ഇസ്ലാമബാദ്: മതനിന്ദ ആരോപിച്ച് ക്രിസ്ത്യന്‍ നഴ്സിനെ സഹപ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു. പാക്കിസ്ഥാനിലെ കറാച്ചി ശോഭരാജ് മെറ്റേണിറ്റി ആശുപത്രിയിലെ തബിത നസീര്‍ ഗില്ലിനെയാണ് മര്‍ദ്ദിച്ചത്. തല്ലിച്ചതച്ച ശേഷം പോലീസിനെ കൊണ്ട് മതനിന്ദയ്ക്ക് കേസും എടുപ്പിച്ചു. മതനിന്ദയ്ക്ക് പാക്കിസ്ഥാനില്‍ വധശിക്ഷയാണ്.
ആദ്യ പ്രസവത്തിന് ലേബര്‍ റൂമിലേക്ക് കയറ്റിയ യുവതിയോട് സുഖപ്രസവത്തിന് ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കാം എന്നു പറഞ്ഞതിന്റെ പേരിലാണ് കേസ്. ഇതു കേട്ടതോടെ സഹപ്രവര്‍ത്തകര്‍ അവര്‍ക്കു നേരെ ചാടിവീണു. അക്രമം തുടങ്ങി. വളരെ കഷ്ടപ്പെട്ടാണ് ജീവന് രക്ഷിച്ചതെന്ന് ഫ്രാന്‍സ് 24 ഒബ്സര്‍വേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
മുറികളില്‍ നിന്ന് മുറികളിലേക്ക് ഓടിക്കയറിയ അവരെ ജനല്‍ തകര്‍ത്ത് അകത്തു കയറിയാണ് തല്ലിയത്. മൂന്നാം നിലയില്‍ നിന്ന് താഴത്തെ നില വരെ അവരെ വലിച്ചിഴച്ചു. പ്രസവിക്കാറായ യുവതിയെക്കൊണ്ടും നഴ്സിനെ തല്ലിച്ചു. മാസങ്ങളായി സഹപ്രവര്‍ത്തകര്‍ അവരെ നിരന്തരം ശല്യപ്പെടുത്തിവരികയായിരുന്നു.
പരാതി ലഭിച്ച പ്രകാരം പോലീസ് തെളിവെടുത്തുവെങ്കിലും മതനിന്ദ കണ്ടെത്താതെ വിട്ടയച്ചു. ഇതോടെ സഹപ്രവര്‍ത്തകരും ആശുപത്രിയിലെ ജീവനക്കാരും പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കി. നഴ്സ് പ്രവാചകനെതിരെ പറഞ്ഞുവെന്നാരോപിച്ചു. കേസ് എടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി. ഒടുവില്‍ പോലീസ് പ്രവാചക നിന്ദ ആരോപിച്ച് തബിത നസീര്‍ ഗില്ലിനെതിരെ കേസ് എടുത്തു.
അതേസമയം, ഇവരുടെ പേരില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഒരിടത്തും അവര്‍ പ്രവാചക നിന്ദ നടത്തിയതായി കാണുന്നുമില്ല. തബിത നസീര്‍ ഗില്ലും കുടുംബവും ഇപ്പോള്‍ ഒളിവിലാണ്. സമ്മര്‍ദ്ദത്തെ തുടന്ന് മതനിന്ദ കുറ്റം ഒഴിവാക്കിയാലും അവരുടെ ജീവിതം അപകടത്തിലാണെന്ന് അഭിഭാഷക ആന്‍ മരിയ പറഞ്ഞു.
ഹിന്ദുക്കളും ക്രിസ്ത്യാനികളും അഹമ്മദീയ മുസ്ലീങ്ങളും സിഖുകാരും (പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍) അടക്കം ആയിരക്കണക്കിന് പേര്‍ക്കെതിരെയാണ് മതനിന്ദ ആരോപിച്ച് കേസെടുത്തിട്ടുള്ളത്. 96 ശതമാനവും മുസ്ലീങ്ങളുള്ള പാക്കിസ്ഥാനില്‍ ഇതര മതക്കാര്‍ കൊടിയ പീഡനങ്ങളാണ് അനുഭവിക്കുന്നത്. സ്വതന്ത്ര്യം ലഭിക്കുന്ന സമയത്ത് 25 ശതമാനം ന്യൂനപക്ഷങ്ങളാണ് അവിടെ ഉണ്ടായിരുന്നത്. ഇപ്പോള്‍ വെറും മൂന്നു ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: