യൂറോപ്പില്‍ മതത്തിന്റെ നീരാളിപ്പിടുത്തത്തില്‍നിന്നും മനുഷ്യത്വത്തെയും സാമൂഹിക ജീവിതത്തെയും മോചിപ്പിക്കാന്‍ ഉരുത്തിരിഞ്ഞു വന്ന ആശയമാണ് മതേതരത്വം. എന്നാല്‍ ഭാരതത്തിന്റെ മുഖമുദ്ര മതേതരത്വമല്ല. മതേതരത്വം ഒരു ഭാരതീയ സങ്കല്പമോ ഭാരതീയ സംസ്‌ക്കാര സംബന്ധിയോ അല്ല. മതേതരത്വത്തിന്റെ ഉത്ഭവം മതവിരുദ്ധതയില്‍ നിന്നാണെന്ന് ചരിത്രം അടിവരയിടുന്നു.
ഭാരതത്തിന്റെ അടിത്തറ ധര്‍മ്മമാണ്. ധര്‍മ്മം മതേതരമല്ല; മതേതര വിരുദ്ധവുമല്ല. മാനവരാശിയെയും, പോരാ പ്രാണികുലങ്ങളെയും ഭൂമിയെത്തന്നെയും സന്തുലനപ്പെടുത്തി നിര്‍ത്തുന്ന ജീവിത ദര്‍ശനമാണ് അത്. എളുതിനും നിലനില്‍ക്കാനും വളരുവാനും സ്വാതന്ത്ര്യമുള്ള അവസ്ഥ. വലുതിനെ ചെറുതിനെ പീഡിപ്പിക്കാത്ത, ചെറുതിന് അതിന്റെ സ്വത്വം സംരക്ഷിക്കാനും ആവിഷ്‌ക്കരിക്കാനുമുള്ള ഇടം. പരസ്പര പോഷണമാണ് മറിച്ച് ചൂഷണമല്ല അതിന്റെ സമീപന രീതി. ശത്രുതയില്ല, വര്‍ഗശത്രു, അവിശ്വാസി ഇത്യാദി വിഭജനങ്ങളില്ല. അര്‍ത്ഥവത്തായ സമത്വം ധാര്‍മ്മിക സമൂഹത്തിലേ ഉണ്ടാകൂ; അതേ സാദ്ധ്യമാകൂ.
ധര്‍മ്മം ജീവിതത്തില്‍ ക്ഷയിക്കുമ്പോഴാണ് അസമത്വവും ചൂഷണവും അനീതിയും ഉടലെടുക്കുന്നത്. ദീര്‍ഘകാല ചരിത്രമുള്ള ജനതയ്‌ക്ക് ഉയര്‍ച്ചതാഴ്ചകള്‍ ഉണ്ടാകും. അത് ജീവനുള്ള രാഷ്‌ട്രത്തിന്റെ അടയാളമാണ്. ധര്‍മ്മം ശോഷിക്കുമ്പോള്‍ അധ:പതനവും കരുത്താര്‍ജ്ജിക്കുമ്പോള്‍ പുരോഗതിയും ഉണ്ടാകും. സമൂഹത്തിന്റെ അലസ ജീവിതം കൊണ്ടാണ് ധര്‍മ്മം ക്ഷയിക്കുന്നത്. അതിനെ ഉയര്‍ത്താന്‍ ജനതയുടെ ജാഗരണം ആവശ്യമാണ്. മനുഷ്യപ്രയത്‌നം വേണം.
എപ്പോഴൊക്കെ ഭാരതത്തില്‍ ധര്‍മ്മം ക്ഷയിച്ച് സമൂഹം പരാജയത്തിന്റെ പടുകുഴിയിലേക്കു വീണോ അപ്പോഴൊക്കെ, അധ:പതനത്തിന്റെ കൈപ്പുനീര്‍ വേണ്ടത്ര കുടിച്ചു കഴിയുമ്പോള്‍, സമൂഹത്തിനുള്ളില്‍ നിന്നുതന്നെ ധര്‍മ്മോദ്ധാരണ ശക്തി ഉരുവംകൊണ്ടുവരും. ധര്‍മ്മക്ഷയത്തിന്റെ ദുരിതം ഒട്ടൊക്കെ അനുഭവിച്ചാലേ അതിന്റെ വില അറിയൂ. അപ്പോഴാണ് അത് വീണ്ടെടുക്കേണ്ടതാണെന്ന്, സംരക്ഷിക്കേണ്ടതാണെന്ന്, അനുഷ്ഠിക്കേണ്ടതാണെന്ന് സമൂഹത്തിനു ബോദ്ധ്യം വരിക. അത്തരമൊരു സാമൂഹിക സാഹചര്യത്തിലായിരുന്നു രാമന്റെ ജനനം.
അധികാരം നിലനില്‍ക്കുന്ന സമൂഹത്തില്‍ ഈ ധാര്‍മ്മികതയും പരസ്പരതയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഭരണാധികാരിക്കാണ്. അധികാരം കയ്യാളുന്നവര്‍ അധഃപതിച്ചാല്‍ സമൂഹവും അധഃപതിക്കും. അരാജകത്വമായിരിക്കും ആത്യന്തിക ഫലം. വലിയ ശക്തിമാനും സമ്പന്നനും ഒക്കെയായ രാവണന്‍ എന്ന ഭരണാധികാരി ഒരു പിടിച്ചുപറിക്കാരനായി അധ:പതിച്ചു. ബ്രാഹ്മണ കുലത്തില്‍ ജനിച്ച് ജീവിതം കൊണ്ട് രാക്ഷസനായി ചുരുങ്ങി. കൊള്ളയും അക്രമവും ദുര്‍ബ്ബലരെ കീഴടക്കലും ഒക്കെയായി ധര്‍മ്മവിരുദ്ധമായത് പലതും ചെയ്തുകൂട്ടി. അതിന്റെ ഭാഗമായിരുന്നു സീതാപഹരണവും.
സാംസ്‌ക്കാരിക സമൂഹത്തില്‍ ഭാര്യ ധര്‍മ്മസ്വരൂപിണിയാണ്, ഭര്‍ത്താവ് ധര്‍മ്മ സംരക്ഷകനും. രാവണന്‍ ഈ ധര്‍മ്മത്തെയാണ് അപഹരിച്ചത്. സീതയെ വീണ്ടെടുക്കുകയെന്നാല്‍ ധര്‍മ്മത്തെ പുന:സ്ഥാപിക്കുകയെന്നര്‍ത്ഥം. അതായിരുന്നു രാമന്റെ ജന്മദൗത്യവും. ധര്‍മ്മം പുനഃസ്ഥാപിക്കുന്നയാള്‍ സ്വയം ധര്‍മ്മിഷ്ഠനായിരിക്കണം. രാമന്‍ അതിന്റെ മൂര്‍ത്തിതന്നെയായി മാറി.
ഒരാള്‍ ഒരേ സമയം തന്റെ വ്യക്തിത്വത്തെ അനേകം മുഖങ്ങളിലൂടെ പ്രകടിപ്പിക്കേണ്ടി വരും. ഇവിടെ രാമന്‍ അച്ഛനു വേണ്ടി മകന്റെ ധര്‍മ്മം അനുഷ്ഠിച്ചു. സീതയെ കൂടെക്കൂട്ടിയതിലൂടെ ഭര്‍ത്താവിന്റെ ധര്‍മ്മം പാലിച്ചു. സീതയെ വീണ്ടെടുത്തതിലൂടെ രാജ്യത്തിന്റെ ധര്‍മ്മം കാത്തു. ഭാര്യയെ ഉപേക്ഷിച്ചെങ്കില്‍ രാജാവിന്റെ ( ഭരണാധികാരിയുടെ) ധര്‍മ്മമായിരുന്നു മുഖ്യമായി കരുതിയത്. രാജാവു മാത്രമല്ല രാജ്ഞിയും ധര്‍മ്മിഷ്ഠയാണെന്ന് ജനങ്ങള്‍ക്കു ബോദ്ധ്യമാവണം. ഭരണാധികാരി സ്വയം, ഞാന്‍ കേമനാണെന്നും എന്റെ ഭാര്യ മിടുക്കിയാണെന്നും ഞങ്ങള്‍ പ്രതേക ജനുസ്സില്‍ പെട്ടതാണെന്നും പ്രസംഗിച്ചാല്‍ പോര. ജനങ്ങളാണ് അത് അംഗീകരിക്കേണ്ടത്. അവിടെയാണ് രാമന്‍ രാജധര്‍മ്മം പാലിച്ചത്. അതില്‍ ഭാര്യയെപ്പറ്റി മാത്രം ചിന്തിക്കുന്നവര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടാകാം. അതു വേറെ കാര്യം.
രാമന്‍ എക്കാലത്തെയും ധര്‍മ്മ പ്രതിരൂപമായത് സ്വാര്‍ത്ഥതയ്‌ക്കപ്പുറം ധര്‍മ്മത്തിനു മാത്രം വില കല്പിച്ചതുകൊണ്ടാണ്. അതുകൊണ്ടാണ് എല്ലാക്കാലത്തും എല്ലാ തലമുറയിലും രാമന്‍ ബിംബമായത്. രാമകാലം മുതല്‍ ധര്‍മ്മരാജ്യത്തിന്റെയും ക്ഷേമരാജ്യത്തിന്റെയും പ്രതീകമായി രാമന്‍ മാറി. അതിനാലാണ് സ്വാതന്ത്ര്യം നേടാന്‍ പോകുന്ന വേളയില്‍ ക്ഷേമരാജ്യം എന്നാല്‍ രാമരാജ്യമാണെന്നു പറഞ്ഞു കൊണ്ട് ഗാന്ധിജി ജവഹര്‍ലാല്‍ നെഹ്‌റുവിന് കത്തെഴുതിയത് ( 1945 ഒക്ടോബര്‍ 5 ന്). ആ നീണ്ട കത്തില്‍ രാമരാജ്യമാണ് തന്റെ സ്വപ്‌നമെന്ന് ഗാന്ധിജി ആവര്‍ത്തിച്ചു. അത് തീരെ കൊള്ളില്ല എന്ന് മറുപടിയില്‍ നെഹ്‌റു തിരസ്‌ക്കരിച്ചു, പുച്ഛിച്ചു (1945 ഒക്ടോബര്‍ 9 ന്). അതിനാല്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ധര്‍മ്മവും ക്ഷേമവും ആദര്‍ശമല്ലാതായി. അധികാര താല്‍പ്പര്യം മൂത്തവര്‍ ധര്‍മ്മത്തെ മറയ്‌ക്കാന്‍ മതേതരത്വമെന്ന മുഖംമൂടി അണിഞ്ഞു. എന്നാല്‍ ഭാവാത്മക മതേതരത്വം സ്വീകരിച്ചോ, അതുമില്ല. തുല്യ അവകാശത്തിനും തുല്യ അവസരത്തിനും പകരം സ്വാര്‍ത്ഥ താല്പര്യത്തിനും അധികാരത്തിനും വേണ്ടി മതത്തെ ചന്തമുതലാക്കി അധ:പതിപ്പിച്ചു. ചുവന്ന തെരുവിലെ മാംസക്കച്ചവടവും മതേതരത്വത്തിന്റെ പേരു പറഞ്ഞ് ന്യൂനപക്ഷ സംരക്ഷണവും തുല്യമാക്കി. അധികാരം മാത്രം ലക്ഷ്യമായി. ക്ഷേമരാജ്യം വിദൂര സ്വപ്‌നമായി. ഭരണം നഗര കേന്ദ്രിതവും ഉദ്യോഗസ്ഥ- രാഷ്‌ട്രീയ കേന്ദ്രിതവുമായി.
അലക്കുകാരനും തൂപ്പുകാരനും രാമരാജ്യത്തില്‍ വിലയുണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തരം അത് വീണ്ടെടുത്തത് ഇപ്പോള്‍ മാത്രം. കഴിഞ്ഞ ഏതാനും വര്‍ഷത്തെ രാഷ്‌ട്രത്തിന്റെ ആദരം ഏറ്റുവാങ്ങിയവരുടെ (പത്മ അവാര്‍ഡുകള്‍) പട്ടിക പരിശോധിച്ചാല്‍ മാത്രം മതിയാകും അതു ബോദ്ധ്യപ്പെടാന്‍. രാമരാജ്യമെന്നത് വെറും ഉട്ടോപ്യന്‍ സ്വപ്‌നമല്ല എന്നര്‍ത്ഥം. സമൂഹത്തിലെ അവസാനത്തെ വരിയിലെ അവസാനത്തെ ആളിനെയും പരിഗണിക്കുക എന്നതാണ് ക്ഷേമരാഷ്‌ട്രത്തിലെ മാനദണ്ഡം. അതായിക്കഴിഞ്ഞു എന്നല്ല പറഞ്ഞു വരുന്നത്. അതിലേക്കുള്ള ആദ്യ ചുവടുകള്‍ വച്ചുതുടങ്ങി എന്നാണ്. മുന്നോട്ടു പോകാന്‍ ആദര്‍ശങ്ങളും പ്രതീകങ്ങളും ആവശ്യമാണ്. അതാണ് രാമക്ഷേത്രം. ധര്‍മ്മധ്വജം പോലെ, ധര്‍മ്മചക്രം പോലെ ഒന്ന്. രാമന്‍ എന്ന മാതൃക. ആ രാമനെ മുഴുവന്‍ ഭാരതവും അംഗീകരിച്ചിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഭരണഘടനയിലെ ചിത്രം. ലങ്കയില്‍ നിന്ന് അയോദ്ധ്യയിലേക്ക്, രാക്ഷസീയമായ അടിമത്തത്തില്‍ നിന്ന് ക്ഷേമരാജ്യത്തിന്റെ സംരക്ഷണയിലേക്ക്, അധാര്‍മ്മികതയുടെ ദേശത്തു നിന്ന് ധര്‍മ്മത്തിന്റെ വിളഭൂമിയിലേക്ക് സീതയെ വീണ്ടെടുത്തു പുഷ്പകവിമാനത്തില്‍ വരുന്ന ചിത്രം. എന്തിനായിരുന്നു അത്തരമൊരു ചിത്രം ഭരണഘടനയുടെ ഡ്രാഫ്റ്റ് കോപ്പിയില്‍ വരച്ചു ചേര്‍ത്തത്? ആ ചിത്രസങ്കല്പത്തിന്റെ പൂര്‍ത്തീകരണമാണ് അഞ്ചു നൂറ്റാണ്ടു മുമ്പ് അടിമത്തത്തിന്റെ അടയാളമാക്കി മാറ്റിയ, അപമാനത്തിന്റെ ചിഹ്നമാക്കി നിര്‍ത്തിയ അയോധ്യയിലെ രാമക്ഷേത്രത്തെ പുനര്‍നിര്‍മ്മിക്കുക എന്നത്. ആക്രമണകാരികളുടെ പാരമ്പര്യം അവകാശപ്പെടാത്ത മുഴുവന്‍ ഭാരതീയര്‍ക്കും ഇതൊരു അഭിമാ മുഹൂര്‍ത്തമാണ്. 2026 ല്‍ അധിക്ഷേപത്തിന്റെ അഞ്ചു നൂറ്റാണ്ട് തികയും. നിരന്തര പോരാട്ടത്തിന്റെയും അഞ്ചു നൂറ്റാണ്ടാണത്. അതിന്റെ പര്യവസാനം ആത്മാഭിമാനത്തിന്റെ പുനഃസ്ഥാപനമാണ്. അതുള്ളവര്‍ക്കൊക്കെ സന്തോഷിക്കാവുന്ന ശുഭമുഹൂര്‍ത്തം. ‘ആയിരിത്താണ്ടുകളുടെ അടിമത്തത്തിന്റെ കളങ്കം നാം കഴുകിക്കളയുന്നു’ എന്ന് സോമനാഥ ക്ഷേത്രത്തിന് അഭിഷേകം നടത്തി ഉദ്ഘാടനം ചെയ്ത വേളയില്‍ രാഷ്‌ട്രപതി ഡോ: രാജേന്ദ്രപ്രസാദ് പ്രഖ്യാപിച്ചത് ആവര്‍ത്തിക്കാം. കഴിഞ്ഞ അഞ്ചു നൂറ്റാണ്ടായി ഭാരതീയര്‍ ചുമക്കേണ്ടി വന്ന അപമാനത്തിന്റെ വിഴുപ്പുകെട്ട് വലിച്ചെറിയാം; സ്വദേശാഭിമാനം വീണ്ടെടുക്കാം. ആ ചരിത്രമുഹൂര്‍ത്തം സ്വത്വത്തിന്റെ വീണ്ടെടുപ്പാണ്. രാഷ്‌ട്രാത്മാവിന്റെ ആവിഷ്‌ക്കരണവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: