കുമരകം: കുമരകം പള്ളിച്ചിറയിലും ജെട്ടിയിലും ഉള്ള കാണിക്കവഞ്ചികള്‍ ചൊവ്വാഴ്ച രാത്രി കുത്തിപ്പൊളിച്ച് മോഷണം നടത്തി. ചൊവ്വാഴ്ച പ്രതിഷ്ഠാ വാര്‍ഷിക ചടങ്ങ് നടന്ന കുമരകം വടക്കുംഭാഗം എസ്എന്‍ഡിപി ശാഖാ യോഗം 38-ാം നമ്പര്‍ ഗുരുക്ഷേത്രത്തിനുള്ളിലെ കാണിക്കവഞ്ചിയും പണവും ചങ്ങല പൊട്ടിച്ച് അപഹരിച്ചത്. അഞ്ച് അടി പൊക്കമുള്ള സ്റ്റീല്‍ കാണിക്കവഞ്ചിയാണ് കൊണ്ടുപോയതെന്ന് ശാഖാ ഭാരവാഹികള്‍ പറഞ്ഞു.
ഗുരു ക്ഷേത്രത്തിന്റെ ഏഴാമത് പ്രതിഷ്ഠാ വാര്‍ഷിക ദിനാഘോഷങ്ങളുടെ ഭാഗമായി ദീപാലങ്കാര പ്രഭ ചൊരിഞ്ഞ രാത്രിയില്‍ നടന്ന മോഷണം ഏവരേയും അത്ഭുതപ്പെടുത്തി. പ്രഭാത പൂജയ്ക്കായി പുലര്‍ച്ചെ 4.30ന് ക്ഷേത്ര പൂജാരി ബിജു ശാന്തി എത്തിയപ്പോഴാണ് കാണിക്ക വഞ്ചി കാണാതായ വിവരം അറിയുന്നത്.
ഇരുമ്പ് തൂണുമായി ചങ്ങലയ്ക്ക് ബന്ധിപ്പിച്ചിരുന്ന സ്റ്റീല്‍ കാണിക്ക വഞ്ചി ക്ഷേത്രത്തിലെ മൈക്ക് സ്റ്റാന്‍ഡ് കൂടി ഉപയോഗിച്ചാണ് വേര്‍പ്പെടുത്തിയത്. കാണിക്കവഞ്ചി തുറന്ന് പണം എടുത്തിട്ട് മൂന്നു മാസമായെന്നും കുറഞ്ഞത് 10,000 രൂപയെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നതെന്ന് പ്രസിഡന്റ് എം.ജെ. അജയന് അറിയിച്ചു.
ശ്രീകുമാരമംഗലം ക്ഷേത്രം വക ബോട്ടുജെട്ടി പാലത്തിന്റെ വടക്കുവശത്തെ അപ്റോച്ച് റോഡിനു സമീപം സ്ഥാപിച്ചിരുന്ന കാണിക്കമണ്ഡപത്തിന്റെ പൂട്ട് തകര്‍ത്തെങ്കിലും പണം എടുത്തു കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയിരിക്കന്ന കാണിക്ക മണ്ഡപം തകര്‍ത്ത് പണം അപഹരിക്കുക ഏറെ ബുദ്ധിമുട്ടാണ്. ഈ കാണിക്കമണ്ഡപത്തിലെ പണം കഴിഞ്ഞ ദിവസം ക്ഷേത്ര ഭാരവാഹികള്‍ എടുത്തതാണെന്ന് പ്രസിഡന്റ് അഡ്വ.വി.പി. അശോകന് പറഞ്ഞു.
സമീപ പ്രദേശങ്ങളിലെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നും പുലര്‍ച്ചേ 2.30ന് സ്കൂട്ടറിലെത്തിയ മൂന്നു യുവാക്കളാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി കുമരകം പോലീസ് പറഞ്ഞു. കുമരകം സിഐ വി. സജികുമാര്‍, എസ്ഐ എസ്. സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: