സജീവമായ മുപ്പതു വര്‍ഷങ്ങള്‍. മുപ്പത്തിയേഴ് സിനിമകള്‍. സംവിധാനം ചെയ്ത സിനിമകളിലേറെയും സൂപ്പര്‍ ഹിറ്റുകള്‍. ഒരുകാലത്ത് മലയാള സിനിമാ വ്യവസായത്തിന്റെ നിലനില്‍പ്പിനു സഹായിച്ച നിരവധി ചലച്ചിത്രങ്ങള്‍. രാജസേനന്‍ എന്ന സംവിധായകന്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന കാലം. 1982ല്‍ തുടങ്ങിയ ചലച്ചിത്ര ജീവിതം ഇന്നും തുടരുന്നു.
1984ല്‍ ആഗ്രഹം എന്ന ചിത്രത്തിലൂടെയാണ് രാജസേനന്‍ സംവിധായകനാകുന്നത്. പിന്നീട് ടി.ജി രവി മുഖ്യവേഷത്തിലെത്തിയ ‘പാവം ക്രൂരന്‍’ തുടങ്ങി നിരവധി ചിത്രങ്ങള്‍. മലയാളി എന്നും ഓര്‍ത്തുവയ്‌ക്കുന്ന, ഓര്‍ത്തോര്‍ത്തു ചിരിക്കുന്ന നിരവധി നല്ല സിനിമകള്‍ രാജസേനന്‍ സമ്മാനിച്ചു. കടിഞ്ഞൂല്‍ കല്യാണം, അയലത്തെ അദ്ദേഹം, മേലേപ്പറമ്പില്‍ ആണ്‍വീട്, സിഐഡി ഉണ്ണികൃഷ്ണന്‍, വാര്‍ധക്യപുരാണം, അനിയന്‍ ബാവ ചേട്ടന്‍ ബാവ, ആദ്യത്തെ കണ്‍മണി, സ്വപ്‌നലോകത്തെ ബാലഭാസ്‌കര്‍, ദില്ലിവാല രാജകുമാരന്‍, ദി കാര്‍, കഥാനായകന്‍, ശ്രീകൃഷ്ണപു
രത്തെ നക്ഷത്ര തിളക്കം, കൊട്ടാരംവീട്ടിലെ അപ്പൂട്ടന്‍, ഞങ്ങള്‍ സന്തുഷ്ടരാണ്, ഡാര്‍ളിങ് ഡാര്‍ളിങ് എന്നീ രാജസേനന്‍ ചിത്രങ്ങളെല്ലാം മലയാളി പ്രേക്ഷകര്‍ കൈനീട്ടി സ്വീകരിച്ചവയാണ്. ജയറാം എന്ന നടന് മലയാള സിനിമയില്‍ അംഗീകാരം നേടിക്കൊടുത്തത് രാജസേനന്റെ സിനിമകളാണ്. 17 സിനിമകളില്‍ അദ്ദേഹം ജയറാമിനെ നായകനായി അവതരിപ്പിച്ചു.
മലയാള സിനിമയുടെ കാഴ്ചപ്പാടുകളും രീതികളും മാറിയപ്പോള്‍ രാജസേനന്‍ പിന്‍വാങ്ങി. കുടുംബ പ്രേക്ഷകരുടെ സാധാരണ സിനിമകളായിരുന്നു രാജസേനന്റെത്. ഇപ്പോള്‍ കുടുംബ പ്രേക്ഷകര്‍ക്കായി ആരും സിനിമകളെടുക്കുന്നില്ലെന്നാണ് രാജസേനന്റെ പക്ഷം. ജനങ്ങളാസ്വദിക്കുന്ന, അവരുടെ ആഘോഷങ്ങള്‍ക്കൊപ്പം ചേരുന്ന സിനിമകളുടെ കാലം കഴിഞ്ഞിട്ടില്ലെന്നാണ് രാജസേനന്‍ കരുതുന്നത്. തന്റെ പ്രേക്ഷകര്‍ ഇപ്പോഴും ഇവിടെ തന്നെയുണ്ട്. അവര്‍ക്കായി കുടുംബ സിനിമകള്‍ വീണ്ടും ഉണ്ടായേ പറ്റൂ. തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമായും മാന്യമായും തുറന്നു പറയുന്നതിന് മടിക്കാത്ത സിനിമാരംഗത്തെ അപൂര്‍വം ചിലരില്‍ ഒരാളാണ് രാജസേനന്‍. മലയാള ചലച്ചിത്ര മേഖലയിലെ മാറിയ സാഹചര്യങ്ങളെക്കുറിച്ചും രാഷ്‌ട്രീയ രംഗത്തെക്കുറിച്ചും രാജസേനന്‍ സംസാരിക്കുന്നു.
# മലയാള സിനിമകള്‍ വല്ലാതെ മാറിപ്പോയിരിക്കുന്നു എന്ന അഭിപ്രായം താങ്കള്‍ക്കുള്ളതായി അറിയാം. ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞിട്ടുമുണ്ട്. ഈ മാറ്റത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?
കുടുംബ പ്രേക്ഷകരെയും സത്യസന്ധരായ ആസ്വാദകരെയും സൃഷ്ടിക്കുന്ന ചലച്ചിത്രങ്ങളായിരുന്നു കേരളത്തിന്റെ സിനിമാ പശ്ചാത്തലം. എപ്പോഴും ഇന്ത്യന്‍ സിനിമകളെ വിലയിരുത്തുമ്പോള്‍ പറയുന്നത് മലയാളത്തിലും ബംഗാളിലുമാണ് കലാമൂല്യമുള്ള സിനിമകള്‍ ഉണ്ടാകുന്നതെന്നാണ്. അങ്ങനെ വിലയിരുത്തപ്പെട്ടിരുന്ന കേരളത്തിലെ സിനിമകളാണിപ്പോള്‍ മാറി മറിഞ്ഞിരിക്കുന്നത്. മയാള സിനിമയിലെ ഏറ്റവും നല്ല മനുഷ്യനും കലാകാരനും ആയിരുന്നു പ്രേംനസീര്‍. പിന്നെ യേശുദാസ്. ഇവര്‍ രണ്ടും രണ്ട് സമുദായക്കാരായിരുന്നു. അന്ന് സിനിമയില്‍ എല്ലാ സമുദായക്കാരുമുണ്ട്. അന്നൊന്നും സിനിമയ്‌ക്കുള്ളില്‍ ജാതി ചിന്തകളോ വര്‍ഗ്ഗീയ തീവ്രവാദമോ ഉണ്ടായിരുന്നില്ല. രാഷ്‌ട്രീയ അതിപ്രസരവുമില്ല. പക്ഷേ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഒരു രഹസ്യ അജണ്ട വച്ചുള്ള സിനിമകള്‍ പുറത്തിറങ്ങുന്നു. ഇതൊക്കെ ആര്‍ക്കു കാണാന്‍വേണ്ടിയാണെന്ന് നമുക്ക് സംശയം തോന്നാം. സിനിമയ്‌ക്കുള്ളില്‍ മതവും മത തീവ്രവാദവും ശക്തമായി കടന്നുവന്നിരിക്കുന്നു. ഹിന്ദുനാമധാരികളായ കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ട് അവരെക്കൊണ്ട് ബോധപൂര്‍വ്വമായി തിന്മകളും മോശമായ പ്രവൃത്തികളും ചെയ്യിക്കുന്നു. ഇത്തരം സിനിമകള്‍ എടുക്കുന്നവര്‍ക്ക് രഹസ്യ അജണ്ടകള്‍ ഉണ്ട്. ഇത്തരം പ്രവണതകള്‍ മലയാള സിനിമകളെ പിന്നോട്ടടിക്കും.
# ഇത് സ്വാഭാവികമായി സംഭവിക്കുന്നതാണോ? കലാബാഹ്യമായ ചില താല്‍പ്പര്യങ്ങള്‍ ഇതിനു പിന്നിലുള്ളതായി കരുതുന്നുണ്ടോ?
സിനിമകളുടെ കഥ തെരഞ്ഞെടുക്കുന്നതുപോലും ഗൂഢമായ ഉദ്ദേശ്യത്തിന്റെ പുറത്താണ്. പല സിനിമകളും നിര്‍മ്മിക്കപ്പെടുന്നത് തെറ്റായ ഉദ്ദേശ്യത്തോടുകൂടിയാണെന്ന് പലപ്പോഴും തോന്നിപ്പോകും. അതിനകത്ത് നീചമായ രാഷ്‌ട്രീയ താത്പര്യം ഉണ്ട്. സമൂഹത്തെ വളരെയധികം തെറ്റിദ്ധരിപ്പിക്കുന്ന മത പ്രചാരണമുണ്ട്. കപട പുരോഗമന വാദികളും ചില ഫെമിനിസ്റ്റുകളും ആക്ടിവിസ്റ്റുകളും അത്തരം സിനിമകള്‍ക്ക് കയ്യടിക്കുമായിരിക്കും. പക്ഷേ അതൊന്നും നമ്മുടെ സംസ്‌കാരത്തെയോ കലയെയോ പ്രതിഫലിപ്പിക്കുന്ന സിനിമകളല്ല. ഇവിടെ നിരവധി അദ്ഭുത സിനിമകള്‍ പിറന്നതാണ്. അതുകൊണ്ട് തന്നെ രഹസ്യ അജണ്ടയോടെ പടച്ചുവിടുന്ന കപട സൃഷ്ടികളെ ജനം തിരിച്ചറിയും.
# താങ്കളെപ്പോലുള്ളവര്‍ ഒരുപാട് നല്ല സിനിമകള്‍ എടുത്തവരാണ്. ഇവരില്‍ പലരും ഇപ്പോഴും രംഗത്തുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് കലാമൂല്യമുള്ള, അജണ്ടകളില്ലാത്ത സിനിമകള്‍ പുറത്തുവരാത്തത്?
സിനിമാനിര്‍മ്മാണത്തിന് രഹസ്യമായി പണം നല്‍കുന്ന നിരവധിപേര്‍ മലയാളത്തിലുമുണ്ട്. മതം പറയുന്ന, ജിഹാദ് പറയുന്ന, ഹിന്ദുവിനെ പീഡിപ്പിക്കുന്ന സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നത് അങ്ങനെയാണ്. പരിശോധിച്ചാല്‍ ആര്‍ക്കും അക്കാര്യം മനസ്സിലാകും. ചില പ്രത്യേക പേരുകള്‍ നല്‍കുക, പ്രത്യേക കഥകളും കഥാപാത്രങ്ങളും സൃഷ്ടിക്കുക, ഇതൊക്കെ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസിലാകും. രഹസ്യ ധാരണയുള്ള സിനിമകളാണ് ഇവയെല്ലാം. പല സിനിമകളും ദയനീയ പരാജയമാണ്. പരാജയപ്പെടുമെന്ന് അറിയാമായിരുന്നിട്ടും പണം മുടക്കാന്‍ ആളെ കിട്ടുന്നു. കള്ളക്കടത്തും മയക്കുമരുന്നും സ്വര്‍ണക്കള്ളക്കടത്തും എല്ലാം ഒരുമിച്ച് പിടിക്കപ്പെട്ടപ്പോള്‍ അത്തരം സിനിമകള്‍ക്ക് അല്‍പ്പം കുറവ് വന്നിട്ടുണ്ട്. ഇതില്‍ നിന്നുതന്നെ മനസ്സിലാക്കാം ഫണ്ട് വന്നിരുന്നത് എവിടെ നിന്നായിരുന്നു എന്ന്. ഇത്തരം കേസുകളിലെല്ലാം സിനിമാക്കാരും ഉള്‍പ്പെടുന്നത് പതിവാണ്. ഈ ചങ്ങലയുമായി അടുത്ത ബന്ധം ഒരു വിഭാഗം സിനിമാക്കാര്‍ക്ക് ഉണ്ട്. സിനി
മയെ വളരെ മോശമായ രീതിയിലേക്ക് വഴിതിരിച്ച് വിട്ടതവരാണ്. കള്ളപ്പണത്തിന്റെ സ്വാധീനത്തില്‍ എന്തും ചെയ്യാമെന്നായപ്പോള്‍ സത്യസന്ധമായി സിനിമ ചെയ്യുന്നവര്‍ പുറത്തായി.
# പക്ഷേ ആവിഷ്‌കാര സ്വാതന്ത്ര്യം എന്നൊന്നുണ്ടല്ലോ. അതിന് മൂക്കുകയറിടാനാവുമോ?
മാന്യമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ചെറിയൊരു നിയന്ത്രണം വയ്‌ക്കാം. മാന്യമായല്ലാതെയാണ് ചിന്തിക്കുന്നതെങ്കില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഏത് തലത്തിലേക്ക് വേണമെങ്കിലും പോകാം. ഒരുതരം തീവ്ര കമ്മ്യൂണിസ്റ്റുകളുടെ ചിന്തയില്‍ ഉരിത്തിരിയുന്ന കാര്യങ്ങളാണ് അത്തരം സിനിമകളും ചിന്തകളുമെല്ലാം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരുപറഞ്ഞ് എന്തും ചെയ്യുന്നതിനെ കലയെന്ന് വിശേഷിപ്പിക്കാനാകില്ല.
# സിനിമകള്‍ മാത്രമല്ല, സിനിമക്കാരും തിരിച്ചറിയപ്പെടാനാവാത്ത വിധം മാറുന്നുണ്ടല്ലോ. ഏറ്റവും മോശമായ ഉദാഹരണമാണ് സംവിധായകന്‍ കമലിന് വന്ന മാറ്റം.
കമല്‍ സുഹൃത്താണ്. ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്നൊന്നും കമലില്‍ തീവ്ര കമ്മ്യൂണിസം കണ്ടിട്ടില്ല. തീവ്രമതവും കണ്ടിട്ടില്ല. വളരെ സൗഹാര്‍ദ്ദപരമായി ഇടപെട്ടിരുന്ന സുഹൃത്തുമാണ്. സിനിമയില്‍ നിന്ന് അല്‍പ്പം അകലാന്‍ തുടങ്ങിയ സമയത്ത് ഒരു കസേരയോ എന്തെങ്കിലും സ്ഥാനമോ കിട്ടാന്‍ വേണ്ടി പെട്ടന്ന് കമ്മ്യൂണിസ്റ്റായതാണെന്നുവേണം കരുതാന്‍. പണ്ട് എസ്എഫ്‌ഐയില്‍ ആയിരുന്നു, ഡിവൈഎഫ്‌ഐയില്‍ ഉണ്ടായിരുന്നു, എന്നൊക്കെ ചോദിച്ചാല്‍ പറയുമായിരിക്കും. പക്ഷേ കമല്‍ തീവ്ര കമ്മ്യൂണിസ്റ്റായതില്‍ സിനിമയില്‍ തന്നെ പലര്‍ക്കും അതിശയമാണ്. രാജ്യത്തെ സ്‌നേഹിക്കുന്നവരെ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ, സുരേഷ് ഗോപിയെ ചീത്ത വിളിക്കുക, തുടങ്ങി കമല്‍ പലരെയും ടാര്‍ജറ്റ് ചെയ്യുകയാണ്. ചലച്ചിത്ര അക്കാദമിയിലെ വിവാദ കത്ത് ഒരു മന്ത്രിപോലും ചെയ്യാന്‍ ഭയക്കുന്നതാണ്. പാര്‍ട്ടിക്കാരെ തള്ളിക്കയറ്റി രാഷ്‌ട്രീയ പ്രസ്ഥാനം വളര്‍ത്തിയെടുക്കാനാകുമെന്ന് ബാലിശമായി ചിന്തിക്കുന്നതിലേക്ക് കമല്‍ എത്തി. ബാലിശമായ കാര്യങ്ങളും അബദ്ധങ്ങളുമാണ് കമലില്‍ നിന്ന് ഉണ്ടാകുന്നത്. കടുത്ത കമ്മ്യൂണിസ്റ്റുകള്‍ പോലും കമലിന്റെ നിലപാടിനെ എതിര്‍ത്തിട്ടുണ്ട്.
# സംവിധായകന്‍ കമല്‍ താങ്കളുടെ അടുത്ത സുഹൃത്താണെന്ന് പറഞ്ഞുവല്ലോ. ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് എത്തിച്ചേര്‍ന്ന കമല്‍ നിലവാരമില്ലാത്ത രാഷ്‌ട്രീയക്കാരനായാണ് പെരുമാറിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല, രാഷ്‌ട്രീയക്കാര്‍ ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങള്‍പോലും ചെയ്യുന്നു. എന്തുതോന്നുന്നു?
ഞങ്ങള്‍ കോടമ്പാക്കത്ത് ഒരുമിച്ചു ജീവിച്ചിരുന്നവരാണ്. ഒരുമിച്ച് ജോലി ചെയ്തിട്ടുള്ളവരാണ്. എന്തെല്ലാം ബുദ്ധിമുട്ടുകളാണ് സഹിച്ചിട്ടുള്ളതെന്ന് രണ്ടുപേര്‍ക്കും അറിയാം; മറ്റു സിനിമാക്കാര്‍ക്കുമറിയാം. പ്രത്യേകിച്ച് ആ കാലഘട്ടത്തിലെ സിനിമാക്കാര്‍ക്കറിയാം. ഇന്ന് കമല്‍ പ്രശസ്തനാണ്. സമ്പത്തുണ്ട്. നരേന്ദ്ര മോദിജിയെ രണ്ട് ചീത്ത വിളിച്ചപ്പോള്‍ ഒരു കമ്യൂണിസ്റ്റ് കസേര കിട്ടി. പക്ഷേ ഒരു കാര്യം മറന്നുപോ
യി. കമലിന്റെ സിനിമകളെ വിജയിപ്പിച്ചിട്ടുള്ളത് ഈ കമ്യൂണിസ്റ്റുകാര്‍ മാത്രമൊന്നുമല്ല. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യരാണ്, ചെറുപ്പക്കാരാണ്. അത് മറക്കരുത്. ആ ചെറുപ്പക്കാരുടെ വയറ്റത്തടിക്കുന്ന ഒരു കാര്യമല്ലേ അടുത്തിടെ കമല്‍ ചെയ്തത്. ചലച്ചിത്ര അക്കാദമിക്ക് എഴുതിയ കത്തില്‍ ഇടതുപക്ഷ ചിന്താഗതിക്കാരെ മാത്രം ജോലിയില്‍ ഉള്‍പ്പെടുത്തണം എന്നുപറഞ്ഞ പാപകമായ ചിന്ത ഒന്ന് ആലോചിച്ചു നോക്കൂ. ശരിയാണോ അത്?
മക്കളെ പഠിപ്പിക്കാനയച്ചിട്ട് ഒരു ജോലി സമ്പാദിച്ചു വരുന്ന മകനെ/മകളെ സ്വപ്‌നം കണ്ട് ജീവിക്കുന്ന അച്ഛനമ്മമാര്‍. അവരുടെ ശാപം കിട്ടിയാല്‍ കമലിനെ ഒരു ദൈവവും രക്ഷിക്കില്ല. സത്യത്തില്‍ വളരെ സങ്കടം തോന്നി. എനിക്ക് ഒരുപാട് അടുത്തറിയുന്ന ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ പറയുകയാണ്. ദയവായി ഒരു കസേര കിട്ടി എന്നു വിചാരിച്ച് ലോകം മുഴുവന്‍ ആരാധിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചീത്ത വിളിക്കാതിരിക്കുക. ബിജെപി
യെയും സുരേഷ് ഗോപിയെയുമൊക്കെ ചീത്ത വിളിക്കരുത്. സുരേഷ് ഗോപി എന്തു തെറ്റാണ് കമലിനോടു ചെയ്തത്? അദ്ദേഹം നാടിനു വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്ന നല്ല ഒരു മനുഷ്യനാണ്. രാഷ്‌ട്രീയക്കാരന്‍ എന്നതിലുപരി ഒരു കലാകാരനാണ്. ഇങ്ങനെ എല്ലാവരെയും അടച്ചാക്ഷേപിച്ചിട്ട് എന്തെങ്കിലും ആനുകൂല്യങ്ങള്‍ക്കായി ജീവിതം ബാക്കിവയ്‌ക്കരുത്.
കമല്‍ നല്ല ചലച്ചിത്രകാരനാണ്. ഒരുപാട് സിനിമകള്‍ ചെയ്തതാണ്. ഈ സിനിമകളൊക്കെ ഇവിടെ വിജയിപ്പിച്ചിട്ടുള്ളത് ഫിലിം ഫെസ്റ്റിവലിനു മാത്രമായി മാളത്തിനു വെളിയിലിറങ്ങുന്ന താടിക്കാരല്ല. പാവപ്പെട്ട ചെറുപ്പക്കാരാണ്. ജോലി തേടി നടക്കുന്ന ചെറുപ്പക്കാരാണ്. അത് മറക്കരുത്. അതുകൊണ്ട് കമ്യൂണിസ്റ്റുവല്‍ക്കരണം എന്നത് അദ്ദേഹത്തിന്റെ ഉള്ളില്‍ മാത്രം ഒതുക്കിവച്ചിട്ട് സാധാരണക്കാരനുവേണ്ടി ഒന്നു ചിന്തിക്കണം. ഇനിയും സിനിമ ചെയ്യാനുള്ളതാണ്. ഈ ചെറുപ്പക്കാരാണ് തിയേറ്ററില്‍ കേറി അത് കാണേണ്ടത്. ദയവായി അത് മറക്കരുത്.
# ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയ്‌ക്ക് കമലിനെപ്പോലുള്ളവര്‍ക്കാണ് ഫിലിം ഫെസ്റ്റിവലുകളുടെ നിയന്ത്രണം. പലതരം പക്ഷപാതിത്വങ്ങള്‍ ഫെസ്റ്റിവലുകളില്‍ പ്രവര്‍ത്തിക്കുന്നതായി ആക്ഷേപമുണ്ട്.
ആദ്യം മുതല്‍ ഫിലിം ഫെസ്റ്റിവല്‍ കാണുന്ന ഒരാളെന്ന നിലയില്‍ മാറ്റങ്ങള്‍ കൃത്യമായി അറിയാം. നാലുവര്‍ഷമായി ഫിലിം ഫെസ്റ്റിവല്‍ നടത്തുന്നത് എന്തിനാണെന്ന് പോലും മനസ്സിലാകുന്നില്ല. 10000 പേര്‍ രജിസ്റ്റര്‍ ചെയ്യും. പക്ഷേ സിനി
മ കാണുന്നത് 2000 പേര്‍ മാത്രവും. ശേഷിക്കുന്നവര്‍ ചില പ്രത്യേക താത്പര്യങ്ങളുള്ളവരാണ്. ചില കാഴ്ചകളൊക്കെ കണ്ട് ആസ്വദിച്ച് കറങ്ങി നടക്കും. ഫെസ്റ്റിവലിന്റെ മുഖം മാറി വേറെന്തൊക്കെയോ ആഘോഷിക്കുന്നവരെയും അവിടെ കാണാം. ഇത്തരക്കാരുടെ വരവോടെ ഫെസ്റ്റിവലില്‍ തെരഞ്ഞെടുക്കുന്ന സിനിമകളുടെ സ്വഭാവവും മാറി. പ്രത്യേകിച്ച് കമലിനെ പോലൊരാള്‍ ചെയര്‍മാന്‍ കൂടി ആയതോടെ അത് പൂര്‍ണമായി. പല സിനിമകളിലും അത് പ്രകടമാണ്. ചിത്രങ്ങള്‍ തെരെഞ്ഞെടുക്കുന്ന രീതിയില്‍ പോലും അത് വ്യക്തമാണ്. ഈ പോക്കാണെങ്കില്‍ ഫിലിം ഫെസ്റ്റിവല്‍ താഴേക്ക് പോകും.
# മലയാള സിനിമാ രംഗത്തെ അനഭിലഷണീയമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയുന്നവരെ, ക്ലിക്കുകളെയും കോക്കസുകളെയും വിമര്‍ശിക്കുമ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വക്താവായി ചമയുന്നവര്‍ തന്നെ പ്രകോപിതരാവുന്നത് കണ്ടിട്ടുണ്ട്.
ഇതിനെയൊക്കെ എതിര്‍ത്തുപറഞ്ഞാല്‍ വര്‍ഗ്ഗീയ വാദി ആക്കുന്ന അവസ്ഥയാണുള്ളത്. സിനിമയില്‍ വ്യക്തമായ രാഷ്‌ട്രീയ വേര്‍തിരുവുണ്ട്. ഒന്നു രണ്ട് പ്രോജക്ടുകള്‍ ഞാന്‍ ആരംഭിച്ചിട്ടുണ്ട്. അതിന്റെ പ്രാഥമിക ഘട്ടങ്ങള്‍ തുടങ്ങിയപ്പോള്‍ പോലും രാഷ്‌ട്രീയ വേര്‍തിരിവ് പ്രകടമാണ്. പ്രധാനപ്പെട്ട മേഖലകളിലേക്ക് എത്തുമ്പോള്‍ അറിയാം അത് എത്രത്തോളം ഉണ്ടാകുമെന്ന്. ഞാന്‍ ഭാരതീയ ജനതാ പാര്‍ട്ടി അംഗവും ആര്‍എസ്എസിന്റെ ആരാധകനുമാണ്. പറയുന്നത് മതത്തെക്കുറിച്ചല്ല, രാജ്യത്തെയും രാജ്യസ്‌നേഹത്തെയും കുറിച്ചാണ്. അല്ലാതെ മതവും വര്‍ഗ്ഗീയതയും പറഞ്ഞ് നടക്കലല്ല.
# സെന്‍സറിങ് എന്നാല്‍ എല്ലാക്കാലത്തും ഒരു വിവാദവിഷയമാണ്. എന്നാല്‍ സെന്‍സറിങ് ആവശ്യമില്ലെന്നു വാദിക്കുന്നവര്‍ വളരെ വാശിയോടെ തന്നെ രംഗത്തുവരുന്നു. എന്തും കാണിക്കാനുള്ള ലൈസന്‍സ് വേണമെന്നാണ് വാദിക്കുന്നത്. സിനിമകള്‍ ആരേയും വഴിതെറ്റിക്കില്ലെന്ന ഒരു സ്ഥിരം യുക്തി ഇക്കൂട്ടര്‍ ഉന്നയിക്കാറുമുണ്ട്.
വെബ്‌സീരിസിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലും സെന്‍സറിങ് ഇല്ലെങ്കില്‍ തോന്ന്യാസങ്ങളൊക്കെ കാണിക്കും. ടിവി സീരിയലിനു പോലും വേണം സെന്‍സറിങ്. മനുഷ്യനെ വഴിതെറ്റിക്കുന്ന പല കഥകളും പല സീരിയലുകളിലും ഉണ്ട്. പ്രത്യേകിച്ച് സ്ത്രീകളെ വളരെ മോശമായിട്ട് ചിത്രീകരിക്കുന്ന സീരിയലുകള്‍. അത്തരം സീരിയിലുകള്‍ കണ്ടിട്ട് കല്യാണം കഴിക്കാന്‍ തന്നെ പേടി തോന്നുന്നവരുണ്ട്. അതുകൊണ്ട് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലെ സീരിയലുകള്‍ക്കുള്‍പ്പെടെ അവയുടെ സ്‌ക്രിപ്ടിനുമേല്‍ നിയന്ത്രണം വേണം. അതിനൊപ്പം സെന്‍സറിങ്ങിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും വേണം. പലപ്പോഴും സംവിധായകനും നിര്‍മ്മാതാവും നെട്ടോട്ടം ഓടുന്ന അവസ്ഥയാണ്.
# താങ്കള്‍ കുടുംബ ചിത്രങ്ങളുടെ സംവിധായകനാണ്. എന്നാല്‍ ഇപ്പോഴത്തെ ന്യൂജെന്‍ സിനിമകളില്‍ പലതിലും കുടുംബ സങ്കല്‍പ്പത്തെ പരിപോഷിപ്പിക്കാനാവില്ല.
പുതിയതലമുറ സിനിമയും അഭിനയവും സ്വാഭാവികമാക്കുന്നവരാണ്. ന്യൂജെന്‍ സിനിമകളില്‍ മുത്തച്ഛനും മുത്തശ്ശിക്കും പ്രസക്തിയില്ല. മുത്തച്ഛനും മുത്തശ്ശിയുമൊക്കെ വന്നാല്‍ നാടകീയത വരുമെന്ന് കരുതി ഒഴിവാക്കുന്നുമുണ്ട്. നാടകീയത ഇല്ലാതെ ഇത്തരം കഥാപാത്രങ്ങളെ ക്രാഫ്ട് ചെയ്യാം. അതൊന്ന് പുതിയ തലമുറ പരിശോധിക്കണം. കാരണം, സിനിമ ജനകീയ കലയാണ്. മനസ്സും മര്‍മ്മവും അറിഞ്ഞുകൊണ്ട് മനുഷ്യന്റെ കഥപറയുന്ന സിനിമകളാണ് വേണ്ടത്. അതില്‍ മുത്തച്ഛനും മുത്തശ്ശിയും വന്നാല്‍ സ്വാഭാവികത ഇല്ലാതാകുമെന്ന് ചിന്തിക്കുന്നത് തെറ്റാണ്. അവരെയും സ്വാഭാവിക അഭിനയത്തിലേക്ക് കൊണ്ടുവരാനാകും. അത്തരം മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാന്‍ പുതുതലമുറ പഠിക്കണം. മലയാള സിനിമ അപ്പോള്‍ കുടുംബങ്ങളിലേക്ക് മടങ്ങിവരികതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: