നയ്പിറ്റോ: മ്യാന്മര് വീണ്ടും പട്ടാള ഭരണത്തിലേക്ക്. ഓംഗ് സാന്‍ സുചിയും പ്രസിഡന്റ് വിന് മിന്‍ടും അറസ്റ്റില്‍. ഭരണകക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി)യുടെ നേതാക്കളെയും സൈന്യം തടവിലാക്കി. തെരഞ്ഞെടുപ്പിന് ശേഷം ഒംഗ് സാൻ സുചിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ചേരാനിരിക്കെയാണ് അപ്രതീക്ഷിത നീക്കം.
പ്രധാന നഗരങ്ങളെല്ലാം സൈന്യത്തിന്റെ പിടിയിലാണ്. രാജ്യത്ത് ഔദ്യോഗിക റേഡിയോ പ്രക്ഷേപണം നിര്‍ത്തി വച്ചു. തലസ്ഥാനത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഓംഗ് സാൻ സുചിയുറ്റെ എന്‍എല്‍ഡി വന്‍ വിജയം നേടിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറിയെന്നാണ് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷ പാര്‍ട്ടിയുടെ ആരോപണം.
സൈനിക നടപടികളോട് ജനങ്ങള്‍ വൈകാരികമായി പ്രതികരിക്കരുതെന്ന് എന്‍എല്‍ഡി വക്താവ് മയോ ന്യൂന്ത് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം നിര്‍ദേശിച്ചത്. നിയമപ്രകാരം മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു. പാര്‍ട്ടിയുടെ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ഹാന്‍ താര് മൈന്റിനെയും സൈന്യം തടവിലാക്കിയിട്ടുണ്ട്.
യാങ്കോണിലും നയ്പിറ്റോയിലും സൈനികര്‍ തെരുവിലുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സൈന്യവുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും മറുപടി ലഭിച്ചില്ല. അര നൂറ്റാണ്ട് നിന്ന പട്ടാളഭരണത്തിന് ശേഷം രാജ്യത്ത് നടന്ന രണ്ടാമത് പൊതുതെരഞ്ഞെടുപ്പിൽ ജനകീയ പിന്തുണ വർധിച്ചതാണ് സൈനിക അട്ടിമറിയിലേക്ക് നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: