കൊച്ചി : പാലാ സിറ്റിങ് എംഎല്‍എ മാണി സി കാപ്പന് എല്‍ഡിഎഫ് വിട്ടു. യുഡിഎഫില്‍ ഘടകകക്ഷിയാകാനാണ് തീരുമാനം. മാണി സി കാപ്പന് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പാലാ സീറ്റും എല്‍ഡിഎഫില്‍ തുടരുന്നത് സംബന്ധിച്ച് എന്‍സിപി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം ഇന്ന് വൈകിട്ട് പുറത്തുവരാനിരിക്കേയാണ് മുന്നണിയില്‍ നിന്നും വിടുന്നതായി മാണി സി കാപ്പന് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ഘടക കക്ഷിയായി യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കുമെന്നും കാപ്പന് അറിയിച്ചിട്ടുണ്ട്. കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം തനിക്ക് അനുകൂലമായാലും ഇല്ലെങ്കിലും എംഎല്‍എ സ്ഥാനം രാജിവെക്കില്ല. ദേശീയ നേതൃത്വം ഒപ്പം നില്‍ക്കുമെന്ന് തന്നെയാണ് തന്റെ വിശ്വാസം. എന്തായാലും പാലായിലെ ജനങ്ങള്‍ തനിക്കൊപ്പം നില്ക്കും. പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് പിന്നീടുള്ള തീരുമാനങ്ങളാണെന്നും കാപ്പന് പ്രതികരിച്ചു.
എന്‍സിപി ഏഴ് ജില്ലാ പ്രസിഡന്റുമാരും ഒരു അഖിലേന്ത്യ സെക്രട്ടറിയും, ഒമ്പത് സംസ്ഥാന ഭാരവാഹികളും തനിക്കൊപ്പമാണ്. യുഡിഎഫിന്റെ കേരള യാത്രയില്‍ ഇവരും പങ്കെടുക്കും. പാലാ എംഎല്‍എ ആയ ശേഷം പാലായില്‍ വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് നടന്നത്. അതുകൊണ്ട് തന്നെ ഇത്തവണയും വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയമസഭാ സീറ്റ് വിഭജന കാര്യത്തില്‍ എല്‍ഡിഎഫ് തന്നെ അവഗണിക്കുകയായിരുന്നെന്നും കാപ്പന് കൂട്ടിച്ചേര്‍ത്തു.
അതേസമയം കോഴിക്കോട് ജില്ല കമ്മിറ്റി എന്‍സിപി ഔദ്യോഗിക വിഭാഗത്തോടൊപ്പം ഉറച്ച് നില്‍ക്കുമെന്ന് ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ്. മാണി സി. കാപ്പന് ആരുടേയും പിന്തുണയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: