ന്യൂഡല്‍ഹി: ലൈഫ് മിഷന് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ സിബിഐക്കും കേന്ദ്രസര്‍ക്കാരിനും സുപ്രീംകോടതിയുടെ നോട്ടിസ്. ഒരു മാസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഫെഡറല്‍ സംവിധാനത്തെ ചോദ്യം ചെയ്യുന്നതാണ് സിബിഐ അന്വേഷണമെന്ന് ആരോപിച്ചാണ് ഹര്‍ജി. സംസ്ഥാന സര്‍ക്കാരിന്റെ പ്രാഥമിക വാദം ഇന്ന് സുപ്രീംകോടതിയില്‍ നടന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ടവര്‍ക്ക് നോട്ടിസ് നല്‍കിയത്.
കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനും സിബിഐ അന്വേഷണത്തിനും ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന് ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. സ്വകാര്യ കമ്പനിയായ യൂണിടാകും യുഎഇയിലെ റെഡ് ക്രസന്റും തമ്മിലാണ് പണമിടപാട് നടന്നതെന്ന് ഇന്നത്തെ വാദത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇതില്‍ സംസ്ഥാന സര്‍ക്കാരിനോ, ലൈഫ് മിഷനോ പങ്കില്ല. അതുകൊണ്ട് വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരമുള്ള കേസ് നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.
യൂണിടാക് കോഴ നല്‍കിയിട്ടുണ്ടെന്ന ആരോപണത്തില്‍ സംസ്ഥാന പൊലീസും വിജിലന്‍സും അന്വേഷണം നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോ കോടതി ഉത്തരവോ ഇല്ലാതെ സിബിഐ സ്വമേധയാ കേസ് എടുത്ത് അന്വേഷിക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും സര്‍ക്കാര്‍ വാദിച്ചു. സര്‍ക്കാര്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ് പണം സ്വീകരിച്ചതെന്നും അതിനാല്‍ സര്‍ക്കാരിനോ, ലൈഫ് മിഷനോ പങ്കില്ലെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നു കോടതി ആരാഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: