പത്തനാപുരം: സുരക്ഷയില്ലാത്ത സ്‌കൂട്ടറുകള്‍ വിതരണം ചെയ്ത് ഇടതുപക്ഷം ഭരിക്കുന്ന പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത്. മോട്ടോര്‍ വാഹനവകുപ്പ് രജിസ്‌ട്രേഷന്‍ തടഞ്ഞ നാലുചക്ര സ്‌കൂട്ടറുകളാണ് പത്തനാപുരം എംഎല്‍എ ഗണേഷ്‌കുമാര്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തി പാവങ്ങള്‍ക്ക് നല്‍കിയത്.
പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ 2020-21 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗപരിമിതര്‍ക്ക് ഒരാഴ്ച മുമ്പാണ് ഒന്‍പത് സ്‌കൂട്ടറുകള്‍ എംഎല്‍എ വിതരണം ചെയ്തത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ബ്ലോക്ക് പഞ്ചായത്ത് ഒന്നാം ഘട്ടമെന്ന നിലയില്‍ പത്ത് പേര്‍ക്ക് വാഹനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ സ്‌ക്കൂട്ടറുകളുടെ വശങ്ങളിലെ ടയറുകള്‍ ശരിയായ രീതിയില്‍ ഘടിപ്പിക്കാത്തതിനാല്‍ മോട്ടോര്‍ വാഹനവകുപ്പ് രജിസ്‌ട്രേഷന്‍ ചെയ്ത് നല്‍കിയില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ ബാക്കിയുള്ള ഒമ്പത് വാഹനങ്ങളുടെ വിതരണം നിര്‍ത്തി വച്ചിരുന്നു. സ്‌ക്കൂട്ടര്‍ വിതരണ കമ്പിനി നേരിട്ടെത്തി അപാകത പരിഹരിക്കാമെന്ന് അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അപാകതയുള്ള മുച്ചക്രവാഹനങ്ങള്‍ കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ മുന്‍കൈയെടുത്ത് വീണ്ടും വിതരണം ചെയ്യുകയായിരുന്നു.
അംഗപരിമിതര്‍ ഈ വാഹനങ്ങള്‍ ഓടിച്ചാല്‍ സുരക്ഷ കുറവാണെന്ന് ചൂണ്ടിക്കാട്ടി മോട്ടോര്‍വാഹനവകുപ്പ് ‘റിജക്ട് ഓര്‍ഡര്‍’ പ്രസീദ്ധികരിച്ച വാഹനങ്ങളാണ് എംഎല്‍എ അംഗപരിമിതര്‍ക്ക് നല്‍കി പറ്റിച്ചത്. രജിസ്‌ട്രേഷന്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ മിക്കവരും ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് തന്നെ സ്‌കൂട്ടറുകള്‍ ഉപേക്ഷിച്ച് മടങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: