തിരുവനന്തപുരം: ഇന്നലെ രാത്രി പത്ത് മുപ്പതിന് ആകാശവാണി തിരുവനന്തപുരം ശ്രോതാക്കളെ അമ്പരിപ്പിച്ചു. രാത്രി പത്ത് മണിക്ക് ചലചിത്ര ഗാനങ്ങള്‍ കേള്‍ക്കാന്‍ റേഡിയോ തുറന്ന ശ്രോതാക്കള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞത് പാട്ടിനു പകരം പരസ്യം. അരമണിക്കൂല് പരിപാടിയില്‍ ഇരുപത് മിനിട്ടോളം പരസ്യം. ശ്രവണസുഖം പ്രതീക്ഷിച്ചിരുന്നവര്‍ക്ക് കിട്ടിയത് അരോചകമായ സര്‍ക്കാര്‍ പരസ്യം.
അതും മുഴുവനും അക്ഷര തെറ്റുള്ളത്. ആകാശവാണി മുന്‍ സ്റ്റേഷന് ഡയറക്ടര്‍ കെ എ മുരളീധരന് ഇതെ കുറിച്ച് ഫേസ് ബുക്കില്‍ എഴുതിയതിങ്ങനെ;
‘പുതിയ മാറ്റങ്ങളോടെ വിദ്യാലയങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഉദ്ഘാടനത്തിന്റെ പരസ്യം ഇന്ന് റേഡിയോയില്‍ പലതവണ കേട്ടു. ഫെബ്രു. ആറിന് നടക്കുന്ന ചടങ്ങിന്റെ വിവരമറിയിച്ചത് പുരുഷവനിത ശബ്ദങ്ങള്‍ മാറിമാറിയാണ്. സ്ത്രീശബ്ദത്തില്‍ ‘വിദ്യാബ്യാസം ‘കേട്ട് ഞെട്ടിയില്ല. ഇതൊക്കെയെന്ത്….? എന്ന് സലീം കുമാര്‍ മട്ടില്‍ വിട്ടു… അപ്പോഴതാ വീണ്ടും വരുന്നു … വിധ്യാര്ത്തി…. ഇവിടെയും ഞെട്ടാതിരിക്കാമായിരുന്നു. പക്ഷേ ഇത് വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പരസ്യമല്ലേ.? ആകെ തകര്‍ന്നു പോയി. അവിടം കൊണ്ടവസാനിക്കുമെന്ന് കരുതി. അപ്പോഴതാവരുന്നു ദനകാര്യ മന്ത്രിയും ചടങ്ങില്‍ പങ്കെടുക്കുമെന്ന്. അതോടെ ഞാന്‍ പെട്ടി പൂട്ടി. പരസ്യത്തിന് സാഹിത്യമെഴുതിക്കൊടുത്തതോടെ ബന്ധപ്പെട്ടവര്‍ ചുമതല ഒഴിഞ്ഞു കാണും. ഏജന്‍സിയെ അവര്‍ക്കത്ര വിശ്വാസമാണല്ലോ. ഇത്തരം കാര്യങ്ങളില്‍ ആരാണ് പരിശോധന നടത്തുക. സോഷ്യല്‍ ഓഡിറ്റിംഗ് എന്നൊക്കെ കേട്ടിട്ടുണ്ട് .സോഷ്യല്‍ മീഡിയ ആ പണി ചെയ്യട്ടെ. എന്താ?’
പ്രതികരിക്കാൻ ഇവിടെ എഴുതുക: