ദല്‍ഹി: മലയാളി താരം ദേവദത്ത് പടിക്കലിന് മുന്നില്‍ കേരളം വീണ്ടും തോറ്റു. വിജയ്ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ദേവ്ദത്ത് പടിക്കലിന്റെയും ക്യാപ്റ്റന്‍ രവിശങ്കറിന്റെയും സെഞ്ചുറികളുടെ മികവില്‍ കര്‍ണാടക 80 റണ്‍സിന് കേരളത്തെ പരാജയപ്പെടുത്തി സെമിയില്‍ കടന്നു.
പടിക്കല്‍ 119 പന്തില്‍ പത്ത് ഫോറും രണ്ട് സിക്സറും അടക്കം 101 റണ്‍സ് നേടി. ഈ ടൂര്‍ണമെന്റില്‍ ഈ ഓപ്പണറുടെ നാലാം സെഞ്ചുറിയാണിത്. തകര്‍ത്തടിച്ച രവിശങ്കര്‍ 158 പന്തില്‍ 22 ഫോറും മൂന്ന് സിക്സറും സഹിതം 192 റണ്‍സ് കുറിച്ചു. ഇവരുടെ മികവില്‍ കര്‍ണാടക അമ്പത് ഓവറില്‍ മൂന്ന് വിക്കറ്റിന് 338 റണ്‍സ് എടുത്തു.
339 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളം 43.4 ഓവറില്‍ 258 റണ്‍സിന് ഓള് ഔട്ടായി. കേരളത്തനായി ഗോവിന്ദും മുഹമ്മദ് അസറുദ്ദീനും അര്‍ധ സെഞ്ചുറി നേടി. ഗോവിന്ദ് 96 പന്തില്‍ 92 റണ്‍സ് നേടി. ആറു ഫോറും മൂന്ന് സിക്സറും അടിച്ചു.
മുഹമ്മദ് അസറുദ്ദീന് 34 പന്തില്‍ 52 റണ്‍സ് അടിച്ചെടുത്തു. അഞ്ചു ഫോറും രണ്ട് സിക്സറും പൊക്കി. ക്യാപറ്റന് സച്ചിന് ബേബി 27 റണ്‍സും ഓപ്പണര്‍ വിഷ്ണു വിനോദ് 28 റണ്‍സും നേടി. ജലജ് സക്സേന 24 റണ്‍സ് എടുത്തു.
ബാറ്റിങ്ങിനയക്കപ്പെട്ട കര്‍ണാടകയ്ക്കായി രവികുമാറും ദേവ്ദത്ത് പടിക്കലും ആദ്യ വിക്കറ്റില്‍ 249 റണ്‍സ് അടിച്ചെടുത്തു. പടിക്കലിനെ ക്ലീന്‍ ബൗള്‍ ചെയ്ത് ബാസിലാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. ഇരട്ട സെഞ്ചുറിയിലേക്ക് കുതിച്ച രവികുമാറിനെയും ബാസിലാണ് പുറത്താക്കിയത്. വിഷ്്ണു വിനോദ് ക്യാച്ചെടുത്തു. തുടര്‍ന്നെത്തിയ കൃഷ്്ണ മൂര്‍ത്തിയ ബാസില്‍ പൂജ്യത്തിന് മടക്കി. എട്ട് ഓവറില്‍ 57 റണ്‍സ് വഴങ്ങിയാണ് ബാസില്‍ മൂന്ന് വിക്കറ്റെടുത്തത്. അതേസമയം എസ്. ശ്രീശാന്ത് പത്ത് ഓവില് 73 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് ലഭിച്ചില്ല.
നേരത്തെ എലൈറ്റ് ഗ്രൂപ്പ് സി മത്സരത്തിലും ദേവ്ദത്ത് പടിക്കലിന്റെ സെഞ്ചുറിയുടെ മികവില്‍ കര്‍ണാടക കേരളത്തെ തോല്‍പ്പിച്ചിരുന്നു. പടിക്കല്‍ അന്ന് 126 റണ്‍സുമായി പുറത്താകാതെ നിന്നു. ലീഗ് മത്സരങ്ങളില്‍ ഒഡീഷക്കെതിരെയും (152), റെയില്‍വേസിനെതിരെയും (നോട്ടൗട്ട് 145) പടിക്കല്‍ സെഞ്ചുറി നേടിയിരുന്നു.
സ്കോര്‍: കര്‍ണാടക: 50 ഓവറില്‍ മൂന്ന് വിക്കറ്റിന് 338 ( രവികുമാര്‍ 192, പടിക്കല്‍ 101, മനീഷ് പാണ്ഡെ നോട്ടൗട്ട് 34. ബാസില്‍ 57-3) കേരളം: 43.4 ഓവറില്‍ 258 ( ഗോവിന്ദ് 92, മുഹമ്മദ് അസറുദ്ദീന് 52, രോണിത് മോറെ 36-5).
പ്രതികരിക്കാൻ ഇവിടെ എഴുതുക: