കോട്ടയം: പാലായില്‍ യുഡിഎഫ് ബര്‍ത്ത് ഉറപ്പിച്ച് എന്‍സിപി എംഎല്‍എ മാണി സി. കാപ്പന്. എന്‍സിപി കേന്ദ്ര നേതൃത്വം കൈക്കൊള്ളുന്ന തീരുമാനം അനുകൂലമായാലും പ്രതികൂലമായാലും പാലാ കൈവിട്ടുള്ള കളിക്കില്ലെന്ന നിലപാടിലാണ് കാപ്പന്. എന്‍സിപി കേരള ഘടകം ഒന്നായാണോ, മാണി സി. കാപ്പന് മാത്രമാണോ യുഡിഎഫിലേക്ക് എത്തുകയെന്ന് ഇന്നറിയാം.
ഇടതുമുന്നണി തന്നോട് അനീതി കാട്ടിയെന്ന കാപ്പന്റെ പ്രസ്താവനയെ മന്ത്രി ഏ.കെ. ശശീന്ദ്രന് വിമര്‍ശിച്ചിട്ടുണ്ട്. മുന്നണി മാറ്റ വിഷയത്തില്‍ പുനരാലോചന വേണമെന്നാണ് ശശീന്ദ്രന്റെ കേന്ദ്ര നേതൃത്വത്തോടുള്ള ആവശ്യം. കാപ്പന്റെ നിലപാട് ഏകപക്ഷീയമാണെന്നും മുന്നണി വിടേണ്ട രാഷ്ട്രീയ സാഹചര്യമില്ലെന്നുമുള്ള നിലപാടാണ് ശശീന്ദ്രന്. ഇതോടെ എന്‍സിപി കേരള ഘടകം പിളര്‍പ്പിന്റെ മുന്നിലാണ്. പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം കാപ്പനൊപ്പമോ, ശശീന്ദ്രന് ഒപ്പമോ എന്നു മാത്രമാണ് അറിയാനുള്ളത്. കാപ്പന്റെ മേന്മയല്ല പാലായിലെ വിജയമെന്ന് വിശദീകരിച്ച് സിപിഎം ജില്ലാ നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ മാണി സി. കാപ്പന് കൈപ്പത്തി’ചിഹ്നം വാഗ്ദാനം ചെയ്ത് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പാലായില്‍ പിന്തുണ വാഗ്ദാനം ചെയ്ത് ജനപക്ഷം നേതാവ് പി.സി. ജോര്‍ജ്ജും എത്തി.
ന്യൂദല്‍ഹിയിലുള്ള മാണി സി. കാപ്പന് ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റായ പാലായില്‍ മത്സരിക്കുമെന്നു തന്നെയാണ്. ഇതില്‍ നിന്ന് ചിത്രം ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞു.
കേരളത്തിന്റെ ചുമതലയുള്ള പ്രഫുല്‍ പട്ടേല്‍ ഗോവയില്‍ നിന്ന് ഇന്ന് ദല്‍ഹിയില്‍ മടങ്ങിയെത്തിയ ശേഷം മാണി സി. കാപ്പനും ടി.പി. പീതാംബരനുമായി നടത്തുന്ന അവസാനവട്ട ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും എന്‍സിപി യുടെ ഔദ്യോഗിക നിലപാട് പുറത്തുവരിക. മന്ത്രി എ.കെ. ശശീന്ദ്രന്റെ നിലപാടുകളെക്കുറിച്ചുള്ള കാപ്പന്റെ പ്രതികരണം ശശീന്ദ്രന് കോണ്‍ഗ്രസ് എസിലേക്ക് പോകുമെന്നാണ് അറിയുന്നത് എന്നായിരുന്നു.
ദല്‍ഹിയില്‍ നിന്ന് കാപ്പന് മടങ്ങിയെത്തുന്നതിന് പിന്നാലെ ഞായറാഴ്ചയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐശ്വര്യ കേരളയാത്ര പാലായില്‍ എത്തുന്നത്. ഈ സമയം അനുയായികള്‍ക്കൊപ്പം കാപ്പന് ജാഥയില്‍ പങ്കുചേരുമെന്ന സൂചനകളും പുറത്തുവരുന്നു.
യാത്രയുടെ പോസ്റ്ററുകളില്‍ കാപ്പന്റെ ചിത്രമുണ്ടെന്നാണ് വിവരം. പാലായില്‍ ജാഥാ ക്യാപ്റ്റന്‍ രമേശ് ചെന്നിത്തലയെ ഷാള്‍ അണിയിച്ച ശേഷമായിരിക്കും മാണി സി. കാപ്പന് തന്റെ നിലപാട് പ്രഖ്യാപിക്കുക. ഇതിനൊപ്പം എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, കേരള കോണ്‍ഗ്രസ് (ജോസഫ്) വര്‍ക്കിങ് ചെയര്മാന് പി.ജെ. ജോസഫ് എന്നിവര്‍ മാണി സി. കാപ്പനെ ഔദ്യോഗികമായി തന്നെ മുന്നണിയിലേക്ക് സ്വീകരിക്കും.
അതേസമയം, തങ്ങളുടെ കൈവശം വന്നു ചേര്‍ന്ന പാലാ സീറ്റ് കൈവിടുന്നതില്‍ കോണ്‍ഗ്രസില്‍ എതിര്‍പ്പുണ്ട്. സ്ഥാനാര്‍ഥിയാകാന്‍ തയാറായി നിന്നവര്‍ മുതല്‍ സാധാരണ പ്രവര്‍ത്തകര്‍ വരെ ഈ എതിര്‍പ്പ് പ്രകടിപ്പിക്കുന്നുമുണ്ട്. സീറ്റ് സ്വന്തമാക്കാന്‍ ലഭിച്ച കനകാവസരം തകര്‍ത്തുവെന്നാണ് ഇവരുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: