ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ പ്രത്യേക യോഗം വിളിച്ച മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദിനെയും ആനന്ദ് ശര്‍മ്മയേയും കൂട്ടരേയും പുറത്താക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിന് കത്തെഴുതി. നേതൃമാറ്റം തേടി ഹൈക്കമാന്‍ഡിന് കത്തു നല്കിയ ഗ്രൂപ്പ് 23 യില്‍ പെടുന്നവരെ പുറത്താക്കണമെന്നാണ് ആവശ്യം.
ഗുലാംനബി ആസാദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതാണ് പ്രകോപനത്തിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. നേതാക്കള്‍ വന്ന വഴി മറക്കരുതെന്നും താന്‍ ചായ വിറ്റു നടന്നയാളാണെന്ന് തുറന്നു പറയാന്‍ ഒരു മടിയും കാണിക്കാത്തയാളാണ് മോദിയെന്നും ആസാദ് പറഞ്ഞിരുന്നു. ഇതാണ് രാഹുല്‍, പ്രിയങ്ക, സോണിയ ആരാധകരായ കോണ്‍ഗ്രസ് നേതാക്കളെ പ്രകോപിപ്പിച്ചത്.
ബംഗാളില്‍ ഐഎസ്എഫ് എന്ന മത തീവ്രവാദ പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസ് നടപടിയെ ആനന്ദ് ശര്‍മ്മ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതാണ് വിമതര്‍ക്കെതിരെ നടപടിക്ക് കത്തെഴുതാന്‍ ഒരു വിഭാഗത്തിന് പ്രേരണയായ മറ്റൊരു കാരണം. സഖ്യത്തിന് മുന്‍കൈയെടുത്ത അധീര്‍ രഞ്ജന്‍ ചൗധരിയെയാണ് ശര്‍മ്മ വിമര്‍ശിച്ചിരുന്നത്. യുപിയില്‍ നിന്നുള്ള ഉമേഷ് പണ്ഡിറ്റിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗമാണ് ഹൈക്കമാന്‍ഡിന് കത്തു നല്‍കിയത്. പാര്‍ട്ടി നിയമം എല്ലാവര്ക്കും ഒരുപോലെയാണെന്നും നടപടിയെടുക്കാത്തത് കൂടുതല്‍ പ്രശ്നമുണ്ടാക്കുമെന്നും കത്തില്‍ പറയുന്നു.
അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഒരു മാസം പോലും ഇല്ലെന്നിരിക്കെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മതി നടപടിയെന്നാണ് മുതിര്‍ന്ന നേതാക്കളുടെ നിലപാട്. മെയ് രണ്ടിനു ശേഷം ആസാദ് ശര്‍മ്മ, കപില്‍ സിബല്‍, അടക്കമുള്ള വിമതര്‍ക്കെതിരെ നടപടി വന്നേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: