തൃശൂര്‍: ഇടതുപക്ഷ ലോണ്‍ ബജറ്റാണ് കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ അവതരിപ്പിച്ചതെന്ന് ബിജെപി പാര്‍ലിമെന്ററി പാര്‍ട്ടി. കോര്‍പറേഷനെയും ജനങ്ങളെയും പണയം വെക്കുന്ന ബജറ്റാണ് എല്‍ഡിഎഫ് ഭരണ സമിതിയുടേത്. നഗരത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന ഒരു പ്രഖ്യാപനവും പുതിയ ബജറ്റിലില്ല. പ്രഖ്യാപിച്ചിട്ടുള്ള ഭൂരിഭാഗം പദ്ധതികളും വായ്പയെടുത്ത് പൂര്‍ത്തിയാക്കുമെന്നാണ് ബജറ്റില്‍ പറയുന്നത്.
കോര്‍പ്പറേഷന്റെ ആകെയുള്ള വികസനം കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതിയെ കേന്ദ്രീകരിച്ചുള്ളതാണ്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് വീണ്ടും അവതരിപ്പിക്കുകയാണ് ഡെപ്യൂട്ടി മേയര്‍ ചെയ്തതെന്ന് ബിജെപി പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ വിനോദ് പൊള്ളാഞ്ചേരി, കൗണ്‍സിലര്‍മാരായ പൂര്‍ണിമാ സുരേഷ്, എന്‍.പ്രസാദ്, ഡോ.വി.ആതിര, എന്‍.വി രാധിക, കെ.ജി നിജി എന്നിവര്‍ പറഞ്ഞു,
കോര്പ്പറേഷന് നടപ്പാക്കുന്നത് കോടികളുടെ അമൃത് പദ്ധതികള്‍
എല്‍ഡിഎഫ് ഭരിക്കുന്ന കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ ഇന്നലെ അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ നടപ്പാക്കുന്നതില്‍ ഭൂരിഭാഗവും കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെട്ടവ. അമൃത് പദ്ധതി വഴി 269 കോടി രൂപയാണ് നഗര വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ളത്. കുടിവെള്ള പദ്ധതിയ്ക്ക് അമൃത് പദ്ധതിയിലൂടെ 136 കോടി രൂപ കോര്പ്പറേഷന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഈ ഫണ്ടില്‍ നിന്ന് പകുതി സംഖ്യയേ കോര്പ്പറേഷന് ഇതുവരെ ചെലവാക്കിയിട്ടുള്ളൂ.
മൂന്നു കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന വഞ്ചിക്കുളം പാര്‍ക്ക് ആന്റ് ടൂറിസം പദ്ധതിയില്‍ ഒരു കോടി രൂപ അമൃത് പദ്ധതിയില്‍ നിന്നുള്ളതാണ്. എംഎല്‍എ ഫണ്ട് കൂടി ചേര്‍ത്ത് 3.5 കോടി രൂപ ചെലവില്‍ നടത്തുന്ന ചിയ്യാരം ആല്‍ത്തറ മുതല്‍ വിയ്യൂര്‍ പള്ളി വരെ റോഡ് വീതി കൂട്ടല്‍ പ്രവര്‍ത്തനത്തിനും അമൃത് പദ്ധതിയില്‍ നിന്ന് കോര്പ്പറേഷന് ഫണ്ട് അനുവദിച്ചിട്ടുണ്ട്.
വൈദ്യുതി ബജറ്റ്: ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനമെന്ന് പ്രഖ്യാപനം
ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം, സബ് സ്റ്റേഷന് വികസനം, വിതരണ ശൃംഖല നവീകരണം എന്നിവ പ്രഖ്യാപിച്ചുള്ള കോര്‍പ്പറേഷന്റെ 2021-22 വര്‍ഷത്തെ വൈദ്യുതി ബജറ്റ് ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന് അവതരിപ്പിച്ചു. 352 കോടി 80,60,000 രൂപ വരവും 335 കോടി 11,15,000 രൂപ ചെലവും 17 കോടി 68,45,000 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. നിലവിലെ 66 കെവി സബ് സ്റ്റേഷനുകള്‍ അപ്ഗ്രേഡ് ചെയ്ത് 110 കെവിയാക്കുമെന്നും 33 കെവി സബ് സ്റ്റേഷനില്‍ എട്ട് എംവിഎയുടെ പുതിയ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
സ്വരാജ് റൗണ്ടിലെ വൈദ്യുതിക്കാലുകള് മുഴുവന്‍ മാറ്റി അണ്ടര്‍ഗ്രൗണ്ട് വഴി വൈദ്യുതി കണക്ഷന് നല്‍കുമെന്നും ആകര്‍ഷകമായ വഴി വിളക്കുകള്‍ സ്ഥാപിച്ച് സ്വരാജ് റൗണ്ടിനെ മോടി കൂട്ടുമെന്നും ബജറ്റില്‍ പറയുന്നു. വൈദ്യുതി തടസം ഒഴിവാക്കാന്‍ പാട്ടുരായ്ക്കല്‍, ശങ്കരംകുളങ്ങര ക്ഷേത്രത്തിന് സമീപം, ചുങ്കം തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്റര്‍ലിങ്കിങ് സംവിധാനം ഫീഡറുകളില്‍ സ്ഥാപിക്കും. വൈദ്യുതി വിഭാഗം പൂര്‍ണമായും കമ്പ്യൂട്ടര്വല്ക്കരിക്കും. വൈദ്യുതി വിഭാഗത്തിന്റെ സേവനങ്ങള്‍ ഉപഭോക്താവിന്റെ വീട്ടുപടിക്കലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. അന്‍ഡ്രോയ്ഡ് സോഫ്റ്റ് വെയര്‍ ഉപയോഗപ്പെടുത്തി ക്യൂആര്‍ കോഡ് ഉപയോഗിച്ച് സ്പോട്ട് ബില്‍ സംവിധാനം പരാതിരഹിതമാക്കുന്നതിന് നടപടികളെടുക്കുമെന്നും ബജറ്റില്‍ വാഗ്ദാനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: