കോഴിക്കോട്: തപസ്യ കലാസാഹിത്യവേദിയുടെ 45-ാം സംസ്ഥാന വാര്‍ഷികോത്സവം നാളെ ചെങ്ങന്നൂര്‍ ചിന്മയാ വിദ്യാലയത്തില്‍ നടക്കും. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിപാടികള്‍. വാര്‍ഷികോത്സവം പ്രശസ്ത ചലച്ചിത്ര സംവിധായകന് രണ്‍ജി പണിക്കര്‍ ഉദ്ഘാടനം ചെയ്യും. തപസ്യ സംസ്ഥാന പ്രസിഡന്റ് മാടമ്പ് കുഞ്ഞുക്കുട്ടന് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍, പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന് മുഖ്യാതിഥിയാവും.
സര്‍ഗാത്മകതയുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ പ്രശസ്ത ചിന്തകന്‍ ടി.ആര്. സോമശേഖരന്‍ പ്രഭാഷണം നടത്തും. വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, ഒ.എസ്. ഉണ്ണികൃഷ്ണന്, വിജി തമ്പി, എം.ബി. പത്മകുമാര്‍, മുരളി പാറപ്പുറം, യു.പി. സന്തോഷ് എന്നിവര്‍ സംസാരിക്കും. കൈരളിയുടെ ആര്‍ഷ തേജസ്സും ഗോപികാവസന്തവും എന്ന വിഷയത്തില്‍ അക്കിത്തം കവിതകളെക്കുറിച്ച് ആഷാ മേനോനും, സുഗതകുമാരി കവിതകളെക്കുറിച്ച് ഡോ. അജയപുരം ജ്യോതിഷ്കുമാറും പ്രഭാഷണം നടത്തും. വാര്‍ഷികോത്സവ പ്രതിനിധി സഭയ്ക്കു ശേഷം നടക്കുന്ന സമാപന യോഗത്തില്‍ ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: