ന്യൂദല്‍ഹി: ചൊവ്വാഗ്രഹത്തില്‍ ജീവനുണ്ടോ എന്ന് പഠിക്കാനായി നാസ അയച്ച പെര്സീവ്റന്സ് എന്ന റോവര്‍ വിജയകരമായി അവിടെ പറന്നിറങ്ങിയപ്പോള്‍ നാസയുടെ യുഎസിലെ ലാബില്‍ ആകാംക്ഷയോടെ ഇരുന്ന ശാസ്ത്രജ്ഞയായ ഇന്ത്യന്‍ പെണ്‍കുട്ടി ഡോ. സ്വാതി മോഹന്റെ നെറ്റിയിലെ പൊട്ട് ട്വിറ്ററില്‍ വൈറലായി.
വെള്ളിയാഴ്ച നാസയുടെ പെര്സീവ്റന്സ് എന്ന റോവര്‍ ചൊവ്വയിലെ ജെസെറോ ഗുഹാമുഖത്ത് വിജയകരമായി പറന്നിറങ്ങി. സന്തോഷം പങ്കുവെക്കാനായി നാസ ഉടനെ നിരവധി ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്തു. ശാസ്ത്രജ്ഞര്‍ നാസയുടെ പസദേനയിലെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലാബില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നതായിരുന്നു വിവിധ ചിത്രങ്ങള്‍. പക്ഷെ നിരവധി ഇന്ത്യക്കാരുടെ കണ്ണുടക്കിയത് ഒരു ഫോട്ടോയിലായിരുന്നു- ഡോ. സ്വാതി മോഹന്‍ എന്ന ഇന്ത്യക്കാരി ആകാംക്ഷയോടെ ലാബില്‍ ഇരിക്കുന്ന ചിത്രം. അതില്‍ തന്നെ അവര്‍ നെറ്റിയിലണിഞ്ഞ ചുവന്ന പൊട്ട്.
‘സ്വാതി മോഹന്‍…വലിയ സന്തോഷം…കണ്ട്രോള് റൂമിലെ ആ പൊട്ട് കലക്കി….’ ഒരു ട്വിറ്റര്‍ ഉപയോക്താവ് ചുവന്ന പൊട്ട് തൊട്ട സ്വാതിയുടെ ചിത്രം പങ്കുവെക്കുന്നതോടൊപ്പം കുറിച്ചു. മറ്റൊരാള്‍ കുറിച്ചതിങ്ങിനെ: ‘സ്വാതി മോഹന്‍ ആ പൊട്ടിനൊപ്പം നിങ്ങള്‍ നാസയുടെ കണ്ട്രോള് റൂമില്‍ തകര്‍ത്തു’. മറ്റൊരാളുടെ കുറിപ്പിങ്ങിനെ: ‘എന്റെ അമ്മയും ലോകത്തെവിടെ യാത്ര ചെയ്യുമ്പോഴും നെറ്റിയില്‍ പൊട്ട് തൊടാറുണ്ട്. മറ്റുള്ളവര്‍ എന്ത് ചിന്തിക്കുന്നു എന്ന് നോക്കാറില്ല. ആരെങ്കിലും ചോദിച്ചാല്‍ അവര്‍ പഴ്സില്‍ നിന്നും പൊട്ടിന്റെ ഒരു പാക്കറ്റെടുത്ത് നീട്ടും. നന്ദി സ്വാതി, നിങ്ങള്‍ക്കറിയാം ആ പൊട്ട് എന്നെ സന്തോഷിപ്പിക്കുമെന്ന്’.
യുഎന്നിലെ മുന്‍ അസിസ്റ്റന്റ് സെക്രട്ടറി ലക്ഷ്മി എം പുരി കുറിച്ചതിങ്ങിനെ: പൊട്ടിനോടൊപ്പമുള്ള ഇന്ത്യക്കാരി ഡോ. സ്വാതി ലോകമെമ്പാടുമുള്ള സ്ദത്രീകള്ക്ക് അഭിമാനവും പ്രചോദനവുമായി….
ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ഈ പൊട്ടിനെ അഭിനന്ദിച്ച്കൊണ്ട് ട്വീറ്റ് ചെയ്യുന്നത്. ഇന്ത്യന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞയായ ഡോ. സ്വാതി മോഹന്‍ ഒന്നാം വയസ്സിലാണ് മാതാപിതാക്കളോടൊപ്പം യുഎസില്‍ എത്തുന്നത്. പിന്നീട് അവര്‍ അമേരിക്കയിലെ കോര്‍ണെല്‍ സര്‍വ്വകലാശാലയില്‍ നിന്നും മെക്കാനിക്കല്‍ ആന്റ് എയ്റോസ്പേസ് എഞ്ചിനീയറിംഗില്‍ ബിരുദമെടുത്തു. പിന്നീട് എം ഐടിയില്‍ നിന്നും എയ്റോനോട്ടിക്സ്-അസ്ട്രോനോട്ടിക്സ് (മസാച്ചുസെ ഇന്‍സ്റ്റിറ്റ്യൂട്ട്) എന്ന വിഷയത്തില്‍ എംഎസും പിഎച്ച്ഡിയും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: