ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ ഫലം മറ്റ് സംസ്ഥാനങ്ങളിലെ ബിജെപി-എന്‍ഡിഎ വിജയങ്ങളില്‍നിന്ന് വ്യത്യസ്തമായി പഠിച്ചാല്‍ ഒരു വസ്തുത വ്യക്തമാകും. ബിജെപിക്ക് കിട്ടിയ 100 വോട്ടുകളില്‍ 57 വോട്ട് സ്ത്രീകളുടേതായിരുന്നു. വീണ്ടും അധികാരത്തില്‍ വന്ന മോദി ഭരണത്തിന്റെ അടിത്തറ എന്താണെന്ന് ചോദിച്ചാല്‍ ഉത്തരം ഈ തെരഞ്ഞെടുപ്പ് ഫലമാണ്. അതായത് മോദി സര്‍ക്കാരിന്, കേന്ദ്രഭരണത്തിന്, ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണത്തിന് സ്ത്രീകളുടെ പിന്തുണ ഏറെയാണെന്നര്ഥം.
സ്ത്രീകള്‍ അധ്യക്ഷയായ ദേശീയ-പ്രാദേശിക പാര്‍ട്ടികളുണ്ട്. അവര്‍ ഭരണത്തിലും വന്നിട്ടുണ്ട്. സോണിയ ഗാന്ധിയാണ് കോണ്‍ഗ്രസ് നേതാവ്. മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസിന്റേത്. ബിഎസ്പിക്ക് മായാവതി, പിഡിപിക്ക് മെഹബൂബ മുഫ്തി. ചെറുതും വലുതുമായ പാര്‍ട്ടികള്‍ ഒട്ടേറെ. ഇവര്‍ക്കൊക്കെ ഭരണതലപ്പത്തെത്താനും ഭരണം നിയന്ത്രിക്കാനും അവസരം കിട്ടി. പത്തുവര്‍ഷം യുപിഎ സര്‍ക്കാര്‍ ഭരിക്കുമ്പോ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ആയിരുന്നെങ്കിലും ഭരണനിയന്ത്രണം സോണിയക്കായിരുന്നു. മമത ബംഗാളില്‍ ഭരണത്തില്‍ തുടരാന്‍ പോരടിക്കുന്നുണ്ട്. യുപിയില്‍ ഒന്നിലേറെത്തവണ മായാവതി മുഖ്യമന്ത്രിയായി. പക്ഷേ അവര്‍ക്കാര്‍ക്കും കിട്ടാത്ത പിന്തുണ സ്ത്രീകളില്‍നിന്ന് എങ്ങനെ മോദിക്കു കിട്ടുന്നു. അതാണ് നിര്‍ണായക ചോദ്യം.
കരുത്താര്‍ജിച്ച വനിതാ ബ്രിഗേഡ്
കരസേനയിലും നാവികസേനയിലും വ്യോമസേനയിലും വനിതകള്‍ക്ക് സ്ഥിരം ജോലി എല്ലാ മേഖലയിലും നടപ്പിലാക്കിയത് മോദി സര്‍ക്കാരാണ്. റിപ്പബ്ലിക് ദിന പരേഡില്‍ വനിത നയിച്ച സേനാ ബ്രിഗേഡ് ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യന്‍ സ്ത്രീകളുടെ കരുത്തും തന്റേടവും കഴിവും പ്രകടിപ്പിക്കുന്നതായപ്പോള് ഉയര്‍ന്നത് ഇന്ത്യന്‍ സ്ത്രീകളുടെ അഭിമാനമാണ്. ആറായിരം ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുറന്ന് മാസം അഞ്ചു കോടി വീതം സാനിറ്ററി പാഡുകള്‍ ഒരു രൂപ നിരക്കില്‍ ഗ്രാമീണ സ്ത്രീകള്‍ക്ക് ലഭ്യമാക്കിയ കാഴ്ചപ്പാട് ഒരു രാജ്യത്തും ഒരു പ്രധാനമന്ത്രിയുടെയും ചിന്തയിലും പദ്ധതിയിലും രൂപപ്പെട്ടിട്ടില്ലാത്തതാണ്. മെഡിക്കല്‍ ടെര്‍മിനേഷന്‍ പ്രെഗ്നന്‍സി ആക്ട് 1971, ഭേദഗതി ചെയ്തത് ഗര്‍ഭിണികളാകാനുള്ള സ്ത്രീകളുടെ അവകാശവും സ്വശരീരത്തിന് ലഭിച്ച മാന്യതയും ജീവിതദൗത്യത്തിന്റെ അംഗീകാരവുമായി.
എന്‍സിസി മുതല്‍ അതിര്‍ത്തിരക്ഷാ സേന, തീരസംരക്ഷണസേന തുടങ്ങിയവയിലും സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കിയതടക്കം നടപടികള്‍ മോദി സര്‍ക്കാരിനോടും മോദിയോടുമുള്ള വിദ്യാസമ്പന്ന സ്ത്രീവിഭാഗത്തിന്റെ ആഭിമുഖ്യം വര്‍ധിപ്പിച്ചു. വിവാഹപ്രായം 18-ല്‍നിന്ന് 21 ലേക്ക് ഉയര്‍ത്തി പെണ്‍കുട്ടികളുടെ സംരക്ഷണത്തിന് അവതരിപ്പിച്ച പദ്ധതിയും തീരുമാനവും പെണ്‍കുട്ടികളില്‍ മോദി ഭരണത്തോടുണ്ടാക്കിയ മനോഭാവമാറ്റം ചെറുതല്ല.
മോദി സര്‍ക്കാര്‍ തുടങ്ങിയ മഹിളാ-ഇ-ഹാത് എന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പ്ലാറ്റ്ഫോം 2016 മുതല്‍ ബിസിനസ് രംഗത്തും കാര്‍ഷിക മേഖലയിലും ഉള്ള വനിതാ സംരംഭകര്‍ക്ക് എത്ര സഹായകമാകുന്നുവെന്ന് ഐടി-ടെക്നോളജി വിനിയോഗിക്കുന്ന വനിതകളുടെ സ്വയം സംരംഭ ഗ്രൂപ്പുകള്‍ പറയും. അവര്‍ മോദിക്കു നല്കുന്ന പിന്തുണ ചെറുതല്ല.
ഗ്രാമീണ വനിതകളുടെ മുന്നേറ്റം
ഗ്രാമീണ വനിതകള്‍ക്ക് ശക്തി പകരാന്‍ തൊഴില്‍ പരിശീലനകേന്ദ്രം, പഠനകേന്ദ്രങ്ങള്‍, ആരോഗ്യ ബോധവല്‍ക്കരണം, പരിചരണം എന്നിവയ്ക്കായി 2017 ല്‍ സമാരംഭിച്ച മഹിളാശക്തി കേന്ദ്രങ്ങള്‍ ഗ്രാമീണ മേഖലയില്‍ ഉണ്ടാക്കിയ മാറ്റം ചെറുതല്ല. ഇന്ത്യയുടെ 117 പിന്നാക്ക ജില്ലകളില്‍ ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വനിതകള്‍ക്ക് ആരംഭിച്ച വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലുകള്‍ സ്ത്രീകള്‍ക്ക് സുരക്ഷിത വാസസ്ഥലവും ആശ്വാസ സൗകര്യങ്ങളും ലഭ്യമാക്കുന്നതില്‍ വലിയ സേവനമാണ് നഗരങ്ങളിലും മറ്റും നല്‍കുന്നത്.
വീട്ടമ്മമാര്‍ക്ക് വീട്ടില്‍ ഒരു തൊഴില്‍ പദ്ധതി ലക്ഷ്യമിട്ട് സപ്പോര്‍ട്ട് ടു ട്രെയിനിങ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രോഗ്രാം (സ്റ്റെപ്) എന്ന പേരിലുള്ള പരിശീലന പദ്ധതി വിനിയോഗിക്കുന്ന വനിതകള്‍ ഏറെയാണ്. കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, ഫുഡ് പ്രോസസിങ്, ഹാന്‍ഡ്ലൂം, ടെയ്ലറിങ് തുടങ്ങി വിവിധ മേഖലകളില്‍ നല്കുന്ന പരിശീലനമാണിവിടെ.
ഈ നേട്ടങ്ങള്‍ വോട്ടായി മാറി, മാറുന്നു, മാറും എന്നത് ഒരു ഭാഗം. അതിനപ്പുറം രാജ്യത്തിന്റെ നേട്ടമായിത്തീരുന്നുവെന്നതാണ് പ്രധാനം. അവിടെ കക്ഷിരാഷ്ട്രീയത്തിന്റെ തൊട്ടുകൂടായ്മ മാറിനില്ക്കുന്നു. മോദി എന്ന ഭരണത്തലവന്റെ കാഴ്ചപ്പാടിന് ലോകസ്വീകാര്യത കിട്ടുന്നു. ആ നേതാവിന്റെ ചിന്ത നടപ്പാക്കുന്ന സര്‍ക്കാരിന് പിന്തുണ ലഭിക്കുന്നു. അതിനെ പിന്തുണയ്ക്കുന്നു. പാര്‍ട്ടിക്ക് സ്വീകാര്യത കിട്ടുന്നു. എത്ര മൂടിവച്ചാലും തസമ്കരിച്ചാലും ഏതെല്ലാം രാഷ്ട്രീയ കുതന്ത്രത്തില്‍ എതിര്‍ത്താലും തിരിച്ചറിയാനും
അംഗീകരിക്കാനും അനുമോദിക്കാനും, ഓര്മ്മിച്ചിരിക്കാനും കഴിയുന്ന വൈകാരിക മനസാണ് ഇന്ത്യന്‍ സ്ത്രീകള്‍ക്ക്. അതുകൊണ്ടുതന്നെ അവര്‍ രാജ്യതാല്പര്യത്തിനുള്ള ക്ഷേമപ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുകതന്നെ ചെയ്യും. അതാണ് കാണുന്നത്, കാണാന്‍ പോകുന്നത്.
ഭരണത്തില്‍ കയറിയ ആദ്യ മാസങ്ങളില്‍ത്തന്നെ മോദിസര്‍ക്കാര്‍ ഒരു സ്ത്രീസംരക്ഷണ-ക്ഷേമ-വികസന അജണ്ട പ്രഖ്യാപിച്ചു, നടപ്പാക്കി. സര്‍ക്കാരിന്റെ ഓരോ പദ്ധതിയിലും ഈ ‘അര്‍ധനാരീശ്വര’ സങ്കല്‍പ്പം ഉണ്ടായിരുന്നു. ഏതു കാര്യപരിപാടിയും സ്ത്രീയ്ക്കും കൂടിയായിരുന്നു. കുടുംബത്തെ ആധാരമാക്കിയാണ് ക്ഷേമപദ്ധതികള്‍ ആവിഷ്കരിച്ചത്. അതില്‍ കുടുംബനാഥയ്ക്കായി മുഖ്യസ്ഥാനം. അതുതന്നെ ഒരു വലിയ തുടക്കമായിരുന്നു. അവിടെ തുടങ്ങിയ ഒട്ടേറെ പദ്ധതികളില്‍ സ്ത്രീയെ മുന്നിരയിലെത്തിച്ചതിന്റെ ഉദാഹരണങ്ങളില്‍ ചിലത്.
മുദ്രായോജന: പ്രധാനമന്ത്രി മുദ്രാ യോജന (പിഎംഎംവൈ) ഗ്രാമവാസികള്‍ക്ക് മുന്‍തൂക്കം നല്കി ബാങ്ക് വായ്പകള്‍ കുറഞ്ഞ പലിശ നിരക്കില്‍ നല്കി സ്ഥാപനങ്ങള്‍ നടത്താനും ബിസിനസ് ആരംഭിക്കാനുമുള്ള പദ്ധതിയാണ്. ഇതുവരെ അനുവദിച്ച മുദ്രാ ലോണ്‍ 25 കോടിയിലേറെപ്പേര്‍ക്ക് ഗുണകരമായി. 11 ലക്ഷം കോടി രൂപയാണ് വായ്പ നല്‍കിയത്. അതില്‍ 70 ശതമാനം സ്ത്രീകള്‍ക്കാണ് വായ്പ ലഭിച്ചത്.
ഉജ്വല: വീട്ടമ്മമാര്‍ക്ക് അടുക്കളയില്‍ നല്കിയ സേവനമാണ് ഉജ്വല പാചകവാതക വിതരണ പദ്ധതി. ഗ്യാസിന് വില കൂടിയെന്ന് മുറവിളിക്കുന്നവര്‍ കാണാതെ പോകുന്ന വന്‍ ക്ഷേമപരിപാടി. വിറകടുപ്പില്‍നിന്ന് മോചനം നേടി പാചകത്തിന് കുക്കിങ് ഗ്യാസ് ഉപയോഗിക്കാന്‍, അതിന് വഴിയില്ലാത്തവര്‍ക്ക് സൗജന്യമായി ഗ്യാസ് നല്‍കിയത് വലിയ വിപ്ലവമായി.
ജന്‍ധന്‍: സ്വന്തമായി ബാങ്ക് അക്കൗണ്ട് ഓരോരുത്തര്‍ക്കും ലക്ഷ്യമിട്ട് നടപ്പാക്കിയ ജന്‍ധന്‍ അക്കൗണ്ട് ഇതിനകം 40 കോടിപ്പേര്‍ ആരംഭിച്ചു. അതില്‍ 50 ശതമാനം സ്ത്രീകളാണെന്നത് ചെറിയ കാര്യമല്ല. സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ മറ്റാരും കൈവശപ്പെടുത്താതെ സ്വന്തം കൈയില്‍ കിട്ടുന്ന സ്ത്രീ മോദിക്ക് നന്ദി പറയുക മാത്രമല്ല, പിന്തുണയും നല്കാതിരിക്കില്ലല്ലോ.
സ്വച്ഛ് ഭാരത്: സ്വച്ഛ് ഭാരത് പദ്ധതി രാജ്യത്തെ ശുചീകരണ പ്രവര്‍ത്തനമാണെങ്കിലും അത് സ്ത്രീകള്‍ക്ക് നല്കിയ പിന്തുണയും സൗകര്യവും എത്രയാണെന്ന് പറഞ്ഞറിയിക്കാനാവില്ല. രാജ്യമെമ്പാടും വീടുകളിലും പൊതുസ്ഥാപനങ്ങളിലും ലഭ്യമായ ശുചിമുറി സൗകര്യങ്ങള്‍ക്ക് സ്ത്രീകള്‍ മോദിയോട് നന്ദി പറയും, അവര്‍ മോദിയുടെ സംരംഭങ്ങളെ പിന്തുണയ്ക്കും. 11 കോടി ശുചിമുറികളാണ് രാജ്യത്ത് ഗ്രാമപ്രദേശങ്ങളില്‍ മാത്രം സ്വച്ഛ് ഭാരത് അഭിയാന് വഴി നിര്‍മിച്ചത്.
മുത്തലാഖ്: ഏറ്റവും വലിയ നേട്ടം വനിതകള്‍ക്ക് ലഭിച്ചത് ഇതുതന്നെയാണ്. വെറും ‘ഉപഭോഗവസ്തു’ എന്ന നിലയില്‍നിന്ന് വനിതകള്‍ക്ക്, അതൊരു സമുദായത്തില്‍ മാത്രമുള്ള പ്രകൃതമായിരുന്നെങ്കില്ക്കൂടിയും, ലഭിച്ച ശാശ്വത മോചനമാണ് മുത്തലാഖിനെതിരെ വന്ന നിയമം. ആശ്വാസങ്ങളും നിശ്വാസവും അടുക്കളയില്‍ പാചകവാതക സിലിണ്ടറായി എത്തിയപ്പോള്‍ ഇരുട്ടുനിറഞ്ഞ അകത്തളങ്ങളില്‍ മുത്തലാഖ് നിയമവിരുദ്ധമാക്കിയ നടപടി എത്തിയപ്പോള്‍ മോദി ഇന്ത്യന്‍ സ്ത്രീഹൃദയങ്ങളില്‍ സ്ഥിരസ്ഥാനം നേടുകയായിരുന്നു.
ബേട്ടി ബചാവോ: 2015 ല്‍, അധികാരമേറ്റ് ഒരു വര്‍ഷം തികയും മുമ്പ് മോദി നടപ്പാക്കിയ വന്‍ വിപ്ലവ പദ്ധതിയാണ് ബേട്ടി ബചാവോ ബേട്ടി പഠാവോ. പെണ്‍കുട്ടിയെ പഠിപ്പിക്കുക, രക്ഷിക്കുക. ഒരു രാജ്യത്തെ ഏറ്റവും വലിയ, അടിസ്ഥാനപരമായ കാഴ്ചപ്പാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: