പാലക്കാട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നയിക്കുന്ന വിജയ യാത്രയെ വരവേല്‍ക്കാന്‍ മലമ്പുഴയില്‍ കാത്തുനിന്നത് ആയിരക്കണക്കിന് ജനങ്ങള്‍. മുട്ടിക്കുളങ്ങരയില്‍ നടന്ന സ്വീകരണ യോഗത്തില്‍ നിരവധി സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഇവരെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പൊന്നാടയണിയിച്ച് ബിജെപിയിലേയ്ക്ക് സ്വീകരിച്ചു.
മലമ്പുഴയില്‍ എത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ശുഭസൂചനയാണെന്ന് കെ.സുരേന്ദ്രന് പറഞ്ഞു. പാര്‍ട്ടിയുടെ പിറന്നാള്‍ ദിനമായ ഏപ്രില്‍ ആറിനാണ് ഇത്തവണ തെരഞ്ഞെടുപ്പ് വന്നിരിക്കുന്നത്. പാര്‍ട്ടിയുടെ ജന്മദിനവും തെരഞ്ഞെടുപ്പും ബിജെപി പ്രവര്‍ത്തകര്‍ ഇത്തവണ ഒന്നിച്ച് ആഘോഷിക്കുമെന്ന് സുരേന്ദ്രന് സ്വീകരണ യോഗത്തില്‍ പറഞ്ഞു.
കഴിഞ്ഞതവണ അച്യുതാനന്തന് പുറകെ രണ്ടാമതായി ഓടിയെത്താന്‍ ജനകീയനായ സി. കൃഷ്ണകുമാറിന് സാധിച്ചു. ഇത്തവണ മലമ്പുഴ ബിജെപി തന്നെ പിടിച്ചെടുക്കുമെന്നും സി. കൃഷ്ണകുമാറിനെ വേദിയിലിരുത്തിക്കൊണ്ട് സുരേന്ദ്രന് വ്യക്തമാക്കി. 2016ല്‍ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്തന് നിയമസഭയിലെത്തിയത് മലമ്പുഴയില്‍ നിന്നാണ്.
യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്, മുന്‍ സംസ്ഥാന അധ്യക്ഷന്‍ സികെ പദ്മനാഭന് എന്നിവര്‍ സംസാരിച്ചു. പാലക്കാട് ജില്ലയില്‍ പര്യടനം തുടരുന്ന വിജയയാത്ര ജില്ലയിലെ നെന്മാറ, പാലക്കാട് ഠൗണ്‍ എന്നിവിടങ്ങളിലെ സ്വീകരണ യോഗങ്ങളില്‍ എത്തും. നാളെ യാത്ര തൃശ്ശൂര്‍ ജില്ലയില്‍ പ്രവേശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: