തിരുവനന്തപുരം : ഇനി ക്ഷേത്രഭരണം പിടിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്കി പാര്‍ട്ടി. ഇതുവഴി ബിജെപിയുടെ വളര്‍ച്ച തടയാനാകുമെന്നാണ് സിപിഎം നേതാക്കളുടെ വിലയിരുത്തല്‍.
ക്ഷേത്രഭരണ സമിതികളില്‍ സിപിഎം പ്രവര്‍ത്തകരെയോ അനുഭാവികളെ എത്തിച്ച് പാർട്ടി തീരുമാനം ഫലപ്രദമായി നടപ്പാക്കാനാണ് കീഴ്ഘടകങ്ങൾക്ക് ലഭിച്ച നിർദ്ദേശം. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ഇക്കാര്യം ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ബിജെപിയാണ് മുഖ്യ എതിരാളിയെന്നാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള സിപിഎം വിലയിരുത്തല്‍.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 35 മണ്ഡലങ്ങളിൽ ബിജെപി 25,000ല്‍ കൂടുതല്‍ വോട്ടുകള്‍ നേടി. തിരുവനന്തപുരത്തെ 11 നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്ക് വലിയ നേട്ടമാണ് ഉണ്ടായത്.
വർക്കല മുൻസിപ്പാലിറ്റിയിലും ചിറയൻകീഴ് താലൂക്കിലെ പല പഞ്ചായത്തുകളിലും ബിജെപി മുന്നേറി. തിരുവനന്തപുരത്തും കൊല്ലത്തും ബിജെപി മുന്നേറിയതിന് പിന്നിൽ സാമുദായിക ശക്തികളുടെ പിന്തുണയുണ്ടെന്നും സിപിഎം കരുതുന്നു. തൃശൂരില്‍ ഏഴും കൊല്ലത്തും പാലക്കാട്ടും ആറുവീതവും കാസര്‍കോട് മൂന്നും കോഴിക്കോട് രണ്ടും നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിയുടെ നേട്ടം വ്യക്തമാണ്. ഇത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ ബാധിക്കും. കോൺഗ്രസല്ല ബിജെപിയാണ് മുഖ്യ എതിരാളിയെന്ന സന്ദേശമാണ് സിപിഎം നല്‍കുന്നത്.
ഹിന്ദു ഭക്തരുടെ മനസ്സിൽ ബിജെപിയുടെ വര്‍ധിച്ചുവരുന്ന സ്വാധീനം ഇല്ലാതാക്കേണ്ടത് സിപിഎം വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്ന കണ്ടെത്തലാണ് ക്ഷേത്രങ്ങളുടെ ഭരണം പിടിച്ചടക്കണമെന്ന് കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നല്‍കിയതിന്റെ പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: