കോട്ടയം: ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പക്ഷാചരണവും കുഷ്ഠരോഗ ബാധിതരെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് നടത്തുന്ന അശ്വമേധം ഭവന സര്‍വ്വേയുടെ മൂന്നാം ഘട്ടത്തിനും ജില്ലയില്‍ തുടക്കമായി.
ജില്ലാ കളക്ടര്‍ എം. അഞ്ജന വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അദ്ധ്യക്ഷനായി. ഇതോടനുബന്ധിച്ചു നടന്ന ജില്ലാതല സെമിനാറില്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ. പി.എന്‍. വിദ്യാധരന് വിഷയം അവതരിപ്പിച്ചു.
ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍ എന്നിവര്‍ സംസാരിച്ചു. പക്ഷാചരണത്തോടനുബന്ധിച്ച് ഫെബ്രുവരി 12 വരെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ കുഷ്ഠരോഗ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. കുടുംബശ്രീ അംഗങ്ങളെ രോഗലക്ഷണങ്ങള്‍ തിരിച്ചറിയാനും കുടുംബാംഗളെ പരിശോധിക്കാനും പ്രാപ്തരാക്കുകയാണ് ലക്ഷ്യം.
കുഷ്ഠരോഗ ബാധിതരെ കണ്ടെത്താനുള്ള അശ്വമേധം ഭവന സര്‍വ്വേയുടെ മൂന്നാം ഘട്ടത്തിന് ജില്ലാകളക്ടറുടെ വസതിയില്‍ വിവരശേഖരണത്തോടെയാണ് തുടക്കം കുറിച്ചത്. മാര്‍ച്ച് 15 വരെയുള്ള ദിവസങ്ങളില്‍ ആരോഗ്യവകുപ്പില്‍നിന്നുള്ള സ്ക്വാഡുകള്‍ വീടുകള്‍ സന്ദര്‍ശിച്ച് കുഷ്ഠരോഗ ലക്ഷണങ്ങളെക്കുറിച്ച് വിശദീകരിക്കും.
രോഗലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തി വിദഗ്ധ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് റഫര്‍ ചെയ്യും. കുഷ്ഠരോഗലക്ഷണങ്ങള്‍ സ്വയം കണ്ടെത്താന്‍ ആളുകള്‍ക്ക് സഹായകമാകുന്ന ലഘുലേഖയും വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: