തിരുവനന്തപുരം: കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസിലെ ഹൈമവതിക്കുളത്തില് നിന്ന് എന്നെന്നേക്കുമായി കുടിയിറക്കപ്പെട്ടുവെന്നുകരുതിയ ‘ഹൈമവതിയെന്ന’ യക്ഷി വീണ്ടും തിരിച്ചെത്തിയോ എന്ന് സംശയം. ഇതോടെ കാമ്പസിലെ ക്വാര്‍ട്ടേഴ്സുകളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ മനസ്സില്‍ ‘ഹൈമവതിപ്പേടി’ തിരികെയെത്തി. മാസങ്ങളായി ആളനക്കമില്ലാതെ കിടക്കുന്ന കാമ്പസിലെ ഹൈമവതിക്കുളത്തിന് സമീപത്തു നിന്ന് നട്ടുച്ചസമയത്തും രാത്രിയിലും ഒറ്റപ്പെട്ട പാട്ടും നിലവിളികളും പതിവായതോടെയാണ് പേടിപ്പെടുത്തുന്ന പഴയ കഥകള്‍ നാട്ടുകാരുടെ മനസ്സില്‍ വീണ്ടും ചേക്കേറിയത്.
എന്നാല്‍, ഇപ്പോഴത്തെ സംഭവത്തിന് പിന്നില്‍ സാമൂഹ്യവിരുദ്ധരാണെന്നും ഇവരുടെ സൈ്വര വിഹാരത്തിന് തടസം വരാതിരിക്കാന്‍ ചിലരുടെ ഭാവനയില്‍ തെളിഞ്ഞ പദ്ധതിയാണ് ഹൈമവതിയെ വീണ്ടും കുളത്തിലെത്തിച്ചുള്ള ഭയപ്പാട് സൃഷ്ടിക്കല്‍ എന്നുമാണ് ഒരു വിഭാഗത്തിന്റെ കണ്ടെത്തല്‍.
ഏതാനും ആഴ്ചകളായി പണ്ടത്തെപ്പോലുള്ള അപസ്വരങ്ങള്‍ ആ ഭാഗത്തുനിന്ന് ഉയരുന്നതായി ആക്ഷേപം ഉണ്ടായതിനെ തുടര്‍ന്ന് കാമ്പസിലെ സുരക്ഷാ ചുമതലയുള്ള ജീവനക്കാര്‍ അസമയങ്ങളിലെത്തി പരിശോധന നടത്തി. നാട്ടുകാരുടെ ആവലാതിയില്‍ കഴമ്പുണ്ടെങ്കിലും പുറത്തുനിന്നുള്ള ആരെയും കണ്ടെത്താനായില്ലെന്നും സാക്ഷ്യപ്പെടുത്തുന്നു. അതിനു ശേഷം ജീവനക്കാര്‍ ഇപ്പോള്‍ ആ ഭാഗത്തേക്ക് എത്തിനോക്കാറില്ല.
പണ്ടെങ്ങോ ക്യാമ്പസിന്റെ ഒരു ഭാഗത്തുള്ള കുളത്തില്‍ മുങ്ങിമരിച്ച ഹൈമവതിയെന്ന യുവതിയുടെ പ്രേതം ഇന്നും അവിടെ അലഞ്ഞുതിരിഞ്ഞു നടക്കുന്നു എന്നായിരുന്നു വിശ്വാസം. 1950 കളില്‍ അവിടെ താമസിച്ചിരുന്ന ഒരു ബ്രാഹ്മണകുടുംബത്തിലെ യുവതിയായിരുന്നു ഹൈമവതി. അന്യജാതിക്കാരനായ ഒരു യുവാവുമൊത്തുള്ള പ്രണയം ഹൈമവതിയുടെ വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്നാണ് ഹൈമവതിയുടെ ദുരൂഹ മരണം ഉണ്ടാകുന്നത്.
ആഗ്രഹം പൂര്‍ത്തിയാക്കാതെ മരിച്ച അവളുടെ പ്രേതം യക്ഷിയായി ആ കാടുകളില്‍ ചുറ്റിത്തിരിയുന്നുവെന്നും കാര്യവട്ടം കാമ്പസിലെ ഹോസ്റ്റലില്‍ താമസിക്കുന്നവര്അസമയങ്ങളില് കാട്ടില്‍ നിന്ന് ഒരു സ്ത്രീയുടെ നിലവിളി കേട്ടിരുന്നു എന്നൊക്കെയാണ് പ്രചരിച്ച കഥകള്‍. നവീകരണത്തിലൂടെ കുളത്തിലെ നിഗൂഢതകള്‍ മാറ്റി ഒരിക്കലും വറ്റാത്ത ശുദ്ധജല സ്രോതസ്സായി ഹൈമവതിക്കുളത്തെ അധികൃതര്‍ മാറ്റിയിരുന്നു. കാട് മൂടിക്കിടന്ന ചിറയും പരിസരവും വിദ്യാര്‍ത്ഥി സൗഹൃദ നോളജ് പാര്ക്കാക്കുകയും സംസ്ഥാന കാലാവസ്ഥാ വ്യതിയാന വകുപ്പില്‍ നിന്ന് 15 ലക്ഷം ചെലവഴിച്ച് ചിറയും പരിസരവും നവീകരിക്കുകയും ചെയ്തു.
നവീകരണ ഘട്ടത്തില്‍ കരാറെടുത്തവര്‍ക്ക് ഏറെ ദുരിതങ്ങള്‍ നേരിടേണ്ടിവന്നു. പട്ടാപ്പകല്‍ പോലും ആരും കടന്നുചെല്ലാത്ത ഇവിടെ ജോലിക്ക് തദ്ദേശീയരായ തൊഴിലാളികള്‍ ആരും താല്പര്യം പ്രകടിപ്പിച്ചില്ല. തുടര്‍ന്ന് തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നുള്ള തൊഴിലാളികളെയാണ് ജോലിക്കായി നിയോഗിച്ചത്. ഓരോ ദിവസവും പണിക്കെത്തുന്ന തൊഴിലാളികള്‍ പണി ആരംഭിച്ച് അധികം വൈകാതെതന്നെ യക്ഷിക്കഥകള്‍ കേട്ട് പേടിച്ച് പണി ഉപേക്ഷിച്ച് പോയതിനാല്‍ ജോലിക്ക് ആളെ കിട്ടാതായതോടെ കരാറുകാരന് രണ്ട് ഹിറ്റാച്ചി എത്തിച്ച് പണികള്‍ തുടങ്ങിയെങ്കിലും ഏറെ വൈകാതെ അത് രണ്ടും കുളത്തിലെ ചെളിയില്‍ മുങ്ങിത്താണു തകരാറിലായി.
പിന്നീട് ഏറെ പണിപ്പെട്ടാണ് അവ രണ്ടും കരയ്ക്കെത്തിച്ചത്. രഹസ്യമായി പൂജാകര്‍മ്മങ്ങള്‍ നടത്തിയ ശേഷമാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനായത്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പറേഷനാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: