അഹമ്മദാബാദ് : ഗുജറാത്തിലെ ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ തൂത്തുവാരി ബിജെപി. ഇതുവരെയുള്ള കണക്കെടുക്കുംപോള്‍ എൺപത്തി രണ്ട് ശതമാനത്തോളം സീറ്റുകൾ ബിജെപി സ്വന്തമാക്കി. ഇതോടെ ആറ് കോര്‍പറേഷനുകളും ബിജെപിയ്ക്ക് സ്വന്തം.
ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കായി 576 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 480 സീറ്റുകളും ബിജെപി സ്വന്തമാക്കി. അഹമ്മദാബാദ് കോർപ്പറേഷനിൽ 156 സീറ്റുകളും, രാജ്കോട്ടിൽ 72 സീറ്റുകളും ബിജെപി നേടി. ഭാവ്നഗറിൽ 44 സീറ്റുകൾ നേടിയപ്പോൾ, വഡോദരയിൽ 65 സീറ്റുകളും ബിജെപി നേടി. സൂറത്തിൽ 92 സീറ്റുകളും ജാംനഗറിൽ 50 സീറ്റുകളുമാണ് പാർട്ടി പിടിച്ചെടുത്തത്. അഹമ്മദാബാദ് 192, രാജ്കോട്ട് 72, ജാംനഗർ 64, ഭാവ്നഗറിൽ 52, വഡോദര 76, സൂറത്ത് 120 എന്നിങ്ങനെയാണ് ആകെ സീറ്റുകളുടെ എണ്ണം.
കോൺഗ്രസിന് കനത്ത പരാജയമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്നത്. ആകെ 50 സീറ്റുകളാണ് ഇതുവരെ നേടിയത്. സൂറത്തിൽ ഒരു സീറ്റുപോലും നേടാൻ കോൺഗ്രസിന് കഴിഞ്ഞില്ല. ജാംനഗറിലാണ് പാർട്ടി കൂടുതൽ സീറ്റുകൾ സ്വന്തമാക്കിയത്. 11 സീറ്റുകളാണ് ഇവിടെ കോൺഗ്രസിന് ലഭിച്ചത്. അഹമ്മദാബാദിൽ 15 സീറ്റുകളും, ഭാവ്നഗറിൽ എട്ട് സീറ്റുകളും, വഡോദരയിൽ ഏഴ് സീറ്റുകളും, രാജ്കോട്ടിൽ നാല് സീറ്റുകളും കോൺഗ്രസ് നേടി.
മായാവതിയുടെ ബിഎസ്പിയ്ക്കും കനത്ത പ്രഹരമാണ് തെരഞ്ഞെടുപ്പിൽ ഉണ്ടായിരിക്കുന്നത്. ബിഎസ്പിക്ക് ജാംനഗറിൽ മൂന്ന് സീറ്റുകൾ മാത്രമാണ് ലഭിച്ചത്. 470 സ്ഥാനാർത്ഥികളെ അണിനിരത്തിയ ആംആദ്മിയ്ക്ക് ആകെ 27 സീറ്റുകള്‍ ലഭിച്ചു. സൂറത്തിൽ എട്ട് സീറ്റുകളിൽ മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: