ ഗുരു വിരക്തയോഗി സമര്‍ത്ഥ രാമദാസ സ്വാമികള്‍ എഴുതിയ കാവ്യങ്ങള്‍ക്കെല്ലാം പ്രേരണാശക്തി ശിവാജിയായിരുന്നു. യശോവാന്‍, കീര്ത്തിമാര്, പുണ്യവാന്, നീതിമാന്, വിവേകവാന്‍ എന്നിങ്ങനെയാണ് ശിവാജിയെ സമര്‍ത്ഥരാമദാസ സ്വാമികള്‍ പ്രകീര്‍ത്തിച്ചത്. സാധാരണ ജനങ്ങളാകട്ടെ അദ്ദേഹത്തെ സാക്ഷാല്‍ ശിവന്റെ അവതാരമായിട്ടാണ് കണ്ടിരുന്നത്.
ഇങ്ങനെയൊക്കെയാണെങ്കിലും ശിവാജിയും മറ്റു സ്വരാജ്യ പ്രമുഖരും എന്തോ ഒരു കുറവ് അനുഭവിക്കുന്നുണ്ടായിരുന്നു. ദില്ലിയിലെയും ബീജാപ്പൂരിലെയും മറ്റു രാജ്യങ്ങളിലേയും ബാദശാഹമാരും, സൈനിക പ്രമുഖന്മാരും ശിവാജിയെ ഒരു സൈനിക മേധാവി (സര്‍ദാര്‍) മാത്രമായാണ് പരിഗണിച്ചിരിക്കുന്നത്. ഒരു വിപ്ലവകാരി, കൊള്ളയടിക്കാരന്‍ ഇങ്ങനെയൊക്കെയാണവര്‍ സംബോധന ചെയ്തിരുന്നത്. നിര്‍മിക്കപ്പെട്ടിരിക്കുന്നത് സ്വരാജ്യമാണെന്ന് പ്രജകള്പോലും കരുതിയിരുന്നില്ല. എന്തെന്നാല്‍ ശിവാജി ഉത്തമപുരുഷനാണെങ്കിലും ഒരു സാധാരണ സൈനിക നായകന് മാത്രമാണ്. രാജാ എന്നാല്‍ ബീജാപ്പൂര്‍, ദില്ലി എന്നിവിടങ്ങളിലെ ഭരണാധികാരികളാണ് എന്നായിരുന്നു ജനങ്ങള്‍ ചിന്തിച്ചിരുന്നത്. അതുകൊണ്ടുതന്നെ സ്വരാജ്യത്തിന്റെ രാജനിഷ്ഠയ്ക്ക് ഒരു ദൃഢമായ ആധാരം ഉണ്ടായിരുന്നില്ല. സ്ഥിരവും പരമ്പരാഗതമായി അനുവര്ത്തിച്ചുപോരുന്നതും ജനങ്ങളാല്‍ അംഗീകരിക്കപ്പെട്ടതുമായ ഒരു രാജ്യവ്യവസ്ഥ ഇവിടെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഇത്തരത്തിലുള്ള രാജ്യപ്രമുഖന്റെ ആജ്ഞയെ രാജാവിന്റെ ആജ്ഞയായി കണക്കാക്കിയിരുന്നില്ല. മറ്റു രാജാക്കന്മാരുമായി സന്ധി ചെയ്യുമ്പോള്‍ സന്ധി പത്രത്തില്‍ സ്വതന്ത്ര രാജാവെന്നപോലെ ശിവാജിക്ക് ഒപ്പുവയ്ക്കാന്‍ അവകാശമുണ്ടായിരുന്നില്ല.
ശിവാജി ജയിച്ച ഭൂപ്രദേശങ്ങളും കീഴടക്കിയ കോട്ടകളും അനധികൃതമായി ബലപ്രയോഗം കൊണ്ട് മറ്റു രാജാക്കന്മാരില്നിന്നും പിടിച്ചെടുത്തതാണ് എന്നര്‍ത്ഥം. എന്നുവച്ചാല്‍ ശിവാജിയുടെ എല്ലാ സമ്പത്തുകളും അനധികൃതമാണ്, അദ്ദേഹത്തിന്റെ സൈന്യവും പരകീയമാണ്. അതുകൊണ്ട് ശിവാജി ചെയ്ത എല്ലാ സ്വാതന്ത്ര്യ യുദ്ധങ്ങളും രാജ്യദ്രോഹമെന്ന പേരില്‍ അടയാളപ്പെടുത്തിയിരുന്നു.
അക്കാലത്തെ വ്യവസ്ഥയനുസരിച്ച് ജനങ്ങള്‍ ശിവാജിയെ മഹാരാജ്! രാജന് എന്നെല്ലാം സംബോധന ചെയ്യുന്നുണ്ടായിരുന്നു, അത് സാധാരണയായിരുന്നു. മറ്റു മറാഠാ വീരന്മാരെയും അങ്ങനെ തന്നെയാണ് വിളിച്ചിരുന്നത്. അതുകൊണ്ട് ജനങ്ങളുടെ ദൃഷ്ടിയില് മുഗളന്മാരുടെ ദാസന്മാരായ മറാഠാ സര്‍ദാര്‍മാരുടെയും ശിവാജിയുടെയും സ്ഥാനം സമാനമായിരുന്നു. രാജാ എന്ന ബിരുദം നല്കാന് അധികാരം ദില്ലിയിലെയും ബീജാപ്പൂരിലെയും ബാദശാഹമാരുടെ അധീനതയിലായിരുന്നു. അവരുടെ കൃപകൊണ്ട് മാത്രം ലഭിക്കുന്നതായിരുന്നു ആ പദവി. ജനങ്ങളുടെ ഇടയില്‍ സാമാജികമൊ ധാര്‍മികമൊ ആയ വിവാദങ്ങള്‍ ഉണ്ടായാല്‍ ആധികാരികമായി തീരുമാനമെടുക്കാനുള്ള പദവിയൊ, പ്രതിഷ്ഠയോ ശിവാജിക്കുണ്ടായിരുന്നില്ല. വര്‍ണാശ്രമ വ്യവസ്ഥയില്‍ വിവാദങ്ങളുണ്ടായാല്‍ തീരുമാനമെടുക്കാനുള്ള അധികൃത ധര്‍മമുദ്ര അദ്ദേഹത്തിനുണ്ടായിരുന്നില്ല. മുഴുവന്‍ ഹിന്ദുസ്ഥാനത്തിന്റെയും സ്ഥിതി ഇതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: