ന്യൂദല്‍ഹി : പത്രങ്ങളുടെ വാര്‍ത്താ ഉള്ളടക്കങ്ങള്‍ ഉപയോഗിച്ച് നേടുന്ന പരസ്യ വരുമാനം കൃത്യമായി പങ്കുവെയ്ക്കണമെന്നാവശ്യപ്പെട്ട് ഗൂഗിളിന് ഇന്ത്യന്‍ ന്യൂസ് പേപ്പേഴ്സ് സൊസൈറ്റി കത്ത് നല്കി. ഉള്ളടക്കം പങ്കിടുന്നതിന് മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഗൂഗിള്‍ പ്രതിഫലം നല്‍കണമെന്ന നിയമം ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് കൊണ്ടുവരാനിരിക്കേയാണ് ഐഎന്‍എസ് കത്ത് നല്‍കിയിരിക്കുന്നത്.
നിലവില്‍ ഗൂഗിള്‍ പ്രസാധകര്‍ക്ക് നല്കി വരുന്ന വരുമാനം 85 ശതമാനമാത്തി ഉയര്‍ത്തണമെന്നാണ് ഇതില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പത്രമാധ്യമങ്ങളിലെ ഉള്ളടക്കം ഉപയോഗപ്പെടുത്തിയുണ്ടാക്കുന്ന പരസ്യ വരുമാനത്തിന്റെ ഒരു ഭാഗം രാജ്യത്തെ ആയിരക്കണക്കിന് മാധ്യമ പ്രവര്‍ത്തകര്‍ക്കായി വീതിച്ച് നല്‍കണമെന്നാവശ്യപ്പെട്ടാണ് കത്ത് എഴുതിയിരിക്കുന്നതെന്ന് ഐഎന്‍എസ് പ്രസിഡന്റ് എല്‍. ആദിമൂലം അറിയിച്ചു.
പത്രങ്ങള്‍ നല്കുന്ന വാര്‍ത്തകളുടേയും എഡിറ്റോറിയല്‍ ഉള്ളടക്കങ്ങളുടേയും ആധികാരികതയുടെ അടിസ്ഥാനത്തിലാണ് ഗൂഗിള്‍ പരസ്യ വരുമാനം ഉണ്ടാക്കുന്നത്. ഈ വരുമാനം മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രയോജനപ്പെടുത്തുന്ന വിധത്തില്‍ പങ്കുവെയ്ക്കണം. ഫ്രാന്‍സ്, യൂറോപ്യന്‍ യൂണിയന്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ പരസ്യ വരുമാനം കൃത്യമായി പങ്കുവെയ്ക്കുന്നത് സംബന്ധിച്ച് ഗൂഗിള്‍ ധാരണയില്‍ എത്തിയിട്ടുണ്ട്. ഇന്ത്യയിലും സമാന രീതി ആവിഷ്കരിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ പരസ്യ വരുമാനത്തിന്റെ 85 ശതമാനം ഗൂഗിള്‍ മാധ്യമങ്ങളുമായി പങ്കുവെയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നത്. കൂടാതെ വരുമാനം സംബന്ധിച്ച് സുതാര്യത കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ആയിരക്കണക്കിനു ജേണലിസ്റ്റുകളെ നിയോഗിച്ചും വന്‍തോതില്‍ പണം ചെലവഴിച്ചുമാണ് പത്രങ്ങള്‍ ആധികാരിക വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത്. ഈ ഉള്ളടക്കങ്ങള്‍ ഗൂഗിള്‍ പങ്കുവയ്ക്കുന്നതിലൂടെ ലഭിക്കുന്ന പരസ്യ വരുമാനത്തില്‍ പ്രസാധകര്‍ക്കുള്ള വിഹിതം 85 ശതമാനമായി ഉയര്‍ത്തണമെന്നു കത്തില്‍ ആവശ്യപ്പെടുന്നു.
ഡിജിറ്റല്‍ മേഖലയില്‍ നിന്നുള്ള പരസ്യ വിഹിതം കുറയുന്നതും കോവിഡ് വ്യാപനവും രാജ്യത്തെ പത്രമാധ്യമങ്ങള്‍ക്കു തിരിച്ചടിയാണ്. വിഹിതം വര്‍ധിപ്പിക്കുന്നതിനു പുറമേ പരസ്യവരുമാനം സംബന്ധിച്ച സുതാര്യമായ റിപ്പോര്‍ട്ട് പ്രസാധകരുമായി ഗൂഗിള്‍ പങ്കുവയ്ക്കണം. വാര്‍ത്തകള്‍, വിവരങ്ങള്‍, വിശകലനങ്ങള്‍ എന്നിവയുള്‍പ്പെട്ട പത്രങ്ങളിലെ ഉള്ളടക്കത്തിനും മറ്റിടങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കും തമ്മില്‍ വലിയ അന്തരമുണ്ട്. വ്യാജ വാര്‍ത്തകള്‍ നിയന്ത്രിക്കാന്‍ അംഗീകൃത പ്രസാധകരില്‍ നിന്നുള്ള വാര്‍ത്തകള്‍ക്കു ഗൂഗിള്‍ പ്രാധാന്യം നല്‍കണം. ആധികാരികതയില്ലാത്ത വെബ്സൈറ്റുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ പങ്കുവയ്ക്കുന്നത് തെറ്റായ വിവരങ്ങള്‍ പ്രചരിക്കാന്‍ വഴിയൊരുക്കുമെന്നും ഐഎന്എസിന്റെ കത്തില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: