ആലപ്പുഴ: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ കുംഭഭരണി മഹോത്സവം 18ന് നടക്കും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ല കലക്ടറുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ പഞ്ചായത്ത് അധികാരികള്‍, തഹസീല്‍ദാര്‍,പതിമൂന്ന് കരകളുടെ പ്രതിനിധികള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ട നിബന്ധനകള്‍ക്ക് വിധേയമാണ് ഈ വര്‍ഷത്തെ കുംഭഭരണി ആഘോഷം നടക്കുന്നതെന്ന് ശ്രീദേവിവിലാസം ഹിന്ദുമത കണ്വന്ഷന് പ്രസിഡന്റ് എം.കെ. രാജീവ്, സെക്രട്ടറി എം.മനോജ്കുമാര്‍, റെജികുമാര്‍, രാധാകൃഷ്ണപണിക്കര്‍, ഗോപന് ഗോകുലം എന്നിവര്‍ അറിയിച്ചു.
ഭഗവതിയുടെ തിരുനാളായ കുംഭഭരണി ദിനം ക്ഷേത്രം പൂര്‍ണ്ണമായും പൂക്കള്‍ കൊണ്ട് അലങ്കരിച്ച് ആഘോഷ ചടങ്ങുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് നടത്തുന്നതിന് പതിമൂന്ന് കരകള്‍ തീരുമാനിച്ചു. 18ന് രാവിലെ നാലിന് ക്ഷേത്ര നട തുറക്കും. കുത്തിയോട്ടം നിശ്ചയിക്കപ്പെട്ടിരിക്കുന്ന രീതിയില്‍ ഭഗവതിക്ക് സമര്‍പ്പിക്കപ്പെടും, ഭക്തജനങ്ങള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ക്കു വിധേയമായി ദര്‍ശനത്തിനു സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കരകളില്‍ നിന്നുള്ള കെട്ടുകാഴ്ചകളുടെ സമര്‍പ്പണം ഒഴിവാക്കി പകരം തന്ത്രി നിശ്ചയിക്കുന്നതിന് വിധേയമായി ഭഗവതിക്ക് കരകളുടെ തിരുമുല്ക്കാഴ്ച സമര്‍പ്പണം ഉണ്ടാകും. രാത്രിയില്‍ കഥകളിയും, ആചാരപരമായി തിരുമുന്പില് വേലകളിയും, തുടര്‍ന്ന് എഴുന്നള്ളത്തും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: