ന്യൂദല്‍ഹി: സമാനതകളില്ലാത്ത ബജറ്റുമായി ഇന്ത്യയ്ക്ക് സാമ്പത്തിക വാക്സിന് കൊടുക്കാന്‍ നിര്‍മ്മല സീതാരാമന്. ഫിബ്രവരി ഒന്ന് തിങ്കളാഴ്ച അവതരിപ്പിക്കുന്ന കടലാസില്ലാ ബജറ്റ് മുഴുവന്‍ ഇക്കുറി അപ്പപ്പോള്‍ ആപ് വഴി അറിയാം. ഇതിനുള്ള ആപ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
കോവിഡ് മൂലം തകര്‍ന്ന ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് പുനരുജ്ജീവനം നല്കാന് ആരോഗ്യരംഗം, അടിസ്ഥാന സൗകര്യം, പ്രതിരോധം എന്നിവയ്ക്ക് കൂടുതല്‍ തുക നീക്കിവെക്കുന്നതായിരിക്കും ഈ ബജറ്റെന്ന് ഉറപ്പിക്കാം. മോദി ഭരണത്തിന് കീഴില്‍ അവതരിപ്പിക്കുന്ന ഒമ്പതാമത്തെ ബജറ്റില്‍ പുതിയ തൊഴിലവസരങ്ങളും ഗ്രാമവികസനവും പ്രതീക്ഷിക്കാം. ഒപ്പം സാധാരണക്കാരന് പണമായി ധനസഹായപ്രഖ്യാപനവും വിദേശ നിക്ഷേപത്തെ ആകര്‍ഷിക്കാന്‍ ബിസിനസ് സൗഹൃദനിര്‍ദേശങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നു.
പരമ്പരാഗതമായി തുകല്‍ ബാഗുമായി ധനമന്ത്രി എത്തുന്ന രീതി മാറ്റി ചുവന്ന പട്ടില്‍ പൊതിഞ്ഞ ബജറ്റ് കൊണ്ട് വന്ന് ഒരു മാറ്റം സൃഷ്ടിച്ച ധനമന്ത്രി നിര്‍മ്മല ഇക്കുറി കടലാസില്ലാ ബജറ്റിലൂടെ വീണ്ടും മാറ്റം സൃഷ്ടിക്കുകയാണ്. ഒരൊറ്റ പൈസപോലും അച്ചടിയ്ക്ക് ചെലവാക്കാതെയാണ് ഇക്കുറി ബജറ്റ് തയ്യാറാക്കിയത്
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ വീണ്ടും ട്രാക്കിലേക്ക് തിരികെക്കൊണ്ടുവരുന്ന ബജറ്റാണെന്നാണ് ധനമന്ത്രി അവകാശപ്പെടുന്നത്. 2021 സാമ്പത്തികവര്‍ഷത്തില്‍ വാര്‍ഷിക മൊത്ത ആഭ്യന്തരോല്പാദനം (ജിഡിപി) 7 മുതല്‍ 8 ശതമാനം വരെ ചുരുങ്ങുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പൊതുവേ അഭിപ്രായപ്പെടുന്നത്. വീണ്ടും സമ്പദ് വ്യവസ്ഥയെ തിരികെക്കൊണ്ടുവരിക എന്ന ദുഷ്കരമായ പ്രക്രിയയാണ് ധനമന്ത്രിക്ക് നിര്‍വ്വഹിക്കാനുള്ളത്. അവിടെയാണ് ഈ ബജറ്റിന്റെ പ്രസക്തി.
2019-20ല്‍ ജിഡിപി വളര്‍ച്ച 11 വര്‍ഷത്തെ ചരിത്രത്തില്‍ 4 ശതമാനമായി ചുരുങ്ങിയിരുന്നു. കൊറോണ ബാധിച്ച വര്‍ഷം ജിഡിപി രണ്ട് സാമ്പത്തികപാദങ്ങളില്‍ തുടര്‍ച്ചയായി ചുരുങ്ങി. അത് സമ്പദ്ഘടനയെ ഒരു പണപ്പെരുപ്പത്തിന്റെ വക്കിലെത്തിക്കുകയായിരുന്നു. ഇതില്‍ നിന്നും സമ്പദ്ഘടനയെ രക്ഷിക്കാന്‍ ആത്മനിര്‍ഭര്‍ 1,2,3 പാക്കേജുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നിക്ഷേപവും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്യുന്നവയായിരുന്നു ഈ പ്രഖ്യാപനങ്ങള്‍. ഉത്തേജകപാക്കേജ് 21 ലക്ഷം കോടിയായിരുന്നെങ്കിലും അതിന്റെ യഥാര്‍ത്ഥ സാമ്പത്തിക പ്രത്യാഘാതം 3.5 ലക്ഷം കോടിയായിരുന്നു. ഇത് ജിഡിപിയുടെ 1.8 ശതമാനം വരും.
രണ്ട് വാക്സിനുകള്‍ എത്തിക്കുകയും രാജ്യത്ത് വാക്സിന് നല്കുന്ന പദ്ധതി തുടങ്ങിവെക്കുകയും ചെയ്തതിന്റെ ആത്മവിശ്വാസം ഇപ്പോഴുണ്ട്. ലോകത്തിന്റെ ഫാര്‍മസി എന്ന് ഇന്ത്യയെ ലോകം തന്നെ വിളിച്ച അഭിമാനനിമിഷത്തിലാണ് ഈ ബജറ്റവതരണം. ഭാരത് പെട്രോളിയം, എയര്‍ ഇന്ത്യ, ഷിപ്പിംഗ് കോര്പറേഷന് ഓഫ് ഇന്ത്യ എന്നീ കമ്പനികളുടെ സ്വകാര്യവല്‍ക്കരണം വഴി വലിയൊരു വരുമാനവും പ്രതീക്ഷിക്കുന്നുണ്ട്. തീര്‍ച്ചയായും പുറത്തുനിന്നുള്ള കടമെടുപ്പ് വര്‍ധിക്കുമെന്ന് തീര്‍ച്ച. എന്തൊക്കെയായാലും ഈ ബജറ്റ് ഒരു സാമ്പത്തിക വാക്സിനായിരിക്കുമെന്നുറപ്പാണ്. അത് മഹാമാരി തകര്‍ത്തെറിഞ്ഞ ഇന്ത്യയുടെ തകര്‍ന്ന സമ്പദ് വ്യവസ്ഥയെ വീണ്ടും പഴയ ആരോഗ്യത്തിലേക്ക് നയിക്കുമെന്ന് കരുതാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: