കൊച്ചി : ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം ദൃശ്യം-2 ചോര്‍ന്നു. റിലീസിന് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലഗ്രാമില്‍ പ്രത്യക്ഷപ്പെട്ടു. ഇത് ആദ്യമായാണ് സൂപ്പര്‍താരത്തിന്റെ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്നത്.
മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രത്തിന്റെ വ്യാജ പതിപ്പിറങ്ങിയത് അണിയറപ്രവര്‍ത്തകരെയും നിരാശരാക്കുകയാണ്. ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് ദൃശ്യം 2 വിനായി കാത്തിരുന്നത്. രണ്ടാം ഭാഗത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
വ്യാജ പതിപ്പിറങ്ങിയത് ദൗര്‍ഭാഗ്യകരമാണെന്നും ആമസോണ്‍ തന്നെ ഇത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംവിധായകന് ജീത്തു ജോസഫ് പ്രതികരിച്ചു. ചിത്രത്തിനുള്ള മികച്ചതെന്ന അഭിപ്രായം സന്തോഷിപ്പിക്കുന്നതെന്നും ജിത്തു ജോസഫ് പ്രതികരിച്ചു. ദൃശ്യം-1 നേക്കാള്‍ നല്ലതെന്ന് കണ്ടവര്‍ അഭിപ്രായപ്പെട്ടു. നിലവിലെ സാഹചര്യങ്ങള്‍ കൊണ്ടാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ പറ്റാതെ പോയത്. തിയേറ്ററിലായിരുന്നെങ്കില്‍ ചിത്രം രണ്ടാഴ്ച നിറഞ്ഞോടും. പക്ഷേ ഫാമിലികള്‍ തിയേറ്ററുകളിലേക്ക് വരാന്‍ ചിലപ്പോള്‍ മടിച്ചേക്കാം. അതാണ് ഒടിടി റീലീസിന് കാരണമായതെന്നും ജീത്തു ജോസഫ് പറഞ്ഞു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, മീന, സിദ്ദിഖ്, മുരളീ ഗോപി, ആശ ശരത്ത്, ഗണേഷ് കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. അര്‍ധരാത്രി 12ന് ആമസോണ്‍ പ്രൈം വിഡിയോയിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. കോവിഡ് നിയന്ത്രണങ്ങള്‍ മൂലമാണ് ദൃശ്യം 2 ഒടിടി റിലീസാക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: