തിരുവനന്തപുരം: സംസ്ഥാന വിജിലന്‍സ് എഴുതിത്തള്ളിയ അഴിമതിക്കേസില്‍ കശുവണ്ടി വികസന കോര്പ്പറേഷന് മുന്‍ എംഡി കെ.എ. രതീഷടക്കം മൂന്നു പ്രതികള്‍ക്കെതിരെ സിബിഐ തിരുവനന്തപുരം സിബിഐ സ്പെഷ്യല്‍ കോടതിയില്‍ കുറ്റപത്രം നല്കി. രതീഷിനെക്കൂടാതെ ഐഎന്‍ടിയുസി നേതാവ് ആര്. ചന്ദ്രശേഖരന്, കരാറുകാരന് ജെയ്മോന് ജോസഫ് എന്നിവര്‍ ഒന്നു മുതല്‍ മൂന്നു വരെ പ്രതികളാണ്. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 19 പ്രകാരം സിബിഐ പ്രോസിക്യൂഷന് അനുമതി തേടിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. തുടര്‍ന്ന് അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ കുറവ് ചെയ്ത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ വകുപ്പുകള്‍ ചുമത്തിയാണ്കുറ്റപത്രം നല്‍കിയത്.
കുറ്റപത്രത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമുള്ള വകുപ്പുകളില്‍ സെഷന്‍സ് കോടതി വിചാരണ ചെയ്യേണ്ടതില്ലാത്തതിനാല്‍ മജിസ്ട്രേട്ട് കോടതി വിചാരണ ചെയ്യേണ്ട കേസാണെന്ന് സിബിഐ ജഡ്ജി കെ. സനില്‍കുമാര്‍ നിരീക്ഷിച്ചു. കേസ് വിചാരണയ്ക്കായി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലേക്ക് അയക്കാന്‍ ഉത്തരവിട്ടു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വാധീനത്താല്‍ പ്രതികള്‍ക്ക് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്കി 2019 ല്‍ എഴുതിത്തള്ളിയിരുന്നു. തെളിവില്ലെന്ന കാരണം കാട്ടി തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റഫര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൂടുതല്‍ മെച്ചപ്പെട്ട തെളിവില്ലായെന്ന കാരണം ചൂണ്ടിക്കാട്ടി കേസ് എഴുതിത്തള്ളുകയായിരുന്നു.
2015ലെ ഓണക്കാലത്ത് നിലവാരമില്ലാത്ത കശുവണ്ടി ടെന്‍ഡര്‍ നടപടിക്രമം ലംഘിച്ച് കുത്തക കമ്പനിയായ ജെ.എം.ജെ കമ്പനി മുഖേന ഇറക്കുമതി ചെയ്തതില്‍ 2.86 കോടി രൂപയുടെ നഷ്ടം കശുവണ്ടി വികസന കോര്പ്പറേഷന് വരുത്തിയെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: