ന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്ഷിക ആഘോഷ ചടങ്ങില്‍ സംസാരിക്കാന്‍ വിസമ്മതിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ നിശിതമായി വിമര്‍ശിച്ച് ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ്. ‘കാള ചുവപ്പു തുണിക്കഷണം കാണുന്നതുപോലെയാണ്’ മമതയ്ക്ക് ‘ജയ് ശ്രീറാം’ വിളികളെന്ന് അദ്ദേഹം പറഞ്ഞു. ഇതുകാരണമാണ് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അവര്‍ പ്രസംഗം അവസാനിപ്പിച്ചതെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം ‘ജയ് ശ്രീറാം’ എന്നെഴുതിയ ഒരുലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ മമതാ ബാനര്‍ജിക്ക് അയയ്ക്കുമെന്ന് ബിജെപിയുടെ തേജീന്ദര്‍ പാല് സിംഗ് ബഗ്ഗ ട്വീറ്റ് ചെയ്തു.കൊല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയല്‍ ഹാളില്‍ ശനിയാഴ്ച കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച ചടങ്ങിലാണ് മമതാ ബാനര്‍ജി 30 സെക്കന്റുകള്‍കൊണ്ട് പ്രസംഗം അവസാനിപ്പിച്ചത്. താന്‍ പ്രസംഗിക്കാനായി എത്തിയപ്പോള്‍ സദസില്‍നിന്ന് ‘ജയ് ശ്രീറാം’ വിളികള്‍ ഉയര്‍ന്നതാണ് മമതയെ ചൊടിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും ഈ സമയം വേദിയിലുണ്ടായിരുന്നു. പരിപാടി ഏതെങ്കിലും പാര്‍ട്ടിയുടേതല്ല, സര്‍ക്കാരിന്റേതാണെന്നായിരുന്നു മമതയുടെ പ്രതികരണം. മാന്യത കാണിക്കണം. ക്ഷണിച്ചുവരുത്തി അപമാനിക്കരുതെന്ന് പറഞ്ഞ അവര്‍ കൊല്‍ക്കത്തയില്‍ പരിപാടി സംഘടിപ്പിച്ചതിന് പ്രധാനമന്ത്രിക്കും സംസ്കാരിക മന്ത്രാലയത്തിനും നന്ദി അറിയിച്ച് വാക്കുകള്‍ അവസാനിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: