ശാസ്താംകോട്ട: ആര്‍എസ്പി ലെനിനിസ്റ്റ് രണ്ടായി വഴി പിരിഞ്ഞതോടെ കോവൂര്‍ കുഞ്ഞുമോനെതിരെ കരുനീക്കം ശക്തമായി. അടുത്തിടെ കുഞ്ഞുമോന് ഗ്രൂപ്പ് പുറത്താക്കിയ സംസ്ഥാന സെക്രട്ടറി എസ്. ബലദേവിന്റെ നേതൃത്വത്തിലാണിത്.
ബലദേവിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയിലെ പ്രബല വിഭാഗം ആര്‍എസ്പി ലെനിനിസ്റ്റിന്റെ സിറ്റിംഗ് സീറ്റായ കുന്നത്തൂര്‍ ഒഴിവാക്കി മറ്റൊരു സീറ്റ് തരണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന് കത്ത് നല്കി. നാല് തവണ കോവൂര്‍ കുഞ്ഞുമോന് എംഎല്‍എയായ കുന്നത്തൂരില്‍ വീണ്ടും മത്സരിക്കാന്‍ പാര്‍ട്ടിക്ക് താല്‍പ്പര്യമില്ലെന്ന് കാട്ടിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് കത്ത് നല്‍കിയത്. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ആര്‍എസ്പി ലെനിനിസ്റ്റിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത ഭിന്നതയിലേക്ക് മാറുകയാണ്.
അടുത്തിടെയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എസ്.ബലദേവിനെ കുഞ്ഞുമോന്റെ നേതൃത്വത്തില്‍ പുറത്താക്കിയത്. ഇതിനിടെ സിപിഎമ്മിലെ ഒരുവിഭാഗം നേതാക്കളും കുഞ്ഞുമോനെ വീണ്ടും സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ രംഗത്തു വന്നു.
ആര്‍എസ്പി പൂര്‍ണ്ണമായും യുഡിഎഫ് പാളയത്തിലേക്ക് പോയപ്പോള്‍, എംഎല്‍എ പദവി രാജിവച്ചാണ് കുഞ്ഞുമോന് പുതിയ പാര്‍ട്ടി രൂപീകരിച്ച് എല്‍ഡിഎഫിലെത്തിയത്. എന്നാല്‍ അത്തരമൊരു പരിഗണന പാര്‍ട്ടിക്ക് എല്‍ഡിഎഫില്‍നിന്ന് ലഭിക്കുന്നില്ലെന്ന വിമര്‍ശനം പ്രാദേശികനേതാക്കളിലും പ്രവര്‍ത്തകരിലും സജീവമാണ്. കുഞ്ഞുമോന് വീണ്ടും കുന്നത്തൂരില്‍ മത്സരിക്കാന്‍ സീറ്റ് നല്കിയതൊഴിച്ചാല് മറ്റൊരു ഗുണവുമുണ്ടായില്ല. എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പല തവണ കത്ത് നല്‍കിയിട്ടും പരിഗണിച്ചില്ല.
ബോര്‍ഡ്, കോര്പറേഷന് തുടങ്ങി അര്‍ഹമായ പദവികളൊന്നും കാര്യമായി നല്‍കിയില്ല. ഭരണ മുന്നണിയുടെ ഭാഗമാണെങ്കിലും അതിന്റെ നേട്ടം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ലഭിച്ചില്ല. മാത്രമല്ല, സംഘടനാപരമായി ആര്‍എസ്പി ലെനിനിസ്റ്റിനെ ശക്തിപ്പെടുത്താന്‍ ഒരു തരത്തിലും കുഞ്ഞുമോന് ശ്രമിക്കുന്നില്ലെന്ന ഗുരുതര രാഷ്ട്രീയ ആരോപണവും അവര്‍ ഉന്നയിക്കുന്നു.
സിപിഎമ്മിലും ഭിന്നിപ്പ്
രണ്ട് ദിവസം മുന്‍പ് ഭരണിക്കാവില്‍ നടന്ന സിപിഎം ശില്പശാലയില് കുഞ്ഞുമോന്റ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വാഗ്വാദം ബഹളത്തിലാണ് കലാശിച്ചത്.കുഞ്ഞുമോന് വീണ്ടും സ്ഥാനാര്‍ഥിയാക്കരുതെന്നും ആക്കിയാല്‍ തങ്ങള്‍ പ്രചാരണ രംഗത്തു നിന്നും വിട്ടുനില്‍ക്കുമെന്നും സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത ശില്പശാലയില് ചില ലോക്കല്‍, ഏരിയാ ഭാരവാഹികള്‍ തുറന്നടിച്ചു.
കോവൂര്‍ കുഞ്ഞുമോന് സ്വന്തം പാര്‍ട്ടിയെ ശ്രദ്ധിക്കുന്നില്ലെന്നും സംഘടനാ രൂപം നിലനിര്‍ത്താന്‍ താല്പര്യപ്പെടുന്നില്ലെന്നും സ്വന്തം കാര്യത്തില്‍ മാത്രമാണ് ശ്രദ്ധയെന്നും വിമര്‍ശനം ശക്തമായിരുന്നു. ഇതേ വിമര്‍ശനം ഉയര്‍ത്തി പാര്‍ട്ടിയുടെ തട്ടകമായ കുന്നത്തൂരില്‍ നിന്ന് വലിയ വിഭാഗം ആര്‍എസ്പിഎല്‍ നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിടുന്നത് തുടരുകയാണെന്നും ചൂണ്ടിക്കാട്ടി.
കുഞ്ഞുമോന്റെ പാര്‍ട്ടിയില്‍ പരസ്യ വിമര്‍ശനങ്ങളും വിഴുപ്പലക്കലുകളും തുടരുന്നതിനിടെയാണ് സിപിഎമ്മിലെ നല്ലൊരു വിഭാഗവും കുഞ്ഞുമോനെതിരെ രംഗത്തുള്ളത്. എന്നാല്‍ സിപിഎമ്മിലെ ഈ നീക്കം പൊതു വികാരമെല്ലന്നും സോമപ്രസാദ് എംപിക്ക് കുന്നത്തൂര്‍ സീറ്റ് നല്‍കാനുള്ള ചിലരുടെ ചരടുവലിയാണ് ഈ വിഭാഗീയ പ്രതിഷേധത്തിന് പിന്നില്‍ എന്നാണ് കുഞ്ഞുമോന് വിഭാഗം ആരോപിക്കുന്നത്.
എം.എസ്. ജയച്ചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: