തിരുവനന്തപുരം: കോവിഡ് നെഗറ്റീവ് ഫലവുമായി വിമാനത്താവളത്തിലിറങ്ങുന്ന വിദേശ യാത്രക്കാര്‍ക്കു വീണ്ടും കോവിഡ് പരിശോധന നടത്തുന്നത് പ്രതിഷേധത്തിന് ഇടയായതോടെ നടപടിയുമായി സര്‍ക്കാര്‍. വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന സൗജന്യമാക്കി. ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണെന്നും എന്നാല്‍ അതു സൗജന്യമാക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. ദുബായിയും മറ്റും രാജ്യത്തെത്തുന്നവര്‍ക്ക് സൗജന്യ പരിശോധന നടത്തുമ്പോള്‍ സ്വന്തം നാട്ടിലേക്കു പോകുന്ന പ്രവാസി സ്വന്തം ചെലവില്‍ പരിശോധന നടത്തേണ്ട ഗതികേടിലായിരുന്നു. കേരളത്തില്‍ കോവിഡ് പരിശോധന നിരക്ക് കൂടുതലാണെന്ന് പരാതിയുണ്ടായിരുന്നു. 1350 രൂപയാണ് ഒരാളുടെ ആര്‍ടിപിസിആര്‍ ടെസ്റ്റിനു നല്‍കേണ്ടത്. കുടുംബത്തോടെ വരുമ്പോള്‍ വലിയ തുകയാകും.
കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെടുന്നവരും ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി നാട്ടില്‍ പോകുന്ന കുടുംബങ്ങളുമാണ് യാത്രക്കാരില്‍ ഏറെയും. അവര്‍ക്ക് വീണ്ടും സാമ്പത്തിക ബാധ്യത വരുത്തുന്ന നയമാണ് ഇപ്പോഴത്തേത്. വാക്സീന് ഡോസ് പൂര്‍ത്തിയാക്കി വരുന്നവരും കോവിഡ് പരിശോധനയില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരും വീണ്ടും ക്വാറന്റീനില്‍ ഒരാഴ്ച കഴിയണമെന്ന നിര്‍ദേശത്തിനെതിരെയും പ്രതിഷേധം വ്യാപകമായിരുന്നു. വന്‍തുക ഈടാക്കി നാട്ടിലെ വിമാനത്താവളങ്ങളില്‍ നടത്തുന്ന പരിശോധന അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിലും മറ്റും സമ്മര്‍ദം ചെലുത്തണമെന്നും അതുവരെ വിമാനത്താവളങ്ങളില്‍ കോവിഡ് ടെസ്റ്റിന് ചെലവാകുന്ന തുക കേരള സര്‍ക്കാര്‍ വഹിക്കണമെന്നും പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: