സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളുമായി യാതൊരു ചര്‍ച്ചയും നടത്തില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് കേരള ജനതയോടുള്ള വെല്ലുവിളിയാണ്. പിന്‍വാതില്‍-അനധികൃത നിയമനങ്ങള്‍ക്കെതിരെയും, പിഎസ്സി റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടും ആഴ്ചകളായി തുടരുന്ന സമരത്തിന് അനുദിനം പിന്തുണ വര്‍ധിക്കുകയാണ്. സമരത്തോട് ഐക്യം പ്രഖ്യാപിച്ച് നിരവധി സംഘടനകള്‍ രംഗത്തുവന്നു കഴിഞ്ഞു. തങ്ങളുടെ നീതിപൂര്‍വമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ യാചിച്ചും മുട്ടിലിഴഞ്ഞും സമരം നടത്തേണ്ടിവരുന്ന ഉദ്യോഗാര്‍ത്ഥികളുടെ നേര്‍ക്ക് സര്‍ക്കാര്‍ തിരിഞ്ഞുനോക്കുകപോലും ചെയ്യാത്തത് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം ഒന്നുകൊണ്ടു മാത്രമാണ്. മന്ത്രിമാരില്‍ ചിലര്‍ക്കും ചില ഘടകകക്ഷികള്‍ക്കും സമരം ചെയ്യുന്നവരുമായി ചര്‍ച്ചയ്ക്ക് താല്‍പ്പര്യമുണ്ടെങ്കിലും അങ്ങോട്ടു തിരിഞ്ഞുനോക്കുകപോലും വേണ്ടെന്ന ഉഗ്രശാസനയാണത്രേ പിണറായി നല്‍കിയിരിക്കുന്നത്. പ്രശ്നപരിഹാരത്തിന് യാതൊരു വഴിയും കാണുന്നില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവന സര്‍ക്കാരിന്റെ മനുഷ്യത്വരഹിതമായ സമീപനത്തിന് തെളിവാണ്.
വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ടു ചെയ്യാതെയും, പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാതെയും രാഷ്ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തി താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെയാണ് ഉദ്യോഗാര്‍ത്ഥികള്‍ മുഖ്യമായും സമരം ചെയ്യുന്നത്. ആയിരക്കണക്കിനാളുകളെയാണ് ഇങ്ങനെ പിന്‍വാതിലിലൂടെ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ കുടിയിരുത്തിയിട്ടുള്ളത്. ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണ കാലാവധി അവസാനിക്കാനിരിക്കെ യുദ്ധകാലാടിസ്ഥാനത്തില്‍ ഈ യുവജന വഞ്ചന തുടരുകയാണ്. തങ്ങളുടെ ഇഷ്ടക്കാരായ സാഹിത്യകാരന്മാരെ തിരഞ്ഞുപിടിച്ച് പുരസ്കാരങ്ങള്‍ നല്‍കുന്നതുപോലെയാണിത്. ഈ നിയമലംഘനത്തിനെതിരെ കനത്ത പ്രതിഷേധമുയരുമ്പോഴും മന്ത്രിസഭാ യോഗം ചേര്‍ന്ന് കൂടുതല്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ മടിക്കുന്നില്ല. കേരള ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടി ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും സര്‍ക്കാരിന് കുലുക്കമില്ല. നിയമന മേളയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. താല്‍ക്കാലികക്കാര്‍ക്ക് സ്ഥിര നിയമനം നല്കുന്നതിനു പിന്നില്‍ മറ്റൊരു ദുഷ്ടലാക്കും സര്‍ക്കാരിനുണ്ട്. നിയമപ്രകാരമുള്ള സംവരണം അട്ടിമറിക്കുകയെന്നതാണത്. ഫലത്തില്‍ പാര്‍ട്ടി താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി സാമൂഹ്യ നീതി കാറ്റില്‍പ്പറത്തുകയാണ്.
ഭരണാധികാരിയെന്ന നിലയ്ക്കുള്ള പിണറായി വിജയന്റെ ധാര്‍ഷ്ട്യം മാത്രമല്ല, സിപിഎമ്മിന്റെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും നഗ്നമായ ഇരട്ടത്താപ്പുകളുമാണ് ഇവിടെ വെളിപ്പെടുന്നത്. ദല്‍ഹിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നവര്‍ സാങ്കല്പ്പികമായ പ്രശ്നങ്ങളാണ് ഉന്നയിക്കുന്നതെങ്കിലും അവരുമായി നിരവധി തവണ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയുണ്ടായി. നിയമം റദ്ദാക്കുന്നതൊഴികെ സമരക്കാരുടെ ആവശ്യങ്ങള്‍ പലതും അംഗീകരിക്കാന്‍ തയ്യാറാവുകയും ചെയ്തു. എന്നിട്ടും മോദി സര്‍ക്കാര്‍ സമരക്കാരെ അടിച്ചമര്‍ത്തുന്നു എന്നു മുറവിളികൂട്ടുകയാണ് സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും ചെയ്തത്. അവരാണ് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളുമായി ഒരു തവണ പോലും ചര്‍ച്ച നടത്താന്‍ തയ്യാറാവാത്തത്. ഇതിനെക്കാള്‍ പരിഹാസ്യമാണ് രണ്ടാമത്തെ ഇരട്ടത്താപ്പ്. മമത ബാനര്‍ജി ഭരിക്കുന്ന ബംഗാളിലെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ അവിടുത്തെ സിപിഎം സമരം നടത്തുകയാണെന്നോര്‍ക്കുക. ഇക്കൂട്ടരാണ് മമത ചെയ്യുന്ന തെറ്റ് ഇവിടെ ആവര്‍ത്തിക്കുന്നതും, അതിനെതിരായ പ്രതിഷേധത്തെ അവഗണിക്കുന്നതും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതും. കേരളത്തിലെ ജനങ്ങള്‍ ഈ വഞ്ചനയും കാപട്യവും തിരിച്ചറിയുക തന്നെ ചെയ്യും. ഇവിടുത്തെ ഭരണക്കാര്‍ക്ക് പിന്‍വാതിലിലൂടെ രക്ഷപ്പെടേണ്ടിയും വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: