ബെല്‍ഗാവി: കര്‍ണ്ണാടകയും മഹാരാഷ്ട്രയും തമ്മിലുള്ള തര്‍ക്കത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്ത് കര്‍ണ്ണാടക ഡെപ്യൂട്ടി മുഖ്യമന്ത്രി ഗോവിന്ദ് ബി കര്ജോള്. ഛത്രപതി ശിവജിയുടെ ഉല്പത്തി കര്ണ്ണാടകത്തിലാണെന്ന് ഉദ്ദവ് താക്കറെ മനസ്സിലാക്കണമെന്ന് ഗോവിന്ദ് ബി കര്ജോള്.
‘ഉദ്ധവ് താക്കറെ ഇന്ത്യന്‍ ചരിത്രം ശരിയായി പഠിച്ചിട്ടില്ല. ഛത്രപതി ശിവജിയുടെ പൂര്വ്വികന് ബെല്ലിയപ്പ എന്നറിയപ്പെടുന്ന ആള് കര്‍ണ്ണാടകയിലെ ഗഡഗ് ജില്ലയിലെ സൊറട്ടൂറില് നിന്നാണ്. സ്വന്തം ഗ്രാമം വരള്‍ച്ചയുടെ പിടിയിലായപ്പോള്‍ അദ്ദേഹം മഹാരാഷ്ട്രയിലേക്ക് കുടിയേറി. ഉദ്ദവ് ഇത് മനസ്സിലാക്കണം,’ ഗോവിന്ദ ബി കര്ജോള് പറഞ്ഞു.
ഛത്രപതി ശിവജി എന്ന മറാത്ത രാജാവ് ബെല്ലിയപ്പയുടെ നാലാം തലമുറക്കാരനാണ്. ‘മറാത്തിയും കര്‍ണ്ണാടകയും സംസാരിക്കുന്ന ജനങ്ങള്‍ ബെലഗാവിയില്‍ ഐക്യത്തോടെയാണ് ജീവിച്ചുവരുന്നത്. അവര്‍ക്കിടയില്‍ ഒരിക്കലും ഭാഷ തടസ്സമായിരുന്നില്ല,’ കര്‍ണ്ണാടക മന്ത്രി പറഞ്ഞു.
നേരത്തെ മറാത്ത ഭാഷ സംസാരിക്കുന്ന കര്‍ണ്ണാടകത്തിലെ ബെലഗാവി ഉള്‍പ്പെടെയുള്ള അതിര്‍ത്തി ദേശങ്ങള്‍ കേന്ദ്രഭരണത്തിന്കീഴിലാക്കണമെന്ന് ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി മുംബൈയെ കേന്ദ്രഭരണത്തിന് കീഴിലാക്കണമെന്ന് കര്‍ണ്ണാടകവും തിരിച്ചടിച്ചിരുന്നു. രണ്ട് സംസ്ഥാനങ്ങളും പ്രസ്തവാന യുദ്ധങ്ങള്‍ നടത്തുന്നതിനിടയിലാണ് കര്‍ണ്ണാടക ഉപമുഖ്യമന്ത്രിയുടെ ഇടപെടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: