വാഷിങ്ടൺ: ഇന്ത്യയിലെ നരേന്ദ്രമോദി സർക്കാർ അടുത്തിടെ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾ കർഷകരുടെ വരുമാനം ഉയർത്തുമെന്ന് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ്. അതേസമയം, ദുർബലരായ കർഷകർക്ക് ഒരു സാമൂഹിക സുരക്ഷാ വലയം ആവശ്യമാണെന്നും ഗീത ഗോപിനാഥ് പറഞ്ഞു. ഇന്ത്യൻ കാർഷിക മേഖലയ്ക്ക് പുതിയ പരിഷ്കാരങ്ങൾ ആവശ്യമാണെന്നും അവർ പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെ കൃഷിയുമായി ബന്ധപ്പെട്ട പല മേഖലയിലും പരിഷ്കരണം വേണം. ഇപ്പോഴത്തെ കാര്‍ഷിക നിയമങ്ങള്‍ വിപണനവുമായി ബന്ധപ്പെട്ടതാണ്. കര്‍ഷകരുടെ വിപണി വിശാലമാക്കുന്നതാണ് അത്. മണ്ഡികള്‍ക്കു പുറത്തും വിളകള്‍ വില്ക്കാന് ഇതിലൂടെ കഴിയും. അതുകൊണ്ടുതന്നെ കര്‍ഷകരുടെ വരുമാനം ഉയര്‍ത്താന്‍ പര്യാപ്തമാണ് പുതിയ നിയമങ്ങളെന്ന് ഗീതാ ഗോപിനാഥ് പറഞ്ഞു.
ഓരോ പുതിയ പരിഷ്കരണം വരുമ്ബോഴും ‘മാറ്റത്തിന്റെ വിലകള്‍’ കൊടുക്കേണ്ടിവരാറുണ്ട്. അതുകൊണ്ട് എളുപ്പം നഷ്ടത്തിലേക്കു വീണുപോവാവുന്ന കൃഷിക്കാരുടെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. അവര്‍ സാമൂഹ്യ സുരക്ഷാ ശൃംഖലയില്‍ വരുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് കരുതുന്നതെന്ന് ഗീതാ ഗോപിനാഥ് പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്ത് കര്‍ഷകര്‍ നടത്തുന്ന സമരം കഴിഞ്ഞ ദിവസം പതിവു വിട്ട് സംഘര്‍ഷത്തില്‍ എത്തിയിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയിലേക്കു കര്‍ഷകര്‍ നടത്തിയ ട്രാക്റ്റര്‍ റാലിയിലാണ് സംഘര്‍ഷമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: