സിഡ്നി: ഫെയ്സ്ബുക്കും ഗൂഗിളുമടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ രാജ്യത്തെ മാധ്യമസ്ഥാപനങ്ങൾക്ക് പ്രതിഫലം നൽകണമെന്ന നിയമം പാസാക്കി ഓസ്ട്രേലിയ. ഇനി മുതൽ ഓസ്ട്രേലിയൻ മാധ്യമ സ്ഥാപനങ്ങൾക്ക് അർഹമായ പ്രതിഫലം ലഭിക്കുമെന്ന് ട്രഷറർ ജോഷ് ഫ്രൈഡെൻബെർഗ് പറഞ്ഞു.
ഫെയ്സ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗുമായി ഫ്രൈഡെൻബെർഗ് നടത്തിയ ചർച്ചയിൽ ഉയർന്നുവന്ന ഭേദഗതികളും നിയമത്തിൽ വരുത്തിയിട്ടുണ്ട്. ഭേദഗതികൾക്ക് പകരമായി ഓസ്ട്രേലിയയിൽ തങ്ങളുടെ പ്ലാറ്റ്ഫോം വഴി വാർത്തകൾ പങ്കിടുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഫെയ്സ്ബുക്ക് ചൊവ്വാഴ്ച പിൻവലിച്ചിരുന്നു. ഓസ്ട്രേലിയൻ സർക്കാരിന്റെ അടിയന്തര സേവനങ്ങളടക്കമുള്ള പേജുകളും ഫെയ്സ്ബുക്ക് വിലക്കിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്നാണ് ഒത്തുതീർപ്പിന് ഫെയ്സ്ബുക്ക് തയാറായത്.
നിയമം പുറത്തുവന്നതോടെ ഓസ്ട്രേലിയൻ മാധ്യമകമ്പനിയായ സെവൻ വെസ്റ്റുമായി ഫെയ്സ്ബുക്ക് ധാരണയിലെത്തി. കൂടുതൽ പ്രാദേശിക മാധ്യമങ്ങളുമായി ഇത്തരം ധാരണ ഉണ്ടാക്കും. എന്നാൽ പ്രതിഫല വിഷയത്തിൽ മാധ്യമങ്ങളുമായി കമ്പനികൾ ധാരണയിലെത്താൻ ഇനിയും സമയമെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: