കൊച്ചി: രാഷ്ട്രീയ നിലപാടു മാറ്റി ക്രൈസ്തവ സഭകള്‍. ക്രൈസ്തവ ദര്‍ശനങ്ങള്‍ സ്വന്തമെന്നു പറയുന്ന പ്രസ്ഥാനങ്ങളെ മാത്രമേ സഭ പിന്താങ്ങൂ എന്ന ധാരണ ആര്‍ക്കും വേണ്ടെന്നും പതിവു സങ്കല്പ്പങ്ങള്ക്കപ്പുറമായി ക്രൈസ്തവ ദര്‍ശനങ്ങളെ മാനിക്കുന്ന ജനഹിതത്തിനൊപ്പം നില്ക്കുന്ന രാഷ്ട്രീയ കക്ഷികള്‍ക്കും സഭയുടെ പിന്തുണയുണ്ടാകുമെന്നും കേരള കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി.
തെരഞ്ഞെടുപ്പുകള്‍ക്കു മുന്‍പ്, സഭയുടെ രാഷ്ട്രീയ നിലപാട് വിശ്വാസികളെ ബോധ്യപ്പെടുത്തുന്ന, ലത്തീന്‍, സിറോ മലബാര്‍, സിറോ മലങ്കര സഭകളുടെ സംയുക്ത ഇടയ ലേഖനം പുറപ്പെടുവിക്കാറുണ്ട്. അത് വോട്ടെടുപ്പിനു മുന്‍പ് ഞായറാഴ്ച കുര്‍ബാനകളില്‍ വായിക്കും, വിശ്വാസികള്‍ നിര്‍ദേശം പിന്തുടരും. എന്നാല്‍, ഈ തെരഞ്ഞെടുപ്പിനു മുന്‍പ് ഇടയലേഖനം ഉണ്ടായിരിക്കില്ലെന്ന് മാര്‍ ആലഞ്ചേരി പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ഇത് ഉണ്ടായിരുന്നില്ല. കെസിബിസി കേന്ദ്രമായ പിഒസിയില്‍ അല്മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ദ്വിദിന പഠന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതു ഭരണകാലത്ത് സഭ നേരിട്ട, ഉയര്‍ത്തിയ പ്രശ്നങ്ങളാണ് ശിബിരത്തിലെ ചര്‍ച്ചാ വിഷയങ്ങള്‍. സംവരണ തത്വങ്ങള്‍ പാലിക്കാതെ, ന്യൂനപക്ഷ ക്ഷേമത്തിനുള്ള സാമ്പത്തിക സഹായങ്ങള്‍ ഒരു മത വിഭാഗത്തിന് മാത്രമായി നല്‍കുന്നുവെന്ന ആക്ഷേപം സഭകള്‍ ഉയര്‍ത്തിയിരുന്നു. ഇത് ആവര്‍ത്തിച്ച ആലഞ്ചേരി, നീതിപൂര്‍വകമായ സമ്പദ് വിതരണം ഉറപ്പാക്കിയാകണം വികസന പദ്ധതികളെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ കൂടുതല്‍ ഗൗരവകരമാകണമെന്നും പ്രതിരോധസേനാ വിഭാഗത്തിന് നല്കുന്ന പ്രാധാന്യം നല്‍കണമെന്നും ആവശ്യപ്പെട്ടു. പഠന ശിബിരത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന സമഗ്ര രേഖ സര്‍ക്കാരിനും,
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സമര്‍പ്പിക്കുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.ആഴക്കടല്‍ മത്സ്യബന്ധന മേഖല പോലും വിദേശകുത്തകകള്‍ക്ക് നല്‍കുമെന്ന ഭീതിയുടെ പശ്ചാത്തലത്തിലാണ് പഠന ശിബിരം നടക്കുന്നതെന്ന കാര്യം ആരും വിസ്മരിക്കരുതെന്ന് കെസിബിസി വനിതാ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ധനമന്ത്രി ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: