ചെന്നൈ: ചെപ്പോക്കിലെ ആദ്യ തോല്‍വി ഇന്ത്യ മറന്നുകഴിഞ്ഞു. അലഭാവം വെടിഞ്ഞ് രണ്ടാം ടെസ്റ്റില്‍ വിജയം പിടിക്കാനുള്ള ഒരുക്കത്തിലാണ് കോഹ്ലിപ്പട. കാരണം, ഇനിയൊരുതോല്വി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലെന്ന ഇന്ത്യയുടെ സ്വപ്നത്തിന് തിരിച്ചടിയാകും. ജയം തന്നെ ലക്ഷ്യമാക്കി ഇന്ത്യന്‍ സൈന്യം ഇറങ്ങുകയാണ്. ഇംഗ്ലണ്ടുമായുള്ള രണ്ടാം ടെസ്റ്റ് ഇന്ന് ആരംഭിക്കും. രാവിലെ 9.30 മുതല്‍ സ്റ്റാര്‍സ്പോര്‍ട്സില്‍ തത്സമയം കാണാം.
ആദ്യ ടെസ്റ്റില്‍ തോറ്റതോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം റാങ്കില്‍ നിന്ന് നാലാം റാങ്കിലേക്ക് പിന്തളളപ്പെട്ടു. അതേസമയം ഇംഗ്ലണ്ട് വിജയത്തോടെ ഒന്നാം റാങ്കിലേക്ക് കയറി. ആദ്യ രണ്ട് സ്ഥാനക്കാരാണ് ലോര്‍ഡ്സിലെ ഫൈനലില്‍ ഏറ്റുമുട്ടുക. ന്യൂസിലന്‍ഡ് നേരത്തെ തന്നെ ഫൈനല്‍ ഉറപ്പിച്ചു.
ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന മൂന്ന്് ടെസ്റ്റുകളില്‍ രണ്ടെണ്ണത്തിലെങ്കിലും വിജയിച്ചാലേ ഇന്ത്യക്ക്് ഫൈനലില്‍ എത്താനാകൂ.
ചെപ്പോക്കിലെ പിച്ചിന്റെ സ്വഭാവം മാറിയിട്ടുണ്ട്. ആദ്യ ടെസ്റ്റില്‍ രണ്ട് ദിവസം കഴിഞ്ഞാണ് പന്ത് ടേണ്‍ ചെയ്തു തുടങ്ങിയത്. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ആദ്യ ദിവസം മുതല്‍ പന്ത് ടേണ്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ ടോസ് നിര്‍ണായകമാണ്. ടോസ് ലഭിക്കുന്ന ടീം ബാറ്റ് ചെയ്യാനാണ് സാധ്യത.
ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഇംഗ്ലീഷ് പേസര്‍മാരുടെ റിവേഴ്സ് സ്വിങ് ഭംഗിയായി നേരിട്ടു. അതേസമയം മറ്റ് ഇന്ത്യന്‍ ബാ്റ്റ്സ്മാന്മാര് പരാജയപ്പെട്ടു. ടെസ്റ്റ് സ്പെഷ്യലിസ്റ്റുകളായ പൂജാരയും രഹാനെയുമൊക്ക പിടിച്ചുനിന്നാലേ രണ്ടാം ടെസ്റ്റില്‍ വിജയം നേടാനാകൂ.
സ്പിന്നര്‍ അശ്വിന് തന്നെയാണ് ബൗളിങ്ങില്‍ ഇന്ത്യന്‍ കരുത്ത്. ചൊപ്പോക്കിലെ തിരിയുന്ന പിച്ചില്‍ അശ്വിന് അപകടകാരിയാകും. അശ്വിന് കൂട്ടായി പുതുമുഖം അക്ഷര്‍ പട്ടേല്‍ എത്തുമെന്നാണ് പ്രതീക്ഷ. പരിക്കില്‍ നിന്ന് മോചിതനായ അക്ഷറിനെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും.
ഓള് റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും അവസരം ലഭിക്കും. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങാന്‍ കഴിയുന്ന താരമാണ് ഹാര്‍ദിക്.
ഇംഗ്ലണ്ട് നാലു മാറ്റങ്ങളുമായാണ് രണ്ടാം ടെസ്റ്റിന് ഇറങ്ങുന്നത്. ആദ്യ ടെസ്റ്റില്‍ റിവേഴ്സ് സ്വിങ്ങിലൂടെ ഇന്ത്യയെ തകര്‍ത്ത പേസര്‍ ജെയിംസ് ആന്‍ഡേഴ്സണെ ഒഴിവാക്കി. പകരം സ്റ്റുവര്‍ട്ട് ബ്രോഡ് ടീമിലെത്തി. പുതുമുഖമായ സ്പിന്നര്‍ ഡോം ബെസിന് പകരം പരിചയസമ്പന്നനായ സ്പിന്നര്‍ മൊയിന്‍ അലിക്ക് അവസരം നല്കി. ജോസ് ബട്ലര്ക്ക് പകരം ബെന്‍ ഫോക്്സ് വിക്കറ്റ് കീപ്പറായി ടീമിലെത്തി.പരിക്കേറ്റ് പേസര്‍ ജോഫ്ര ആര്‍ച്ചറെ ഒഴിവാക്കി. ബൗളിങ് ഓള് റൗണ്ടര്‍ ക്രിസ് വോക്സോ പേസര്‍ ഒലി സ്റ്റോണോ പതിനൊന്നാമനായി ടീമില്‍ എത്തും.
രണ്ടാം ടെസ്റ്റ് വീക്ഷിക്കുന്നതിന് കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണത്തോടെ ഇരുപത്തയ്യായിരം പേര്‍ക്കാണ് പ്രവേശനം നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: