സിപിഎമ്മിന്റെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും കുപ്രചാരണത്തിലും പൊള്ളയായ അവകാശവാദങ്ങളിലും ബാലിശമായ വെല്ലുവിളികളിലും വീണുപോകാത്തവര്‍ വിശ്വസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തതുപോലെയാണ് സ്ഥിതിഗതികള്‍ മാറുന്നത്. സംസ്ഥാനത്തെ ഭരണ സംവിധാനം ഒന്നടങ്കം പ്രതിക്കൂട്ടിലായിരിക്കുന്ന സ്വര്‍ണ കള്ളക്കടത്ത്, ഡോളര്‍ കടത്ത്, ലൈഫ്മിഷന് അഴിമതി എന്നിവയുമായി ബന്ധപ്പെട്ട കേസുകളില്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് കേന്ദ്രീകരിക്കുകയാണ്. ഈ മൂന്നു അഴിമതികളിലെയും മുഖ്യ കണ്ണിയെന്ന് കരുതപ്പെടുന്ന സ്വപ്ന സുരേഷ് സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ സ്വമേധയാ നല്‍കിയിരിക്കുന്ന രഹസ്യമൊഴി മുഖ്യമന്ത്രിയെ രക്ഷപ്പെടാനാവാത്ത കുരുക്കിലകപ്പെടുത്തിയിരിക്കുന്നു. യുഎഇ കോണ്‍സല്‍ ജനറലുമായി രഹസ്യബന്ധം പുലര്‍ത്തിയിരുന്ന പിണറായിക്ക് ഡോളര്‍ കടത്തുമായി ബന്ധമുണ്ടെന്ന സ്വപ്നയുടെ മൊഴി ഇതുവരെ തലയ്ക്കു മുകളില്‍ തൂങ്ങിയാടിയിരുന്ന ഡമോക്ലസിന്റെ വാള് പൊട്ടിവീണതിന് തുല്യമാണ്. സ്വപ്നയുടെ മൊഴിയിലെ പേരുകള്‍ കണ്ട് ഞെട്ടിയെന്നും, അവര്‍ പറയുന്നത് അവിശ്വസിക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഈ നിരീക്ഷണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനുവേണ്ടി ജയില്‍ ഡിജിപി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കസ്റ്റംസ് രഹസ്യമൊഴിയുടെ വിവരങ്ങള്‍ ബോധിപ്പിച്ചത്.
സ്വപ്നയുടെ രഹസ്യമൊഴിയില്‍ പറയുന്ന ഉന്നതന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു. സ്പീക്കറെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് വന്നതോടെ ജനങ്ങള്‍ ഇത് ഉറപ്പിക്കുകയും ചെയ്തു. ഇങ്ങനെയൊരു സാഹചര്യം ഒത്തുവന്നതില്‍ ചങ്കിടിപ്പോടെയാണെങ്കിലും ആശ്വസിച്ചു കഴിയുകയായിരുന്നു മുഖ്യമന്ത്രി. സ്വപ്ന വെളിപ്പെടുത്തിയിട്ടുള്ള ഉന്നതരില്‍ പ്രമുഖന് താനാണെന്ന വിവരം ഒരിക്കലും പുറത്തുവരരുതെന്ന് കരുതി കരുക്കള്‍ നീക്കുകയും ചെയ്തു. ഈ നീക്കമാണ് കസ്റ്റംസിന്റെ സത്യവാങ്മൂലത്തിലൂടെ പൊളിഞ്ഞത്. ഇതോടെ സമനില തെറ്റിയ മുഖ്യമന്ത്രിയുടെ തനിസ്വഭാവം പുറത്തുവരികയും ചെയ്തു. കസ്റ്റംസ് കക്ഷിയല്ലാത്ത ഒരു കേസില്‍ കമ്മീഷണര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് കള്ളപ്രചാരണം നടത്തി. ഇതു കേരളമാണെന്നും കേന്ദ്ര ഏജന്‍സികളുടെ വേലത്തരങ്ങളൊന്നും ഇവിടെ നടക്കില്ലെന്നും ഭീഷണി മുഴക്കിയ മുഖ്യമന്ത്രി പിടിയിലാവാന്‍ പോകുന്ന ഒരു കുറ്റവാളിയുടെ പരിഭ്രാന്തിയാണ് പ്രകടിപ്പിച്ചത്. കേന്ദ്ര ഏജന്‍സികളല്ല, കേരളത്തെ നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുന്നത് ഈ മുഖ്യമന്ത്രി തന്നെയാണ്. ഒരിക്കലും അനുവദിക്കാനാവാത്തതാണ് ഈ ഭരണാധികാരിയുടെ വേലത്തരങ്ങള്‍. ഇരട്ടച്ചങ്കല്ല, തൊലിക്കട്ടിയാണ് പിണറായിയുടെ അതിജീവന രഹസ്യമെന്ന് ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ തെളിഞ്ഞുവരികയാണ്.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഇപ്പോഴത്തെ രീതിയില്‍ മുന്നോട്ടുപോയാല്‍ സ്വപ്ന സുരേഷിനെയും എം.ശിവശങ്കറിനെയും പോലെ താനും ജയിലിലാകുമെന്ന് മുഖ്യമന്ത്രി പിണറായിക്ക് ഉറപ്പാണ്. ഇത് ഏതുവിധേനയും തടയാനുള്ള തീവ്രശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ കസ്റ്റംസിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും പരാതി കമ്മീഷന് കയ്യോടെ തള്ളിക്കളഞ്ഞു. കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിനും, ഇ.ഡി. ഉദ്യോഗസ്ഥന് രാധാകൃഷ്ണപിള്ളയ്ക്കും എതിരെയുള്ള സര്‍ക്കാരിന്റെ അതിരുവിട്ട നടപടികള്‍ തികഞ്ഞ അധികാര ദുരുപയോഗമാണ്. അന്വേഷണത്തെ ചെറുക്കാനും വെച്ചുതാമസിപ്പിക്കാനുമാണിത്. മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ച് പറയിപ്പിച്ചതാണെന്ന രണ്ട് പോലീസുകാരികളുടെ മൊഴി ആഭ്യന്തര വകുപ്പിന്റെ ഗുഢാലോചനയാണ്. എന്തു ചെയ്തും തനിക്ക് സംരക്ഷണ കവചമൊരുക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി സ്വാതന്ത്ര്യം നല്കിയിരിക്കുന്നു. ഇങ്ങനെയൊരു ഭരണാധികാരിയെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കുന്നത് നിയമവാഴ്ചയെ തകര്‍ക്കും. മുഖ്യമന്ത്രിയുടെ ഭീഷണിയെ അവജ്ഞയോടെ തള്ളിക്കളയണം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കുകയും, അന്വേഷണം ഊര്‍ജിതപ്പെടുത്തുകയും വേണം. ഒരു ഇരട്ടച്ചങ്കന് മുന്നിലും നിയമം വഴിമാറരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: