ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ന്യൂസ്പെയ്സ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണത്തിന്റെ വിജയം ഭാരതത്തിന്റെ അഭിമാനമുയര്‍ത്തുകയും, ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തിരിക്കുന്നു. പിഎസ്എല്‍വി-സി51 എന്ന വിക്ഷേപണ വാഹനം ബ്രസീലിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ആമസോണിയ-1 ഉള്‍പ്പെടെ 19 ഉപഗ്രഹങ്ങളെ നിശ്ചിത സമയ പരിധിക്കുള്ളില്‍ കൃത്യമായി ഭ്രമണപഥത്തിലെത്തിച്ചതോടെ ഐഎസ്ആര്‍ഒ പുതിയ ചരിത്രം രചിച്ചിരിക്കുകയാണ്. ഈ വിക്ഷേപണ വിജയം ഐഎസ്ആര്‍ഒയ്ക്ക് അതിയായ സന്തോഷം നല്കുന്നതാണെന്ന ചെയര്മാന് കെ. ശിവന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെയും വാക്കുകളിലെ വികാരം ഓരോ ഭാരതീയനും പങ്കുവയ്ക്കുന്നു. ദൗത്യം വിജയിപ്പിച്ച ഐഎസ്ആര്‍ഒയ്ക്ക് നന്ദിയറിയിച്ച ബ്രസീലിന്റെ ശാസ്ത്ര-സാങ്കേതിക മന്ത്രിയുടെ നടപടി ഭാരതത്തിനുള്ള അംഗീകാരമാണ്. ആമസോണ്‍ വനനശീകരണം കണ്ടുപിടിക്കലും, ആ രാജ്യത്തിന്റെ കൃഷി വൈവിധ്യങ്ങള്‍ വിലയിരുത്തലുമാണ് ബ്രസീല്‍ തദ്ദേശീയമായി വികസിപ്പിച്ച ആമസോണിയയുടെ പ്രധാന ദൗത്യം. അമേരിക്കയിലെ സാം ടെക്നോളജീസിന്റെ 12 ലഘു ഉപഗ്രഹങ്ങളും, മെക്സിക്കോയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂക്ലിയര്‍ സയന്‍സിന്റെ ഒരു ഉപഗ്രഹവും ന്യൂസ്പെയിസ് ഭ്രമണപഥത്തിലെത്തിച്ചവയില്പ്പെടുന്നു.
പുതുവര്‍ഷത്തില്‍ ഐഎസ്ആര്‍ഒ നിര്‍വഹിച്ച ആദ്യ ദൗത്യമെന്ന നിലയില്‍ ഇപ്പോഴത്തെ വിക്ഷേപണത്തിന് കൗതുകകരമായ ചില സവിശേഷതകളുമുണ്ട്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍നിന്ന് ഭ്രമണപഥത്തിലെത്തിച്ചവയില് സ്വകാര്യ കമ്പനിയായ സ്പേസ് കിഡ്സ് ഇന്ത്യയുടെ നാനോ ഉപഗ്രഹമായ സതീഷ് ധവാന് സാറ്റും (എസ്ഡി സാറ്റ്)ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും ചിത്രവും, ഭഗവദ്ഗീതയുടെ ഇലക്ട്രോണിക് പതിപ്പ്, ഐഎസ്ആര്‍ഒ ചെയര്മാന് കെ. ശിവന്, ശാസ്ത്ര സെക്രട്ടറി ഡോ. ആര്. ഉമാ മഹേശ്വരി എന്നിവരടക്കം 25,000 ഭാരതീയരുടെ പേരുകള്‍ എന്നിവ ഇതിലുണ്ട്. റേഡിയേഷന്- കാലാവസ്ഥാ പഠനം, ആശയവിനിമയം എന്നിവയാണ് എസ്ഡി സാറ്റിന്റെ ദൗത്യം. റേഡിയോ റിലെ സര്‍വീസിനായുള്ള ജെഐ സാറ്റ്, ജിഎച്ച്ആര്ഡി സാറ്റ്, ശ്രീശക്തി സാറ്റ് എന്നിവയാണ് ന്യൂസ്പേസ് ബഹിരാകാശത്തേക്ക് എത്തിച്ച മറ്റ് ഉപഗ്രഹങ്ങള്‍. പ്രതിരോധ സാങ്കേതികത ലക്ഷ്യം വയ്ക്കുന്ന ‘സിന്ധു നേത്ര’ എന്ന ഉപഗ്രഹവും ഭ്രമണപഥത്തിലെത്തിച്ച ഐഎസ്ആര്‍ഒ തങ്ങളുടെ പ്രാപ്തിയും മഹത്വവും ലോകത്തോട് വിളിച്ചു പറഞ്ഞിരിക്കുകയാണ്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭാരതം വ്യത്യസ്തമാകുന്നതിന്റെ പല കാരണങ്ങളിലൊന്ന് ബഹിരാകാശ രംഗത്ത് കൈവരിക്കുന്ന നേട്ടങ്ങളാണ്. ഇതുവരെ വന്‍ ശക്തികള്‍ക്കു മാത്രം കഴിഞ്ഞിരുന്ന കാര്യങ്ങള്‍, സ്വന്തമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയിലൂടെ ഭാരതത്തിന് നിര്‍വഹിക്കാന്‍ കഴിയുന്നു. ഇതിനുവേണ്ടിയാണ് 2019 മാര്‍ച്ച് മാസത്തില്‍ ന്യൂസ്പേസിന് രൂപംനല്കിയത്. ബഹിരാകാശവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വ്യാവസായിക പങ്കാളിത്തം സജീവമാക്കുകയും, ഏറെ മുന്നേറിയതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ബഹിരാകാശ പരിപാടിയിലൂടെ വാണിജ്യനേട്ടം കൈവരിക്കുകയുമാണ് ന്യൂസ്പേസിന്റെ ലക്ഷ്യം. ചുരുങ്ങിയ സമയത്തിനുള്ളില്‍ മികച്ച നേട്ടം കൈവരിച്ചിരിക്കുന്നു എന്നതിന് തെളിവാണ് ഒറ്റയടിക്ക് വിദേശരാജ്യങ്ങളുടേതടക്കം 19 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ചത്. ഇതുള്‍പ്പെടെ 34 രാജ്യങ്ങളില്‍ നിന്നുള്ള 342 ഉപഗ്രഹങ്ങള്‍ ഭാരതം ഇതുവരെ ഭ്രമണപഥത്തിലെത്തിച്ചു കഴിഞ്ഞു. ബഹിരാകാശ വകുപ്പിനായി 2021 ലെ പൊതുബജറ്റില്‍ 14,000 കോടി രൂപയാണ് മോദി സര്‍ക്കാര്‍ നീക്കിവച്ചിട്ടുള്ളത്. സ്വാഭാവികമായും ഈ രംഗത്ത് വന്‍ കുതിപ്പുകള്‍ ഉണ്ടാകുമെന്ന് തീര്‍ച്ചയാണ്. പ്രതിഭാശേഷിയുടെ കാര്യത്തില്‍ നമ്മുടെ ശാസ്ത്രജ്ഞരെ വെല്ലാന്‍ ലോകത്ത് ആര്‍ക്കും കഴിയില്ല. കഴിവു തെളിയിക്കാന്‍ അവര്‍ക്ക് അവസരം കിട്ടണമെന്നു മാത്രം. മോദി ഭരണത്തില്‍ അത് സംഭവിക്കുന്നു എന്നതിന് തെളിവാണ് ഐഎസ്ആര്‍ഒ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന വിജയകരമായ ദൗത്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: