കോട്ടയം: ഇടതു മുന്നണി വിട്ടുവന്ന മാണി സി. കാപ്പന്റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ അനിശ്ചിതത്വം. ഘടകകക്ഷിയെന്ന നിലയില്‍ മുന്നണിയില്‍ പ്രവേശിപ്പിക്കണമെന്നാണ് കാപ്പന്റെ ആവശ്യം. എന്നാല്‍, ഇക്കാര്യത്തില്‍ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും രണ്ടു തട്ടിലാണ്. പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കാപ്പന് മത്സരിക്കണമെന്നതില്‍ ഇരുവര്‍ക്കും ഒരേ ശബ്ദവും.
കാപ്പന് കോണ്‍ഗ്രസിന്റെ ഭാഗമായി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്ന കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഇന്നലെ നടന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗത്തിലും തന്റെ നിലപാട് മുല്ലപ്പള്ളി ആവര്‍ത്തിച്ചു. ഇതിനെ കൊടിക്കുന്നേല്‍ സുരേഷും പിന്തുണച്ചു. ഇതോടെ വിഷയം പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്നമായി.
ഇവരുടെ നിലപാടുകളോട് ശക്തമായ വിയോജിപ്പ് യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രകടിപ്പിച്ചു. ഇടതു മുന്നണിയില്‍ പരമാവധി പിളര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കേണ്ട സമയമാണിതെന്നും, ഇടതിനൊപ്പമുള്ള എന്‍സിപിയില്‍ നിന്ന് പരമാവധി പ്രവര്‍ത്തകരെ കാപ്പനൊപ്പം യുഡിഎഫിന്റെ ഭാഗമാക്കി മാറ്റുന്നതിനാണ് ഊന്നല്‍ കൊടുക്കേണ്ടതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
കാപ്പന്റെ കാര്യത്തില്‍ തെര.സമിതി യോഗത്തില്‍ സമവായം ഉണ്ടാകാത്ത സാഹചര്യത്തില്‍ യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. മുസ്ലിം ലീഗ്, കേരളാ കോണ്‍ഗ്രസ് തുടങ്ങിയവര്‍ കാപ്പനെ ഘടകകക്ഷി എന്ന നിലയില്‍ പരിഗണിക്കണമെന്ന അഭിപ്രായക്കാരാണ്.
യുഡിഎഫില്‍ ഘടകകക്ഷിയായി ഉള്‍പ്പെടുത്താമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് മാണി സി. കാപ്പന് പറയുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കൈപ്പത്തി ചിഹ്നത്തില്‍ നിന്നാല്‍ തനിക്ക് പാലായില്‍ ജയിക്കാനാവില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് പറഞ്ഞിട്ടുണ്ടെന്നും കാപ്പന് വ്യക്തമാക്കി.
ഇതിനിടെ കാപ്പനുവേണ്ടി വാദിക്കുന്ന പി.ജെ. ജോസഫിന് കോണ്‍ഗ്രസില്‍ നിന്ന് പ്രഹരമാണ് ഉണ്ടായിരിക്കുന്നത്. കേരളാ കോണ്‍ഗ്രസിന് 12 സീറ്റുകള്‍ വേണമെന്ന ആവശ്യത്തിന് വഴങ്ങിക്കൊടുക്കേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: