അപ്രതീക്ഷിതമായി കിട്ടുന്ന അനുഗ്രഹങ്ങളില്‍ സാധാരണ എല്ലാവരും സന്തോഷിക്കും. എന്നാല്‍ മഹര്‍ഷിമാരെ സംബന്ധിച്ചേടത്തോളം അവര്‍ക്ക് വ്യക്തിപരമായി കിട്ടുന്ന നേട്ടങ്ങള്‍ക്ക് പ്രാധാന്യമില്ലല്ലോ. ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര് ഒരുമിച്ച് തന്റെ മുമ്പില്‍ പ്രത്യക്ഷമായതറിഞ്ഞ് അത്രി മഹര്‍ഷി അവരെ വന്ദിച്ചു.
പക്ഷേ മഹര്‍ഷിക്ക് സംശയം. ഏകദൈവ സങ്കല്‍പ്പത്തിലാണ് ഞാന്‍ തപസ്സുചെയ്ത് ഉപാസിച്ചത്. എന്നിട്ടും സൃഷ്ടി സ്ഥിതി സംഹാര മൂര്‍ത്തികള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഞാന്‍ ഇവരെയെല്ലാം ഉപാസിച്ചിട്ടില്ല. ആ നിലയ്ക്ക് ഇവര്‍ മൂവരില്‍ നിന്നും അനുഗ്രഹം വാങ്ങിയാല്‍ അര്‍ഹതപ്പെടാത്ത ധനം സമ്പാദിച്ചപോലെയാകും. തന്റെ അധ്വാനത്തില്‍ കവിഞ്ഞ പ്രതിഫലം അര്‍ഹതപ്പെടാത്ത ധനം തന്നെയാണ്. ഞാന്‍ ഉപാസിച്ച ദേവന് ഇവരില്‍ ആരാണ്? മററു ദേവന്മാര് ഇത് ധിക്കാരമായി കാണരുത്. ഞാന്‍ ഉപാസിച്ച ദേവന്റെ അനുഗ്രഹമാണ് എനിക്കു വേണ്ടത്. നിങ്ങളില്‍ ആരാണ് എന്റെ ആരാധ്യന്‍ എന്ന് എനിക്കു വ്യക്തമാക്കി തന്നാലും.
അത്രി മഹര്‍ഷിയുടെ ഈ വാക്കുകള്‍ കേട്ട് മൂര്‍ത്തിത്രയം മന്ദഹസിച്ചു. മഹര്‍ഷിമാര്‍ പോലും തങ്ങളുടെ മായയില്‍ പെട്ട് സംശയാലുക്കളാകുന്നല്ലോ എന്ന് ചിന്തിച്ചു. ഞങ്ങള്‍ മൂന്നുപേരും വ്യത്യസ്തരല്ലെന്നും ഒരേ തത്വത്തിന്റെ മൂന്നു രൂപങ്ങള്‍ മാത്രമാണെന്നും അവര്‍ അത്രി മഹര്‍ഷിയെ ഓര്‍മിപ്പിച്ചു.
അഥാസ്മദംശഭുതാസ്തേ
ആത്മജാഃ ലോകവിശ്രുതഃ
ഭവിതാരോംഗ! ഭദ്രം തേ
വിസ്രപ്സ്യന്തി ച തേ യശഃ
അതിനാല്‍ നിന്റെ തപസ്സില്‍ പ്രസാദിച്ച് ഞങ്ങള്‍ മൂവരും അംശാവതാരങ്ങളായി നിനക്ക് കീര്‍ത്തി വര്‍ധനരായ സന്താനങ്ങളായി പിറക്കുന്നതാണ് എന്ന് അവര്‍ അത്രി മഹര്‍ഷിയെ അനുഗ്രഹിച്ചു.
ഈ അനുഗ്രഹ പ്രകാരം ബ്രഹ്മാംശമായി സോമനും വിഷ്ണ്വംശമായി ദത്താത്രേയനും ശിവാംശമായി ദുര്‍വാസാവും അത്രിപുത്രന്മാരായി അനസൂയയില്‍ ജനിച്ചു. ബ്രഹ്മാംശമായി പിറന്ന സോമന് സൃഷ്ടികള്‍ക്കുള്ള സാഹചര്യമൊരുക്കാന്‍, വാസനകള്‍ സൃഷ്ടിക്കാന്‍ നിലാവു പരത്തി ശോഭിച്ചു. വിഷ്ണ്വംശമായ ദത്താത്രേയന് ജ്ഞാനം പ്രദാനം ചെയ്യുന്ന മഹാഗുരുവായി പരിലസിച്ചു. ശിവാംശമായ ദുര്‍വാസാവ് ക്ഷോഭത്തിന്റെ മൂര്‍ത്തിമദ്ഭാവമായി ശാപപ്രദാനനായും ഭവിച്ചു. ഇതില്‍ ദത്താത്രേയ മഹര്‍ഷിയുടെ പേര് ദത്തന് എന്നും അറിയപ്പെട്ടു.
അത്രി മഹര്‍ഷിയുടെ ഭാര്യയായ അനസൂയയുടെ സന്നിധിയില്‍ ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര് പരീക്ഷണാര്‍ഥം ചെന്നു എന്നും ഒരു കഥയുണ്ട്. ആ കഥയനുസരിച്ച് ഈ മൂര്‍ത്തിത്രയം വേഷം മാറിച്ചെന്ന് അനസൂയയോട് ഭിക്ഷ യാചിച്ചുവത്രേ. ആവശ്യപ്പെട്ട ഭിക്ഷ വിശേഷമായിരുന്നു. അനസൂയയെ യഥാരൂപത്തില്‍ കാണണം എന്നായിരുന്നുവത്രേ ആവശ്യപ്പെട്ടത്. അതിനെന്താ ആകാമല്ലോ എന്ന് പറഞ്ഞ് അനസൂയാ ദേവി പ്രാര്‍ഥിച്ചപ്പോള്‍ മൂര്‍ത്തിത്രയം കൈക്കുഞ്ഞുകളായി മാറിയത്രേ. ആ മൂന്നു കുഞ്ഞുങ്ങളെയും അനസൂയാ ദേവി ഒരുമിച്ച് കൈകളില്‍ വാരിയെടുത്തപ്പോള്‍ അവര്‍ മൂന്നു മുഖമുള്ള ശിശുവായി മാറിയതാണ് ദത്താത്രേയന് എന്ന് ആ കഥയില്‍ പറയുന്നു. പിന്നീട് അവരുടെ തന്നെ ആവശ്യമനുസരിച്ച് അവര്‍ക്ക് മൂന്ന് രൂപങ്ങളും തിരിച്ചു നല്‍കുകയായിരുന്നു.
ഈ മൂന്നു ശിശുക്കള്‍ക്കും അനസൂയാദേവി മുലപ്പാല്‍ കൊടുത്തു വളര്‍ത്തി. ആ അമ്മ കൊടുത്ത പാല് ജ്ഞാനാമൃതമായിരുന്നു. ഏതൊരു പ്രതിസന്ധിയെയും തരണം ചെയ്യാനുതകുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ജ്ഞാനം.
മൂര്‍ത്തിത്രയത്തിനുപോലും അനസൂയാ ദേവിയില്‍ നിന്ന് വിദ്യ തേടേണ്ടി വന്നു എന്നത് വിദ്യ പരസ്പരം പകര്‍ന്നു നല്കാനുള്ളതാണ് എന്ന സൂചനയും തരുന്നു. ഒരാള്‍ ഒരു തരത്തില്‍ ഗുരുവാണെങ്കിലും മറ്റൊരു തരത്തില്‍ ശിഷ്യനാകുമെന്നും ഇത് പഠിപ്പിക്കുന്നു. ആദിഗുരുവായ സദാശിവമൂര്‍ത്തി പോലും ഇവിടെ അത്രി, അനസൂയമാരുടെ ശിഷ്യനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: