എം. ശ്രീഹര്ഷന്
കഴിഞ്ഞ കുറച്ചു മാസങ്ങളായി, കൃത്യമായി പറഞ്ഞാല്‍ മഹാകവി അക്കിത്തവും സുഗതകുമാരിയും വിടപറഞ്ഞശേഷം, വര്‍ഷങ്ങള്‍ക്കു മുമ്പു ശബ്ദലേഖനം ചെയ്ത ചില ഓഡിയോ കാസെറ്റുകള്‍ ഫംഗസ്സു തുടച്ചെടുത്ത് ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറ്റിക്കൊണ്ടിരിക്കയാണ് ഞാന്‍. കഴിഞ്ഞ ദിവസങ്ങളില്‍ കൈയില്‍ വന്നു തടഞ്ഞത് തപസ്യയുടെ പരിപാടികളില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി ചെയ്ത പ്രസംഗങ്ങളായിരുന്നു.
1991 ല്‍ പെരുമ്പാവൂരില്‍ നടന്ന തപസ്യയുടെ പതിനഞ്ചാം വാര്‍ഷികാഘോഷത്തില്‍ ‘ബുദ്ധിജീവികളും സാംസ്കാരിക രംഗവും’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ താന്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരു സാംസ്കാരിക ദൗത്യത്തെ അദ്ദേഹം ഇങ്ങനെ എടുത്തു പറയുന്നു:
”കഴിഞ്ഞ നാലഞ്ചു മാസമായി കേരളത്തിലെ പത്തുപന്ത്രണ്ട് നഗരങ്ങളില്‍ പോയി ഒന്നര ദിവസം നീണ്ടുനില്‍ക്കുന്ന ചെറിയ ചില പ്രഭാഷണങ്ങള്‍ ചെയ്തുകൊണ്ടിരിക്കയാണ് ഞാന്‍. എനിക്കു വേണമെന്നു തോന്നിയിട്ട് അങ്ങനെ ചെയ്തതാണ്. ശ്രീ പരമേശ്വര്‍ജിയാണ് എന്നെ അതിന് പ്രേരിപ്പിച്ചത്. നമ്മുടെ ചരിത്രത്തില്‍ നാം ധരിച്ചുവച്ചിരിക്കുന്ന സത്യങ്ങളും യഥാര്‍ഥ സത്യങ്ങളും തമ്മിലുള്ള അന്തരമാണ് അവിടെയൊക്കെ ഞാന്‍ പറഞ്ഞത്. നമ്മുടെ സ്കൂളുകളിലും കോളേജുകളിലും പഠിപ്പിക്കുന്നത് നാം ഒരു ജനതയേ അല്ലെന്നാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ‘ഇന്ത്യയെന്ന വികാരം’ എന്ന ഒരു കവിത ഞാന്‍ എഴുതിയപ്പോള്‍ എന്നെ പരിഹസിച്ചവരാണ് ഇവിടത്തെ പത്രങ്ങളും ഇടതുപക്ഷ സാംസ്കാരികലോകവും. പക്ഷെ പിന്നീട് അതേ പത്രങ്ങള്‍ അവരുടെ മുഖപ്രസംഗത്തില്‍ എന്റെ പ്രയോഗം ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നത് കണ്ട് കൗതുകം തോന്നുകയുണ്ടായി.”
കവിതയില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരിയെ ഏറെ സ്വാധീനിച്ചത് വൈലോപ്പിള്ളിയാണെങ്കില്‍ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ പരമേശ്വര്‍ജിയായിരുന്നു അദ്ദേഹത്തിന്റെ മുന്നിലെ വെളിച്ചം. കഴിഞ്ഞ ഫെബ്രുവരിയില്‍ പരമേശ്വര്‍ജി ഇഹലോകവാസം വെടിഞ്ഞപ്പോള്‍ കവി ഒരുപക്ഷെ അതറിഞ്ഞു കാണില്ല. തനിക്ക് ജ്യേഷ്ഠതുല്യനായ അക്കിത്തവും കാവ്യസോദരിയായ സുഗതകുമാരിയും പോയതും അറിഞ്ഞിരിക്കില്ല. ഓര്‍മ്മകളുടെ എല്ലാ കുമിളകളും പൊട്ടിപ്പോയി വിസ്മൃതിയുടെ അന്ധകാരത്തില്‍ അലിഞ്ഞുപോയിരുന്നല്ലോ അദ്ദേഹത്തിന്റെ ബോധതലം.
തപസ്യ വേദികളില്‍ ഏറ്റവും കൂടുതലായി മുഴങ്ങിക്കൊണ്ടിരുന്ന ശബ്ദമായിരുന്നു വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെയും എം.വി. ദേവന്റെയും. ഭാരതീയ സംസ്കാരത്തിന്റെയും ജീവിതദര്‍ശനത്തിന്റെയും അനന്യമായ സവിശേഷതകള്‍ പൊതുസമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടുന്നവയായിരുന്നു വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ പ്രസംഗങ്ങള്‍. കാലാകാലമായി അതില്‍ വന്നുപെട്ട ഇരുട്ടറകളെ അടയാളപ്പെടുത്തുന്നവയായിരുന്നു എം.വി.ദേവന്റെ പ്രസംഗങ്ങള്‍. അതിനാല്‍ അവ രണ്ടും പരസ്പരപൂരകങ്ങളായിരുന്നു.
ലോകത്തില്‍ ഉള്ളവനും ഇല്ലാത്തവനും എന്ന രണ്ടു വര്‍ഗമേയുള്ളൂ എന്ന മാര്‍ക്സിയന്‍ സിദ്ധാന്തത്തെ തന്റെ ഓരോ പ്രസംഗങ്ങളിലും വിഷ്ണുനാരായണന്‍ നമ്പൂതിരി ഖണ്ഡിച്ചുകൊണ്ടേയിരുന്നു. ഇന്ത്യയെ അറിയാത്ത ആ പ്രത്യയശാസ്ത്രത്തിന്റെ അപ്രസക്തി അദ്ദേഹം ചൂണ്ടിക്കാണിച്ചുകൊണ്ടിരുന്നു. ഇന്ത്യയില്‍ ‘ഉണ്ടായിട്ടും വേണ്ടാത്തവന്’ എന്ന മൂന്നാമതൊരു വര്‍ഗമുള്ളത് മാര്‍ക്സിനോ പാശ്ചാത്യചിന്തകര്‍ക്കോ സങ്കല്പ്പിക്കാന് പോലും കഴിഞ്ഞിരുന്നില്ല എന്നാണ് അദ്ദേഹം സമര്‍ഥിച്ചിരുന്നത്. ‘അപരിഗ്രഹം’ എന്ന സംസ്കാരം ഉന്നതരായ ഋഷീശ്വരര്‍ക്കു മാത്രമായിരുന്നില്ല, സാധാരണ മനുഷ്യരിലേക്കു വരെ നീണ്ട ജീവിതധാരയായിരുന്നു എന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറയുമായിരുന്നു.
ഒരു പാന്‍ ഏഷ്യന്‍ തലത്തിലേക്കു വികസിക്കുന്ന വിശാലഭാരതം എന്ന സങ്കല്‍പ്പം അദ്ദേഹം മുന്നോട്ടു വച്ചിരുന്നു. ഇന്ത്യയുടെ രാജ്യാതിര്‍ത്തികള്‍ക്കപ്പുറത്തേക്കു വികസിക്കുന്ന വലിയൊരു സാംസ്കാരിക പ്രവാഹത്തെ കണ്ടെടുക്കേണ്ടതും സംരക്ഷിക്കേണ്ടതുമുണ്ട് എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു. 1989 ല്‍ തിരുവനന്തപുരത്തു നടന്ന തപസ്യയുടെ പതിമൂന്നാം വാര്‍ഷികാഘോഷത്തെ മുന്നില്‍ നിന്നു നയിച്ചുകൊണ്ട് അതിലെ പ്രധാന ചര്‍ച്ചാവിഷയമായി അദ്ദേഹം നിര്‍ദേശിച്ചതും അവതരിപ്പിച്ചതും ‘വിശാലഭാരതത്തിന്റെ സാംസ്കാരികപ്രശ്നങ്ങള്‍’ എന്ന വിഷയമായിരുന്നു. മധ്യേഷ്യമുതല്‍ പൂര്‍വേഷ്യവരെ നീളുന്ന ഭൂപ്രദേശത്തെ രാഷ്ട്ര സംസ്കൃതിയുടെ കേന്ദ്രബിന്ദു ഭാരതീയ സംസ്കാരമാണെന്ന് അന്നത്തെ സുദീര്‍ഘമായ പ്രസംഗത്തില്‍ അദ്ദേഹം വരച്ചുകാട്ടി.
പാശ്ചാത്യമായ സാഹിത്യത്തെയും സിദ്ധാന്തങ്ങളെയും ദര്‍ശനങ്ങളെയും ആഴത്തില്‍ പഠിച്ചുകൊണ്ട് അവയെ ഭാരതീയ തത്ത്വചിന്തയുമായി താരതമ്യം ചെയ്തായിരുന്നു തന്റെ നിലപാടുകളും കാഴ്ചപ്പാടുകളും അദ്ദേഹം അവതരിപ്പിച്ചത്. സമകാലികജീവിതത്തിലെ സാമൂഹികപ്രശ്നങ്ങളും പാരിസ്ഥിതികപ്രശ്നങ്ങളും രാഷ്ട്രീയസ്ഥിതികളും ഭാരതീയമായ പരിപ്രേക്ഷ്യത്തിലൂടെ വിശകലനം ചെയ്തുകൊണ്ടിരുന്ന വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് ജയപ്രകാശ് നാരായണന് ആദര്‍ശമൂര്‍ത്തിയായിരുന്നു.
”കാലം കിതച്ച് എത്തുന്നതിനു മുമ്പുതന്നെ അനായാസമായി ചെന്നെത്തുന്നവരാണ് കവികള്‍ എന്നാണ് എല്ലാ നാട്ടിലെയും ധാരണ. എന്നാല്‍ ഇവിടെ കാലം സാധാരണഗതിയില്‍ എത്തിയിട്ടും കവികള്‍ കിതച്ച് ഓടി വരുന്നേയുള്ളൂ. ഇത് വളരെ പ്രതീകാത്മകമായിട്ടാണ് എനിക്ക് തോന്നുന്നത്.” തപസ്യയുടെ ഒരു കവിയരങ്ങില്‍ അധ്യക്ഷം വഹിച്ചുകൊണ്ട് വിഷ്ണുനാരായണന്‍ നമ്പൂതിരി പങ്കിട്ട ആശങ്കയാണിത്. ഒരു പക്ഷെ തങ്ങള്‍ക്ക് സൗകര്യമായതിനെ മാത്രം തിരഞ്ഞെടുത്ത് പ്രതികരിക്കുകയും കാലത്തിനു മുഖം തിരിച്ച് വേരു കെട്ടുപോയ പ്രത്യയശാസ്ത്രങ്ങളെ കെട്ടിപ്പിടിച്ചുറങ്ങുകയും ചെയ്യുന്ന കേരളത്തിലെ കവികളെയും സാംസ്കാരിക പ്രവര്‍ത്തകരെയും മുന്നില്‍ക്കണ്ടാവണം അദ്ദേഹം ഇതു പറഞ്ഞത്.
ഭാരതീയ സംസ്കാരത്തിന്റെ സംരക്ഷണത്തിനും പ്രതിരോധത്തിനും വേണ്ടി നിലകൊള്ളുന്ന എല്ലാ പ്രസ്ഥാനങ്ങളുടെയും കൂടെ തികഞ്ഞ ആത്മാര്‍ഥതയോടുകൂടി സര്‍വാത്മനാ സഹകരിക്കുക എന്നത് ഒരു കവി എന്നതിനപ്പുറം തന്റെ ദൗത്യമായി അദ്ദേഹം കരുതിയിരുന്നു. തപസ്യ കലാ-സാഹിത്യവേദിയെ തന്റെ ആത്മഭാവമായാണ് അദ്ദേഹം കരുതിയിരുന്നത്. തപസ്യ വേദികളിലെ ഉജ്വലിക്കുന്ന വാക്കായി മാറുന്നതോടൊപ്പം ഒരു സാധാരണ പ്രവര്‍ത്തകനെപ്പോലെയും അദ്ദേഹം ഇടപെട്ടിരുന്നു.
പ്രസംഗവേദിയില്‍ മുഴങ്ങുന്ന സ്ഫുടമായ സ്വരം. താളപ്പൊരുത്തമുള്ള വാക്കിന്റെ ഒഴുക്ക്. കാഴ്ചപ്പാടിലും നിലപാടിലുമുള്ള സ്ഥൈര്യം. ആശയപ്പൊലിമയുടെ ഗാംഭീര്യവും സുതാര്യതയും. കാവ്യമധുരമായ വാക്കിന്റെ ലയം.
അദ്ദേഹത്തിന്റെ ‘ഭൂമിഗീതങ്ങള്’ എന്ന കാവ്യത്തിലെ ‘ശാന്തിപദം’ എന്ന ഖണ്ഡം തുടങ്ങുന്നത് ഇങ്ങനെയാണ്:
ഉണക്കക്കൈ കൂപ്പി ഉരച്ചു കാനനം:-
‘എനിക്കു പാവക, വിമുക്തി തന്നാലും!’
……………………………………………………………………………
മഹീ, മാതാമഹീ, തിരുമാറില് ചേര്‍ത്തു
പുണര്‍ന്നടിയനെ ഗ്രസിച്ചു കൊണ്ടാലും!
പരിഗ്രഹത്യാഗവിമുക്തി ബന്ധന-
ഭ്രമങ്ങള്‍ മാഞ്ഞ നിന് പദമണച്ചാലും!
എല്ലാ ചിന്താധാരകളെയും ജീവിതവികാരങ്ങളുടെ ആവാസവ്യവസ്ഥകളെയും വഹിക്കുന്ന കാടാണ് കവിഹൃദയം. അതിന്റെ തുടിപ്പുകള്‍ ചിരംജീവിയായി പ്രകൃതിയുടെ പ്രസാദത്തില്‍ വിലയം കൊള്ളട്ടെ.
മലയാള കവിതയുടെ ഗംഗാപ്രവാഹം വറ്റിക്കൊണ്ടിരിക്കുന്നു. ചുറ്റിലും ഇനി ഒഴുകിപ്പരക്കുക മലിനജലമായിരിക്കും. ഒരു ഭഗീരഥന് ഉദയംകൊള്ളുംവരെ.
(അധ്യാപകനും കഥാകൃത്തുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: