കൊല്ലം: ജില്ലയിലെ കോണ്‍ഗ്രസിന് തലവേദനയായി സ്വയംപ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ പെരുകുന്നു. കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ മുതല്‍ ബ്ലോക്ക് പ്രസിഡന്റുമാര്‍ വരെ വോട്ടര്‍മാരെ കാണുന്ന തിരക്കിലാണ്. 11 സീറ്റില്‍ നാലെണ്ണം ഘടകകക്ഷികള്‍ക്ക് പോയി കഴിഞ്ഞാല്‍ ബാക്കിയുള്ള ഏഴുസീറ്റിലേക്കാണ് നൂറിലേറെ സ്ഥാനാര്‍ഥികള്‍ രംഗത്തുള്ളത്. സംസ്ഥാനതലത്തില്‍ യുഡിഎഫിലെ സീറ്റുചര്‍ച്ച പോലും തുടങ്ങുംമുന്പേ ഇവരെല്ലാം വോട്ട് തേടാന്‍ തുടങ്ങിയത് നേതൃത്വത്തെ വലയ്ക്കുന്നുണ്ട്. ഒപ്പം ഘടകകക്ഷികളില്‍ അമര്‍ഷവും പുകയുന്നു.
കൊല്ലം സീറ്റ് ഉറപ്പിച്ച് കൊണ്ട് ബിന്ദുകൃഷ്ണയും ശൂരനാട് രാജശേഖരനും മുന്നോട്ട് പോകുമ്പോള്‍ രണ്ടുപേരും രണ്ട് തവണ തോറ്റവരാണെന്ന് ആരോപിച്ച് വലിയ വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. ആര്‍എസ്പിയുടെ സീറ്റായ ഇരവിപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി ഒരു ഡസന്‍ പേരുണ്ട്. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.ഷാനവാസ്ഖാന്, എന്‍. അഴകേശന്, അന്‍സാര്‍ അസീസ് തുടങ്ങി ഡിസിസി ജനറല്‍ സെക്രട്ടറി വിപിനചന്ദ്രനും അഡ്വ.കെ.ബേബിസണും വരെ സീറ്റുമോഹികളായി രംഗത്തുണ്ട്.
ചാത്തന്നൂരില്‍ സ്ഥാനാര്‍ഥിയാകാന്‍ രംഗത്തുള്ള കെപിസിസി ജനറല്‍സെക്രട്ടറിയുടെ നീക്കങ്ങളെല്ലാം ഡിസിസി പ്രസിഡന്റ് ഇടപെട്ട് പൊളിച്ചിരുന്നു. സംസ്ഥാനനേതൃത്വത്തിന്റെ നിലപാടുകള്‍ ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ച് ഓരോരുത്തരുടെയും സ്ഥാനാര്‍ഥി മോഹം തല്ലിയൊതുക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ജില്ലാ നേതൃത്വം.
കോണ്‍ഗ്രസ് കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായ ചാത്തന്നൂരില്‍ പുതുമുഖമായിരിക്കും മത്സരിക്കുക എന്നാണ് സൂചന. കുണ്ടറയില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷവിഭാഗത്തിലെ സ്ഥാനാര്‍ഥി മതിയെന്ന പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതോടെ അരമനകള്‍ കയറിയിറങ്ങുകയാണ് ഈ മണ്ഡലം ലക്ഷ്യമിടുന്ന സ്ഥാനാര്‍ഥി മോഹികള്‍. ഇ. മേരിദാസനും പി. ജര്മിയാസുമാണ് മുന്നിലുള്ളത്.
കരുനാഗപ്പള്ളിയില്‍ യൂത്ത് നേതാവ് സി.ആര്. മഹേഷിന്റെ സ്ഥാനാര്‍ഥി മോഹം തല്ലികെടുത്താന്‍ അരഡസന്‍ പേരാണ് രംഗത്തുള്ളത്. കുന്നത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വേണമെന്ന ആവശ്യം ആര്‍എസ്പിയെ ചൊടിപ്പിച്ചേക്കും. ഉറപ്പില്ലാത്ത ഈ സീറ്റിനായി പോലും കോണ്‍ഗ്രസിലെ രണ്ട് നേതാക്കള്‍ മണ്ഡലത്തില്‍ രംഗത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ തവണ ലീഗ് മത്സരിച്ച പുനലൂര്‍ സീറ്റില്‍ മത്സരിക്കാന്‍ പുനലൂര്‍ മധുവും സൈമണ്‍ അലക്സുമാണ് രംഗത്തുള്ളത്.
പുനലൂരില്ലെങ്കില് പത്തനാപുരത്തിനും സൈമണ്‍ അലക്സ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇക്കുറി അതിശക്തനായ സ്ഥാനാര്‍ഥിയെ വച്ച് പത്തനാപുരം പിടിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അപ്പോഴും കോണ്‍ഗ്രസിലെ ഒരുവിഭാഗം രഹസ്യമായി ഗണേഷ് എംഎല്‍എയ്ക്ക് ഒപ്പമാണെന്നത് പാര്‍ട്ടിയെ വലയ്ക്കുകയാണ്. കൊട്ടാരക്കര ലക്ഷ്യമിട്ട് ഒരു കെപിസിസി ജനറല്‍സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷിന്റെ പിന്തുണയോടെ രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: