തൃക്കൊടിത്താനം: ചെല്ലംകുളങ്ങര ശാസ്താംകോയിക്കല്‍ ക്ഷേത്രത്തില്‍ ദേവീ വിഗ്രഹത്തില്‍ ചാര്‍ത്തിയ പ്രഭ മോഷണം നടത്തിയ പ്രതി പിടിയില്‍. തൃക്കൊടിത്താനം കോട്ടമുറി പാടത്തുംകുഴി പുതുപ്പറമ്പില്‍ രാജേഷ് (40) ആണ് പിടിയിലായത്. വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം.
ദേവീവിഗ്രഹത്തില്‍ ചാര്‍ത്തിയ ഏഴ് കിലോ വരുന്ന പ്രഭയാണ് മോഷണം പോയത്. പുലര്‍ച്ചെ 5.45ന് ക്ഷേത്രത്തിലെത്തിയ തിരുമേനി ക്ഷേത്ര നട തുറന്നു കിടക്കുന്ന വിവരം ക്ഷേത്രാപദേശക സമിതി ഭാരവാഹിയെ അറിയിച്ചു.
ക്ഷേത്രപരിസരത്ത് ഈ സമയം ഉണ്ടായിരുന്ന ഒരാളെ സംശയം തോന്നി ചോദ്യം ചെയ്തിരുന്നു. ഈ വിവരം ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയും ഇയാളുടെ ഫോട്ടോ കൈമാറുകയും ചെയ്തു. ഇതിനിടയില്‍ ഇയാള്‍ ബസില്‍ കയറി ഒന്നാം നമ്പര്‍ ബസ് സ്റ്റാന്‍ഡില്‍ എത്തുകയും ചെയ്തു. വിവരം ചങ്ങനാശ്ശേരി പോലീസിന് കൈമാറുകയും പോലീസ് എത്തി കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. പ്രതിയെ തൃക്കൊടിത്താനം പോലീസിനു കൈമാറി.
അടുത്തുള്ള തോട്ടില്‍ ഒളിപ്പിച്ചു വച്ച പ്രഭ കണ്ടെടുക്കുകയും ചെയ്തു പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രഭ ക്ഷേത്രത്തിന് അടുത്തുള്ള തോട്ടില്‍ ഒളിപ്പിച്ച ശേഷം വീണ്ടും ഇയാള്‍ ക്ഷേത്രത്തിലെത്തിയപ്പോഴാണ് ഭക്തരുടെ ശ്രദ്ധയില്‍പ്പെട്ടതും ചോദ്യം ചെയ്തതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: