ആലപ്പുഴ: ഒരു വശത്ത് പുതിയ കെട്ടിടത്തിന്റെ തേപ്പ് പണി നടക്കുന്നു, അതിന് ഒപ്പം തന്നെ അതേ സ്ഥലത്ത് പെയിന്റിങും നടക്കുന്നു. കോമഡി സിനിമയിലെ ദൃശ്യങ്ങളല്ല. കായംകുളം താലൂക്ക് ആശുപത്രി കെട്ടിട നിര്‍മ്മാണ സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഈ ദൃശ്യങ്ങളാണ്. ഭരണം അവസാനിക്കുന്നതിന് മുമ്പ് ‘ഉദ്ഘാടനം’ ചെയ്തു തീര്‍ക്കാനുള്ള രാഷ്ട്രീയ നേതാക്കളുടെ നെട്ടോട്ടത്തിന്റെ നേര് സാക്ഷിയാണ് ഈ ദൃശ്യങ്ങളെന്നാണ് ആരോപണം.
യു. പ്രതിഭാ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 70 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. തേപ്പ് പണി നടക്കുന്നതിനൊപ്പം തന്നെ പെയിന്റിങ് കൂടി ചെയ്യുന്നത് അശാസ്ത്രീയവും, കെട്ടിടത്തിന് ബലക്ഷയം ഉണ്ടാക്കുന്നതുമാണ്. തേപ്പിനൊപ്പം പെയിന്റടി ദൃശ്യങ്ങള്‍. സമുഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ അധികൃതര്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ്
തിടുക്കത്തില്‍ ഉദ്ഘാടനം നടത്താനാണ് രണ്ടു ജോലികളും ഒരുമിച്ച് ചെയ്യുന്നത്. കൃത്യമായ മേല്‍നോട്ടമില്ലാതെ നിര്‍മ്മിക്കുന്ന കെട്ടിടം ഭാവിയില്‍ വലിയ അപകടഭീഷണി ഉയര്‍ത്താനാണ് സാദ്ധ്യതയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: