ആഴക്കടല്‍ മത്സ്യസമ്പത്ത് വിദേശക്കമ്പനിക്ക് വിറ്റു തുലക്കാന്‍ ശ്രമിച്ച ഇടത്സര്‍ക്കാര്‍ കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തെയാണ് വഞ്ചിച്ചത്. കേരളത്തിന്റെ സാമ്പത്തിക മേഖലയുടെ 20 ശതമാനം പങ്ക് വഹിക്കുന്ന മത്സ്യ വിപണന മേഖലയെ വിദേശ കമ്പനിക്ക് അടിയറ വെക്കാന്‍ ശ്രമിച്ചതിലൂടെ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ തന്നെ തുരങ്കം വെക്കാനാണ് ഭരണകൂടം ശ്രമിച്ചത്. യുഎസ് ആസ്ഥാനമായ ഇഎംസിസി കമ്പനിയുമായി 5000 കോടി രൂപയുടെ ഇപാട് നടത്താനാണ് ശ്രമംനടന്നത്. മന്ത്രിസഭയിലോ ഇടത് മുന്നണിയിലോ ചര്‍ച്ച നടത്താതെയാണ് പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചതെന്ന വാര്‍ത്ത പുറത്തു വരുന്നതിനിടയിലാണ് ഫിഷറീസ് വകുപ്പ് മന്ത്രി. ജെ. മേഴ്സിക്കുട്ടിയമ്മ ന്യൂയോര്‍ക്കിലെത്തി ധാരണയുണ്ടാക്കിയെന്ന് ആരോപണവും ഉയര്‍ന്നിരിക്കുന്നത്. ഉദ്യോഗസ്ഥ മേധാവികളെ ബലിയാടാക്കി മന്ത്രിയുടെയും സിപിഎമ്മിന്റെയും പങ്ക് പുറത്ത് വരാതിരിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. ഇഎംസിസി ഇന്റര്‍നാഷണലിന്റെ ഇന്ത്യന്‍ വിഭാഗമായ ഇഎംസിസി ഇന്റര്‍നാഷണല്‍ (ഇന്ത്യ) എന്ന കമ്പനിയാണ് ധാരണാപത്രം ഒപ്പിട്ടത്. അമേരിക്കന്‍ കമ്പനിയെകുറിച്ച് പുറത്ത് വരുന്ന വിവരങ്ങളും ഞെട്ടിപ്പിക്കുന്നതാണ്. വര്‍ച്വല്‍ വിലാസത്തില്‍ മാത്രമുള്ള സ്ഥാപനമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടും അതിനുശേഷം കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ട സംസ്ഥാന സര്‍ക്കാര്‍ ഇന്ന് പ്രതിക്കൂട്ടിലായിരിക്കുകയാണ്.
400 അത്യാധുനിക ആഴക്കടല്‍ ട്രോളറുകളും അഞ്ച് അത്യാധുനിക വന്‍ കപ്പലുകളും ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനാണ് കരാര്‍ ഒപ്പിട്ടത്. കടലിന്റെ അടിത്തട്ട് വരെയെത്തി മത്സ്യസമ്പത്ത് ചൂഷണം ചെയ്യാനാണ് സര്‍ക്കാര്‍ സ്വകാര്യവിദേശകമ്പനിയുമായി കരാര്‍ ഒപ്പിട്ടത്. മന്ത്രിസഭയും ഇടതു മുന്നണിയും അറിഞ്ഞില്ലെന്ന് വാദിക്കുമ്പോള്‍ മന്ത്രിയുടെ ന്യൂയോര്‍ക്ക് യാത്ര എന്തിനായിരുന്നുവെന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുകയാണ്.വിദേശകമ്പനികള്‍ക്ക് ഭാരതതീരദേശത്ത് മത്സ്യബന്ധനത്തിന് നിയന്ത്രണമുള്ളപ്പോഴാണ് ചട്ടങ്ങള്‍ ലംഘിച്ച് ഇടതു സര്‍ക്കാര്‍ വിദേശകമ്പനിയുമായി കരാര്‍ ഒപ്പിട്ടത്.
തീരദേശമേഖല ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയില്‍ അകപ്പെട്ട കാലത്താണ് വിദേശകുത്തകകമ്പനികള്ക്ക് തീരദേശമേഖല തീറെഴുതാന്‍ സര്‍ക്കാര്‍ അണിയറയില്‍ ശ്രമിച്ചത്. ആഴക്കടലില്‍ മാത്രമായി ഇവരുടെ ചൂഷണം അവസാനിക്കുന്നില്ലെന്നറിയുമ്പോഴാണ് പരമ്പരാഗത മത്സ്യത്തൊഴിലാളി വിഭാഗത്തെ സര്‍ക്കാര്‍ ചതിച്ചതിന്റെ ആഴം മനസ്സിലാക്കുക. വിദേശകപ്പലുകളെ പൂവിട്ട് സ്വീകരിക്കുമ്പോള്‍ മത്സ്യത്തൊഴിലാളി സംഘടനകളുമായി ആലോചിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. 2018 ല്‍ ന്യൂയോര്‍ക്കില്‍ ഇഎംസിസിയുമായി മന്ത്രി നടത്തിയചര്ച്ചയോടെയാണ് വന്‍ ചതിക്ക് തുടക്കമായത്. പിന്നീട് മത്സ്യ നയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മാറ്റം വരുത്തിയതും ഇതിന്റെ തുടര്‍ച്ചയാണെന്ന് സംശയിക്കപ്പെടുന്നു. ഇടപാടില്‍ മന്ത്രി ഇ.പി. ജയരാജന്റെ പങ്കും ദുരൂഹതനിറഞ്ഞതാണ്. ചുരുക്കത്തില്‍ ആസൂത്രിതമായ പദ്ധതികളിലൂടെ ബുദ്ധിപൂര്‍വ്വമായ നീക്കങ്ങളാണ് വിദേശകമ്പനികള്‍ക്ക് പരവതാനിയൊരുക്കാന് സര്‍ക്കാര്‍ അനുവര്‍ത്തിച്ചത്. ഒരോന്നിനും രണ്ട് കോടി രൂപ ചെലവ് വരുന്ന 400 അത്യാധുനിക യന്ത്രവല്‍കൃത ട്രോളറുകള്‍, 74 കോടി രൂപവരുന്ന അഞ്ച് മദര്‍ വെസലുകള്‍ എന്നിവ കരാര്‍ അനുസരിച്ച് വാങ്ങാനാണ് തീരുമാനിച്ചത്. 10 ലക്ഷം രൂപ മാത്രം മുതല്‍ മുടക്കുള്ള കമ്പനി (അതുംവ്യാജമെന്ന് കണ്ടെത്തിയത്) യുമായാണ് കോടികളുടെ കരാര്‍ ഒപ്പിട്ടതെന്ന് അറിയുമ്പോഴാണ് കരാറിന് പിന്നിലെ ദുരൂഹതകള്‍ ഏറുന്നത്.
കരാര്‍ പ്രകാരം ലഭിക്കുന്ന മീന്‍ കേരളത്തില്‍ തന്നെ സംസ്കരണ പ്രക്രിയയ്ക്ക് വിധേയമാക്കുമെന്നും അതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നുമാണ് വാഗ്ദാനം. ഇതോടെ മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കുമെന്ന് വാഗ്ദാനപട്ടിക നീളുന്നു. എന്നാല്‍ വിവാദകരാര്‍ കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ ധാരണാപത്രം റദ്ദാക്കാനും കേരളഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ എംഡി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖം രക്ഷിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ കമ്പനിയുടെ വൈസ് ചെയര്മാന് ഷിജു വര്‍ഗീസുമായി കൂടിക്കാഴ്ച നടത്തിയ ചിത്രം പുറത്ത് വന്നിരുന്നു. കമ്പനി വക്താക്കള്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. ഉന്നത ഉദ്യോഗസ്ഥരെ ബലിയാടാക്കി മന്ത്രിമാരെ സംരക്ഷിക്കാനാണ് ശ്രമം നടക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉദ്യോഗസ്ഥരെ പഴിചാരി സ്വയം രക്ഷിക്കാന്‍ ശ്രമിച്ച സര്‍ക്കാരിന്റെ അതേ നിലപാട് ഇക്കാര്യത്തിലും തുടരുന്നു.
കടലോരമേഖല ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോഴാണ് തീരമേഖല വിദേശകമ്പനിക്ക് വില്ക്കാന് സര്‍ക്കാര്‍ തയ്യാറായത്. പാര്‍ട്ടിഫണ്ടിലേക്കും തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും കോടികള്‍ എത്തിയാലേ സിപിഎം എന്ന കമ്പനി നടത്തിക്കൊണ്ട് പോകാനാവൂ. ഇതിന് എങ്ങിനെയെങ്കിലും എവിടെ നിന്നെങ്കിലും പണം കണ്ടെത്തേണ്ട മാനേജര്‍മാരാണ് രാജ്യതാത്പര്യത്തെ ബലികഴിക്കുന്ന ഇത്തരം തീരുമാനങ്ങളെ നിയന്ത്രിക്കുന്നത്.
കേരളത്തിലെ ഏറ്റവും പിന്നാക്കം നില്ക്കുന്ന വിഭാഗമാണ് കടലോര-മലയോര നിവാസികള്‍. പട്ടികവര്‍ഗ്ഗം അനുഭവിക്കുന്ന ദുരിതം ഇന്ന് കേരളത്തിനറിയാം. എന്നാല്‍ കടലോര, പരമ്പരാഗത ജനതയുടെ ദുരിതം കേരളത്തിന്റെ വികസന ചര്‍ച്ചകളിലൊന്നും ഉയര്‍ന്നു വരാറുമില്ല. മത്സ്യലഭ്യതയുടെ കുറവ് കാരണം ഇന്ന് രൂക്ഷമായ തൊഴിലില്ലായ്മ നേരിടുന്ന വിഭാഗമാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. കാലാവസ്ഥ വ്യതിയാനം, പാരിസ്ഥിതികപ്രശ്നങ്ങള്‍, കടലോരത്തെ കൈയേറ്റങ്ങള്‍,വന്‍ കിട കുത്തകകളുടെ അമിതമായ കടന്നുകയറ്റം എന്നിവ കാരണം മത്സ്യബന്ധനമേഖല വര്‍ഷങ്ങളായി തകര്‍ച്ച നേരിടുകയാണ്. ഈ തകര്‍ച്ചയ്ക്കിടയിലാണ് ഇരുട്ടടിയെന്നോണം, സ്വകാര്യ കുത്തക കമ്പനികള്‍ക്കും വിദേശ കുത്തകകള്‍ക്കും തീരമേഖല തീറെഴുതാനുള്ള തീരുമാനങ്ങളും പുറത്ത് വരുന്നത്.
പരമ്പരാഗത മത്സ്യബന്ധന മേഖലയിലെ ദരിദ്രജനത കേരളത്തിലെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കാവസ്ഥ നേരിടുന്ന ദുര്‍ബ്ബല വിഭാഗമാണ്. 66 ശതമാനം പേര്‍ക്കും സ്വന്തമായി തൊഴിലുപകരണങ്ങള്‍ പോലുമില്ലാത്ത ഈ വിഭാഗത്തിനിടയിലേക്കാണ് കടലാകെ കോരിയെടുക്കാനുള്ള കരുത്തുമായി വിദേശകമ്പനികളെ ഇറക്കാന്‍ ശ്രമിക്കുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ 27 ശതമാനവും പ്രീപ്രൈമറി വിദ്യാഭ്യാസം പോലും ഇല്ലാത്തവരാണ്. മറ്റേതെങ്കിലും തൊഴില്‍ മേഖലയിലേക്ക് പറിച്ചു നടാന്‍ പോലും തൊഴില്‍ വൈദഗ്ധ്യമില്ലാത്ത ഈ ജനവിഭാഗത്തിന്റെ പാരമ്പര്യതൊഴിലിലാണ് കുത്തക കമ്പനികള്‍ കൈവെക്കുന്നത്. വ്യവസായികാടിസ്ഥാനത്തിലുള്ള മീന്‍പിടിത്തം എന്ന ചൂഷണരീതി അന്യമായ ഈ തൊഴിലിടത്തിലേക്കാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ക്കിടയില്‍ വന്‍ തോതില്‍ ലാഭക്കൊതി മൂത്തവര്‍ കൈവെക്കുന്നത്. പാരമ്പര്യ മത്സ്യബന്ധന സങ്കേതങ്ങള്‍ കാലാനുസൃതമായി പരിഷ്ക്കരിക്കുന്നതിന് പകരം വിദേശകമ്പോളങ്ങളെ ലക്ഷ്യംവെച്ച് കുത്തകളെ കുടിയിറക്കുകയായിരുന്നു. കടലിന്റെ മക്കളായിരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കുത്തകകളുടെ തൊഴിലാളികള്‍ മാറിയെന്നതാണ് ഇന്നത്തെസാഹചര്യം. ഈസാഹചര്യത്തെ കൂടുതല്‍ ഗുരുതരമാക്കുകയാണ് സര്‍ക്കാരിന്റെ നയങ്ങളും ഒപ്പിട്ട പുതിയ കരാറും.
ആഴക്കടല്‍ മത്സ്യബന്ധനം വിദേശകുത്തകകള്‍ക്ക് അടിയറവെക്കുന്ന യുപിഎസര്‍ക്കാരിന്റെ മീനാകുമാരി കമ്മീഷന്റെ തുടര്‍ച്ചയായി വേണം ഇടതു സര്‍ക്കാരിന്റെ ഈ പിന്‍വാതില്‍ തീരുമാനങ്ങള്‍. വിദേശകപ്പലുകളെ അഴിച്ചുവിടുന്ന ഉദാരനയം ഈ മേഖലയിലെ പരമ്പരാഗത തൊഴിലാളിയെ കൊലയ്ക്ക് കൊടുക്കുന്നതിന് തുല്യമാണ്. രാജ്യരക്ഷയെപ്പോലും ബാധിക്കുന്ന ഗുരുതരമായ ഒരു നടപടിക്കാണ്സര്ക്കാര് മുന്‍കൈയെടുത്തത്.
കേരളത്തിന്റെ കടലില്‍ നിന്ന് 2015 ല്‍ 4.82 ലക്ഷം ടണ്‍ മത്സ്യം മാത്രമാണ് ലഭിച്ചതെന്നും മുന്‍ വര്‍ഷത്തേക്കാള്‍ 0.93 ലക്ഷം മത്സ്യം കുറവായിരുന്നുമെന്നാണ് സിഎംഎഫ്ആര്‍ഐ പഠനം വ്യക്തമാക്കുന്നത്. 2012 ല്‍ മത്സ്യലഭ്യതയില്‍ ഒന്നാം സ്ഥാനത്തായിരുന്ന കേരളമാണ് ഓരോ വര്‍ഷവും പിന്നാക്കമാവുന്നത്. ഇതേ കാലഘട്ടത്തില്‍ ചാളയുടെ ലഭ്യത 55.88 ശതമാനം കുറഞ്ഞു. കൂന്തല്‍, ചെമ്മീന്‍, ചൂര, പാമ്പാട, നങ്ക്, മാന്തല്‍ എന്നിവയിലെല്ലാം കുറവുതന്നെ.
മത്സ്യലഭ്യതയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 15.4 ശതമാനം കുറവാണ് 2020 ല്‍ ഉണ്ടായത്. മത്തിയുടെ ലഭ്യത കഴിഞ്ഞ 20 വര്‍ഷത്തിനിടെ കുത്തനെ കുറഞ്ഞു. 2018 ല്‍ 77.093 ടണ്‍ മത്തി ലഭിച്ചെങ്കിലും 2020 ല്‍ 44.320 ടണ്‍ മത്തി മാത്രമാണ് ലഭിച്ചത്. അയല മുന്‍ വര്‍ഷത്തേക്കാള്‍ 50 ശതമാനം കുറഞ്ഞു. 40.554 ടണ്ണാണ് ലഭിച്ചത്. ദേശീയ തലത്തില്‍ വര്‍ദ്ധനവുണ്ടായെങ്കിലും കേരളം ഏറെ പിന്നിലാണ്. ഗുജറാത്ത്, തമിഴ്നാട്, എന്നിവയാണ് ഏറെ മുന്നില്‍. ഇന്ത്യയിലെ മത്സ്യലഭ്യതയില്‍ കേരളത്തിന്റെ സംഭാവന 15.3 ശതമാനമായി കുറഞ്ഞു. മത്സ്യലഭ്യതയില്‍ വന്‍ കുറവ് നേരിടുമ്പോഴാണ് കുത്തകകമ്പനികളുടെ കണ്ണില്‍ ചോരയില്ലാത്ത കച്ചവടതാത്പര്യത്തിന് കടല്‍ തീറെഴുതി നല്കാന് പിണറായി സര്‍ക്കാര്‍ തയാറായത്. കേന്ദ്ര ഫിഷറീസ് വകുപ്പ് തയാറാക്കുന്ന സമുദ്ര മത്സ്യബന്ധന നിയന്ത്രണ ബില്ലുകളില്‍ 2019 ല്‍ കേരളം നിര്‍ദേശിച്ച ഭേദഗതി 12 നോട്ടിക്കല്‍ മൈലിന് അപ്പുറമുള്ള പ്രദേശങ്ങളിലെ മത്സ്യബന്ധന റജിസ്ട്രേഷന്/ലൈസന്‍സ് നല്‍കുന്നതിന് അധികാരം സംസ്ഥാന സര്‍ക്കാരിനെ ചുമതലപ്പെടുത്തണം എന്നായിരുന്നു. പിന്‍വാതില്‍ കരാറിലൂടെ തങ്ങള്‍ക്കിഷ്ടമുള്ളവര്‍ക്ക് കടലോരമേഖലയേയും കടലിനേയും തീറെഴുതിക്കൊടുക്കാനുള്ള നീക്കത്തിനു ആദ്യചുവടായിരുന്നു അതെന്ന് വേണം കരുതാന്‍. കടലും കടലോരവും കടലിന്റെ മക്കളെയും വിദേശ കുത്തകള്‍ക്ക് അടിയറവെക്കാനുള്ള തീരുമാനത്തിനെതിരെ ജനാധിപത്യ പ്രതിരോധത്തിന് കടലോരഗ്രാമങ്ങള്‍ തയ്യാറെടുക്കുകയാണ്.
പി. പീതാംബരന്
ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം
സംസ്ഥാന വൈസ് പ്രസിഡന്റ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: