തിരുവനന്തപുരം: 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ 2,67,31,509 വോട്ടര്‍മാരാണുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കരട് വോട്ടര്‍പട്ടികയില്‍ 2,63,08,087 വോട്ടര്‍മാരാണുണ്ടായിരുന്നത്. ഇതില്‍നിന്ന് ഇരട്ടിപ്പ്, മരിച്ചവര്‍, താമസം മാറിയവര്‍ തുടങ്ങി 1,56,413 പേരെ ഒഴിവാക്കി. പുതുതായി 5,79,835 പേരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുതുക്കിയ പട്ടികയില്‍ 1,37,79,263 സ്ത്രീ വോട്ടര്‍മാരും 1,29,52,025 പുരുഷവോട്ടര്‍മാരും 221 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്.ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള ജില്ല മലപ്പുറമാണ്- 3,21,49,43 പേര്. കുറവ് വോട്ടര്‍മാരുള്ള ജില്ല വയനാടാണ്- 6,07,068 പേര്. കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ള ജില്ലയും മലപ്പുറമാണ്- 16,07,004 പേര്. കൂടുതല്‍ ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുള്ളത് തിരുവനന്തപുരത്താണ്- 57 പേര്.
80 വയസിനു മുകളില്‍ പ്രായമുള്ള 6,21,401 വോട്ടര്‍മാരുണ്ട്. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 1,33,005 പേര് വോട്ടര്‍പട്ടികയിലുണ്ട്. 56,759 സര്‍വീസ് വോട്ടര്‍മാരും 90,709 എന്‍.ആര്.ഐ വോട്ടര്‍മാരുമാണ് പുതുക്കിയ പട്ടികയിലുള്ളത്. കൂടുതല്‍ എന്‍.ആര്.ഐ വോട്ടര്‍മാര്‍ കോഴിക്കോട്ടാണുള്ളത്- 34,216 പേര്. 18-19 പ്രായത്തിലുള്ള കന്നിവോട്ടര്‍മാരുടെ എണ്ണം 2,99,258 ആണ്. കൂടുതല്‍ കന്നിവോട്ടര്‍മാരുള്ളത് കോഴിക്കോട്ടാണ്- 40,867.
2020 ലെ വോട്ടര്‍പട്ടികപ്രകാരം ജനസംഖ്യയുടെ 75.73 ശതമാനമായിരുന്നു വോട്ടര്‍മാര്‍. ഇത്തവണ അത് 76.55 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ 25,041 പോളിംഗ് സ്റ്റേഷനുകളുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി 1000 വോട്ടര്‍മാരായിരിക്കും ഒരു പോളിംഗ് സ്റ്റേഷനിലുണ്ടാവുക. 1000ല്‍ കൂടുതല്‍ വരുന്ന പോളിംഗ് സ്റ്റേഷനുകള്‍ക്ക് ഓക്സിലറി പോളിംഗ് സ്റ്റേഷനുകള്‍ രൂപീകരിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 15,730 ഓക്സിലറി പോളിംഗ് സ്റ്റേഷനുകള്‍ കൂടി ക്രമീകരിക്കും. ഇതോടെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 40,771 ആകും.
പുതുക്കിയ വോട്ടര്‍പട്ടിക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും (www.ceo.kerala.gov.in), താലൂക്ക് ഓഫീസുകള്‍, വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളിലും ബൂത്ത് ലെവല്‍ ഓഫീസര്‍ (ബി.എല്‍.ഒ) മാരില്‍നിന്നും പരിശോധിക്കാവുന്നതാണ്.
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും വോട്ടര്‍മാര്‍ക്ക് അനുവദനീയമായ മാറ്റങ്ങള്‍ വരുത്താനും www.nvsp.in ലൂടെ ഓണ്‍ലൈനായി ഇനിയും അപേക്ഷിക്കാവുന്നതാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. ജനുവരി ഒന്നുമുതല്‍ ലഭിച്ച അപേക്ഷകള്‍ പരിഗണിച്ച് യോഗ്യമായവ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള തീയതിക്ക് 10 ദിവസം മുമ്പ് സപ്ലിമെന്ററി പട്ടികയായി പ്രസിദ്ധീകരിക്കും.
വോട്ടര്‍പട്ടിക പരിശോധിച്ച് പേര് ഉണ്ടെന്ന് സമ്മതിദായകര്‍ ഉറപ്പുവരുത്തണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: