തിരുവനന്തപുരം: പത്മശ്രീ ലഭിച്ചവരുടെ ലിസ്റ്റില്‍ ഇക്കുറി കടന്നുവന്ന ബാലന് പൂതേരി ശാരീരിക പരിമിതകള്‍ ഉല്ലംഘിച്ച് ആത്മീയ പുസ്തകങ്ങള്‍ രചിച്ച ഗ്രന്ഥകാരന്.
ക്ഷേത്രാചാരങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍, പിതൃകര്‍മ്മങ്ങള്‍, സന്ധ്യാവന്ദനങ്ങള്‍, ഭാഗവതം-ഭഗവദ്ഗീത-മഹാഭാരത വ്യഖ്യാനങ്ങള്‍ എന്നിങ്ങനെ അസംഖ്യം ഗ്രന്ഥങ്ങളുെട രചന നിര്‍വ്വഹിച്ച ബാലന് പൂതേരി ഹൈന്ദവസംസ്കാരത്തിന്റെ നാരായവേരുകളും ശാഖോപശാഖകളും തിരഞ്ഞ ആത്മീയയാത്രികന്‍ കൂടിയാണ്. 18 വര്‍ഷങ്ങളായി കാഴ്ച നഷ്ടപ്പെട്ടിട്ടും ഉള്‍ക്കണ്ണിന്റെ പ്രകാശത്തില്‍ അദ്ദേഹം ഇന്നും ഗ്രന്ഥങ്ങള്‍ രചിക്കുന്നു. കേരളത്തിലെ പുസ്തകോത്സവങ്ങളിലെല്ലാം നിത്യസാന്നിദ്യമാണ് ബാലന് പൂതേരി. അദ്ദേഹം തന്നെയാണ് തന്റെ പുസ്തകങ്ങളുടെ രചനയും അച്ചടിയും വില്പനയും ഡിസൈനിങും ഉള്‍പ്പെടെ എല്ലാം നിര്‍വ്വഹിക്കുന്നത്.
ജനിച്ചത് തന്നെ പാതി അന്ധതയോടെയാണ്. വലതുകണ്ണിന് കാഴ്ചക്കുറവ്. ഇടതുകണ്ണിനാണെങ്കില് പരിമിതമായ കാഴ്ച മാത്രം. ഒരു കാലയളവിന് ശേഷം കാഴ്ച തീരെ നഷ്ടമായി. പ്രതിസന്ധികളെ അതിജീവിച്ച് സര്ഗ്ഗസൃഷ്ടികളില് വ്യാപരിച്ചതിന്റെ അംഗീകാരമായാണ് പത്മശ്രീ നല്കാന് തീരുമാനമായത്.
ഒരു ഘട്ടത്തില്‍ ശാരീരികമായ പരിമിതികള്‍ ഏറിയപ്പോള്‍ കൂട്ടുകാരും ഉറ്റവരും അദ്ദേഹത്തെ ഉപേക്ഷിച്ചിരുന്നു. ഏകാന്തതയും നിസ്സഹായതയും അസഹ്യമായപ്പോള്‍ അദ്ദേഹം ഭക്തിയില്‍ അഭയം തേടി. പിന്നീട് ഗുരുവായൂരിലായിരുന്നു അഭയം തേടിയത്. അവിടെ കൃഷ്ണനെ ഭജിച്ച് അദ്ദേഹം നഷ്ടമായ ഊര്‍ജ്ജം വീണ്ടെടുത്തു. വീണ്ടും പുസ്തകരചനയിലേക്ക്. ക്രമേണ ദൈവം തന്നെ അദ്ദേഹത്തിന് സഹായികളെ എത്തിച്ചു. പറഞ്ഞുകൊടുക്കുന്നത് കുറിക്കാന്‍ ആളായി. അതോടെ വീണ്ടും പുസ്തക രചന സജീവമായി. ഇപ്പോള്‍ 250 പുസ്തകങ്ങളോളം അദ്ദേഹത്തിന്റേതായുണ്ട്.
ഭക്തിയും ആത്മീയചിന്തകളും സാധാരണക്കാരിലേക്ക് തന്റെ പുസ്തകങ്ങളിലൂടെ പ്രസരിപ്പിച്ചതാണ് ബാലന് പൂതേരിയുടെ പ്രസക്തി. ചെറിയ വിലയുള്ള ഈ പുസ്തകങ്ങളിലെല്ലാം ആറ്റിക്കുറുക്കിയ ജ്ഞാനസത്തയാണ് അദ്ദേഹം പകര്‍ന്നിരിക്കുന്നത്. അതുകൊണ്ടാണ് തന്നെ ജനം ആ പൂസ്തകങ്ങള്‍ പൂര്‍ണ്ണമനസ്സോടെ ഏറ്റെടുത്തു. കഷ്ടപ്പാടുകള്‍ നിറഞ്ഞ സംസാരസാഗരം നീന്താന്‍ സാധാരണക്കാരന് വെളിച്ചവും കരുത്തുമേകി എന്നത് തന്നെയാണ് ബാലന് പൂതേരിയുടെ പ്രസക്തി.
പതിവ് അക്കാദമിക അളവുകോലുകള്‍ വെച്ച് ബാലന് പൂതേരിയെ അളക്കാനാവില്ല. അതിനും അപ്പുറത്താണ് അദ്ദേഹത്തിന്റെ ജ്ഞാനതപസ്സും സൃഷ്ട്യുന്മുഖതയും. എത്രപേര്‍ക്ക് ആത്മീയസൗഖ്യവും ജ്ഞാനമോക്ഷവും നല്കി എന്നിടത്താണ് ബാലന്‍പൂതേരി വ്യത്യസ്തനാവുന്നത്. ഒരു പക്ഷേ, സൃഷ്ടിയുടെ അനന്യതയേക്കാള് ശാരീരികക്ലേശങ്ങള്‍ക്ക് കുറുകെ നീന്തി, ആയിരങ്ങള്‍ക്ക് വഴികാട്ടിയായ ജ്ഞാനതപസ്വി എന്ന നിലയ്ക്കായിരിക്കാം അവാര്‍ഡ് സമിതി അദ്ദേഹത്തെ പുരസ്കാരത്തിന് തിരഞ്ഞെടുത്തിരിക്കുക.
മലപ്പുറം കൊണ്ടോട്ടി കരിപ്പൂരിലാണ് അദ്ദേഹം ജീവിക്കുന്നത്. അവിടെ ഇപ്പോള്‍ അഗതികള്‍ക്ക് ആശ്രയമായി ശ്രീകൃഷ്ണസേവാശ്രമം എന്ന പേരില്‍ ഒരു ധര്‍മ്മസ്ഥാപനവും അദ്ദേഹം നടത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: